തൃശൂർ: പീച്ചി ഡാമിലെ സ്ലൂയിസ് വാൽവിൽ രൂപപ്പെട്ട ചോർച്ച പരിഹരിച്ചു. സ്ലൂയിസ് വാൽവിലെ തകരാർ മൂലം തിങ്കൾ ഉച്ചയ്ക്കു 3.12 ന് ആരംഭിച്ച ചോർച്ചയാണ് അവസാനിച്ചത്.

കഴിഞ്ഞ അഞ്ച് ദിവസമായി ഡാമിൽ അറ്റകുറ്റപണികൾ നടക്കുകയായിരുന്നു. നാവികസേനയുടെ ദക്ഷിണ കമാൻഡോ സംഘവും മുങ്ങൽ വിദഗ്‌ധരുമാണ് ദൗത്യത്തിനു മേൽനോട്ടം വഹിച്ചത്. സ്ലൂയിസ് വാൽവിലെ ജലചോർച്ച പരിഹരിക്കാൻ എമർജൻസി ഷട്ടർ വഴി വെള്ളമൊഴുക്കുകയായിരുന്നു.

ഡാമിലെ അറ്റകുറ്റപണികൾക്കിടെ (ചിത്രം:പിഐബി)

 

ഇന്നലെയാണ് എമർജൻസി ഷട്ടർ അടച്ചത്. ഡാമിനുള്ളിലെ സ്ലൂയിസ് ഗേറ്റിൽ 20 മീറ്റർ താഴ്‌ചയിൽ നാല് മീറ്റർ ദൂരം വിടവുണ്ടായിരുന്നു. ഇതിലൂടെയാണ് ഓവർഫ്ലോ രൂപപ്പെട്ടത്. മൂന്ന് ടൺ ഭാരമുള്ള എമർജൻസി ഷട്ടറിനു മുകളിൽ 500 കിലോഗ്രാം ഭാരം കയറ്റിയാണ് വിടവ് അടയ്‌ക്കാൻ ശ്രമിച്ചത്.

ഇറിഗേഷൻ വിഭാഗവും കെഎസ്‌ഇബിയും കൂടി സഹകരിച്ചാണ് വിടവ് അടയ്‌ക്കൽ ശ്രമകരമാക്കിയത്. വളരെ ഭാരപ്പെട്ടതും പ്രയാസകരവുമായ ഉദ്യമമായിരുന്നു ഇത്. ജില്ലാ കലക്‌ടർ എം.ഐ.ഷാനവാസ് അറ്റകുറ്റപണികൾക്ക് നേതൃത്വം നൽകിയ ദക്ഷിണ മേഖലാ നേവി സംഘത്തിനു നന്ദി രേഖപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.