കോഴിക്കോട്: പ്രമുഖ ഫൊട്ടോഗ്രാഫർ പുനലൂർ രാജൻ അന്തരിച്ചു. 81 വയസായിരുന്നു. ശനിയാഴ്ച പുലർച്ചെ 1.40 ഓടെ ആയിരുന്നു അന്ത്യം. കേരള രാഷ്ട്രീയ-സാമൂഹിക-സാഹിത്യ രംഗത്തെ പല പ്രമുഖരെയും തന്റെ ക്യാമറ കണ്ണുകളിലൊപ്പിയെടുത്ത ഫൊട്ടോഗ്രഫറാണ് അദ്ദേഹം.
മലയാള സാഹിത്യ ലോകത്തെ പല പ്രമുഖരെയും തന്റെ ക്യാമറയിലൂടെ അടയാളപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അതിൽ വൈക്കം മുഹമ്മദ് ബഷീറും മുതൽ രാഷ്ട്രീയ കേരളത്തിലെ എകെജിയും ഇഎംഎസും എല്ലാം ഉൾപ്പെടുന്നു. ബഷീര്‍, ഛായയും ഓര്‍മയും, എം.ടി.യുടെ കാലം എന്നീ പേരുകളില്‍ രണ്ട് പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.
കൊല്ലം ജില്ലയിലെ ശൂരനാട്ട് 1939ലാണ് രാജൻ ജനിക്കുന്നത്. അച്ഛൻ പുത്തൻവിളയിൽ ശ്രീധരൻ അമ്മ പള്ളിക്കുന്നത് ഈശ്വരി. പുനലൂരിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മാവോലിക്കര രവിവർമ്മ സ്കൂളിൽ നിന്ന് ഫൈൻ ആർട്സ് ഡിപ്ലോമയും നേടി. 1963-ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആർട്ടിസ്റ്റ് ഫോട്ടോഗ്രാഫറായി എത്തിയ അദ്ദേഹം അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. 1994ൽ വിരമിച്ചെങ്കിലും കോഴിക്കോട് തന്നെ തുടരുകയായിരുന്നു.
ബഷീറിന്റെ ആരാധകനായിരുന്നു രാജൻ പിന്നീട് അദ്ദേഹത്തിന്റെ സന്തതസഹചാരി വരെയായി. സ്വന്തമായി സിനിമയെടുക്കുക എന്ന ലക്ഷ്യത്തോടെ കമ്യൂണിസ്റ്റ് പാർട്ടി സിനിമാപഠനത്തിനായി രാജനെ റഷ്യയിലേക്കയച്ചു. മോസ്കോ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിമോട്ടോഗ്രഫിയിൽ മൂന്നുകൊല്ലം അദ്ദേഹം സിനിമാട്ടോഗ്രഫി പഠിച്ചു.
ഭാര്യ: തങ്കമണി (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. അച്യുതൻ ഗേൾസ് എച്ച്.എസ്.എസ്., ചാലപ്പുറം), മകൻ ഡോ. ഫിറോസ് രാജൻ (കാൻസർ സർജൻ, കൊവൈ മെഡിക്കൽ സെന്റർ, കോയമ്പത്തൂർ), മകൾ ഡോ. പോപ്പി രാജൻ (ക്വലാലംപുർ മെഡിക്കൽ കോളേജ്).