കൊച്ചി: ഇനി ട്രെയിനിറങ്ങി റെയിൽവേ സ്റ്റേഷനിൽ ഓട്ടോറിക്ഷയും ടാക്സിയും കാത്തു നിന്ന് സമയം കളയേണ്ട്. യാത്രക്കാർക്ക് റെയിൽ‌വേ സ്റ്റേഷൻ പരിസരത്ത് നിന്ന് സ്വന്തമായി ഡ്രൈവ് ചെയ്ത് പോകാൻ റെന്റ് എ കാർ സംവിധാനമൊരുക്കിയിരിക്കുകയാണ് ഇൻഡസ്‌ഗോ എന്ന സ്വകാര്യ കമ്പനി. തിരുവനന്തപുരം സെൻട്രൽ, എറണാകുളം ടൗൺ, എറണാകുളം ജംഗ്ഷൻ, തൃശ്ശൂർ എന്നീ നാല് റെയിൽവേ സ്റ്റേഷനുകളിലാണ് ബുധനാഴ്ച ഈ സംവിധാനം ആരംഭിച്ചത്. പദ്ധതി വിജയകരമാവുകയാണെങ്കിൽ, അത് സംസ്ഥാനത്തെ മറ്റ് റെയിൽവേ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കും.

ഐ‌ആർ‌ടി‌എസ്, തിരുവനന്തപുരം ഡിവിഷൻ ശ്രീ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ രാജേഷ് ചന്ദ്രൻ, അജയ് കൗശിക് എന്നിവർ ചേർന്ന് ബുധനാഴ്ച രാവിലെ 11 ന് സ്റ്റേഷനിൽ നിന്ന് ആദ്യത്തെ സർവീസ് ഫ്ലാഗുചെയ്തു.

രാജ്യത്തെ മുൻനിര മാരുതി ഡീലർഷിപ്പുകളിലൊന്നായ ഇൻഡസ് മോട്ടോഴ്‌സിന്റെ സഹോദര സ്ഥാപനമായ ഇൻഡസ്ഗോ പ്രൈവറ്റ് ലിമിറ്റഡാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.

Read More: ചെലവന്നൂർ കായലിൽ 144 അനധികൃത കയ്യേറ്റങ്ങൾ കണ്ടെത്തി; കൂട്ടത്തിൽ പ്രമുഖരും

ഉപഭോക്താക്കൾക്ക് കമ്പനി വെബ്‌സൈറ്റിൽ ഓൺലാനായി ബുക്ക് ചെയ്യുകയും പൈസ അടയ്ക്കുകയും ചെയ്യാം. അല്ലെങ്കിൽ റെയിൽവേ സ്റ്റേഷനിലെ ഉദ്യോഗസ്ഥരുമായി നേരിട്ട് ബന്ധപ്പെടാം. ഇന്ധന, ഇന്ധനേതര പാക്കേജുകളുണ്ട്. കൂടാതെ ഹാച്ച്ബാക്കുകൾ, സെഡാനുകൾ, എസ്‌യുവികൾ തുടങ്ങി എല്ലാം ഇതിൽ ഉൾപ്പെടുന്നു. ഉപയോഗത്തിന് ശേഷം, റെയിൽ‌വേ സ്റ്റേഷനിലോ നഗരങ്ങളിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിലോ കാറുകൾ എത്തിക്കാവുന്നതാണ്.

“യാത്രക്കാർക്ക് അധിക സൗകര്യങ്ങൾ നൽകുന്നതിന്റെ ഭാഗമാണിത്. ഇടങ്ങൾ മെച്ചപ്പെടുത്തുന്നതിനും സേവനങ്ങൾ നൽകുന്നതിനുമുള്ള പുതിയ ആശയങ്ങളെക്കുറിച്ച് ഞങ്ങൾ നിരന്തരം ചിന്തിക്കുന്നുണ്ട്. ഇത് അതിന്റെ ഭാഗമാണ്. ഇപ്പോൾ ഇത് നാല് സ്റ്റേഷനുകളിലാണ് സംവിധാനത്തിന് തുടക്കമിട്ടിരിക്കുന്നത്,” റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രീ-ഓതറൈസ്ഡ് ക്രെഡിറ്റ് കാർഡുള്ള ഉപഭോക്താക്കൾക്ക് കാറിലെ സെക്യൂരിറ്റി നിക്ഷേപം ഒഴിവാക്കാൻ അവസരമുണ്ടെന്ന് ഇൻഡസ്ഗോ അധികൃതർ പറഞ്ഞു. മറ്റുള്ളവർ 5000 മുൻകൂട്ടി നൽകണം. ഇത് തിരിച്ചു കിട്ടുന്ന തുടകയാണ്. അഞ്ച് മണിക്കൂർ ദൈർഘ്യത്തിൽ മണിക്കൂറിന് 60 രൂപയാണ് വാടക നിരക്ക്. ഒരു ദിവസത്തെ ഏറ്റവും കുറഞ്ഞ വാടക 1000 രൂപയാണ്. കൂടുതൽ കാലം വാടകയ്ക്ക് എടുക്കുന്നവർക്ക് ഇന്ധനം ഉൾപ്പെടെയുള്ള പാക്കേജുകൾ ലഭ്യമാണ്.

“തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ എന്നിവിടങ്ങളിൽ നിലവിൽ വാടക സേവനങ്ങൾ ഉണ്ട്. ഞങ്ങൾക്ക് ചെന്നൈയിലും സേവനങ്ങളുണ്ട്. ഇന്ത്യയിലെ ഞങ്ങൾക്ക് 300 ഓളം വാഹനങ്ങളാണുള്ളതെ”ന്ന് ഇൻഡസ്ഗോയുടെ മാർക്കറ്റിംഗ് മാനേജർ സൈമൺ റോജർ പറഞ്ഞു.

ഓരോ റെയിൽ‌വേ സ്റ്റേഷൻ പാർക്കിംഗ് സ്ഥലത്തും ഒരേസമയം അഞ്ച് വാഹനങ്ങൾ സ്റ്റാൻഡ്‌ബൈയിൽ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.