scorecardresearch

കേരളത്തില്‍നിന്ന് 10 പേര്‍ക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍

കൊച്ചി സിറ്റി പൊലീസ് കമ്മിഷണറാണ് ഐ ജി നാഗരാജു ചക്കിലം. ബി കൃഷ്ണകുമാര്‍ ആഭ്യന്തര സുരക്ഷാ വിഭാഗം എസ്പിയാണ്

Republic day 2022, President's police medal, Ram Nath Kovind, ie malayalam

തിരുവനന്തപുരം: സ്ത്യുത്യര്‍ഹ സേവനത്തിനുളള രാഷ്ട്രപതിയുടെ ഇക്കൊല്ലത്തെ പൊലീസ് മെഡലിന് അര്‍ഹരായി കേരളത്തില്‍നിന്ന് 10 ഉദ്യോഗസ്ഥര്‍. ഐ ജി നാഗരാജു ചക്കിലം, എസ്പിമാരായ ബി കൃഷ്ണകുമാര്‍, ജയശങ്കര്‍ ആര്‍, ഡിവൈ എസ് പിമാരായ കെ എച്ച് മുഹമ്മദ് കബീര്‍ റാവുത്തര്‍, കെ ആര്‍ വേണുഗോപാലന്‍, ഗോപാലകൃഷ്ണന്‍ എം കെ, ഡെപ്യൂട്ടി കമാണ്ടന്റ് ടി പി ശ്യാംസുന്ദര്‍, സബ് ഇന്‍സ്‌പെക്ടര്‍ സാജന്‍ കെ ജോര്‍ജ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ശശികുമാര്‍ എല്‍, ഷീബ എ കെ എന്നിവരാണ് മെഡലിന് അര്‍ഹരായത്.

കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായ ഐ ജി നാഗരാജു ചക്കിലം, സി ബി ഐയില്‍ ഡി ഐ ജിയായിരിക്കെ ബാങ്കിങ് മേഖലയിലെ വിവിധ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിച്ച് തെളിയിച്ചു. പൊലീസ് ആസ്ഥാനത്തെ ഡി ഐ ജിയായിരുന്നു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി, തിരുവനന്തപുരം സിറ്റി ക്രമസമാധാനവിഭാഗം ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ടെലികമ്യൂണിക്കേഷന്‍, റെയില്‍വേ എസ്പിയായും സേവനമനുഷ്ഠിച്ചു.

ബി കൃഷ്ണകുമാര്‍ നിലവില്‍ ആഭ്യന്തര സുരക്ഷാ എസ്പിയാണ്. സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് ആസ്ഥാനത്തെ എക്‌സ്ട്രിമിസ്റ്റ് സെല്ലില്‍ ഡിവൈ എസ് പിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2012 ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ലഭിച്ചിരുന്നു.

വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ദക്ഷിണമേഖലാ എസ് പിയാണ് ജയശങ്കര്‍ ആര്‍. തിരുവനന്തപുരം, കൊല്ലം വിജിലന്‍സ് യൂണിറ്റുകളിലും കൊല്ലം ക്രൈംബ്രാഞ്ചിലും ഡിവൈ എസ് പിയായി ജോലി ചെയ്തിട്ടുണ്ട്.

ഇടുക്കി അഡീഷണല്‍ എസ് പിയായ കെ എച്ച് മുഹമ്മദ് കബീര്‍ റാവുത്തര്‍ പാലക്കാട്, കോഴിക്കോട് സിറ്റി എന്നിവിടങ്ങളില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ എസ് പിയായിരുന്നു. വിജിലന്‍സ്, നാര്‍ക്കോട്ടിക് സെല്‍, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിലും ഇതേ പദവി വഹിച്ച അദ്ദേഹത്തിനു 2018 ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ലഭിച്ചിരുന്നു.

Also Read: തെളിയുമോ ഗൂഢാലോചന? ദിലീപിനെ ചോദ്യം ചെയ്യുന്നത് അവസാന മണിക്കൂറുകളിലേക്ക്

കെ ആര്‍ വേണുഗോപാലന്‍ ഡെപ്യൂട്ടേഷനില്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ വിജിലന്‍സ് ഓഫീസറായി പ്രവര്‍ത്തിക്കുകയാണ്. എറണാകുളം വിജിലന്‍സ് സ്‌പെഷല്‍ സെല്ലില്‍ ഡിവൈ എസ് പിയായിരുന്നു.

തൃശൂര്‍ സിറ്റി സ്‌പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണറായ ഗോപാലകൃഷ്ണന്‍ എം കെയ്ക്കു 2012 ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ലഭിച്ചിരുന്നു. പാലക്കാട്, വയനാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ ഡിവൈ എസ്പിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കെ എ പി നാലാം ബറ്റാലിയന്‍ ഡപ്യൂട്ടി കമാണ്ടന്റാണ് ടി പി ശ്യാം സുന്ദര്‍. സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് ഡെപ്യൂട്ടി കമാണ്ടന്റിന്റെ അധികചുമതലയും വഹിക്കുന്നു. എസ് ബി സി ഐ ഡി സെക്യൂരിറ്റി, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, സ്റ്റേറ്റ് റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്, ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. 2005 ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ലഭിച്ചു.

സബ് ഇന്‍സ്‌പെക്ടറായ സാജന്‍ കെ ജോര്‍ജ് നിലവില്‍ എറണാകുളം റൂറല്‍ ജില്ലാ സ്‌പെഷല്‍ ബ്രാഞ്ചില്‍ ജോലി ചെയ്യുകയാണ്. ഏഴ് വര്‍ഷം നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ കൊച്ചി യൂണിറ്റില്‍ ജോലി നോക്കിയിട്ടുണ്ട്. 2021 ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ലഭിച്ചിരുന്നു.

അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായ ശശികുമാര്‍ എല്‍, തിരുവനന്തപുരം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ ജോലി ചെയ്യുന്നു. 2009 ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ലഭിച്ചിരുന്നു.

പുതുക്കാട് സ്റ്റേഷനില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറാണ് ഷീബ.എ.കെ. 2018 ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ലഭിച്ചിരുന്നു.

സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ വിനോദ് കുമാര്‍ ടി., സതേ കുമാര്‍ എ എന്നിവര്‍ക്കു അതിവിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ ഫയര്‍ സര്‍വീസ് മെഡല്‍ ലഭിച്ചു.

അശോകന്‍ കെ വി (സ്റ്റേഷന്‍ ഓഫീസര്‍), സനിലാല്‍ എസ് (സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍), രാമന്‍കുട്ടി പി കെ. (ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍) എന്നിവര്‍ക്കു സ്ത്യുത്യര്‍ഹ സേവനത്തിനുള്ള ഫയര്‍ സര്‍വീസ് മെഡലിന് അര്‍ഹരായി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Republic day 2022 10 kerala police officers selected for presidents medal

Best of Express