കോവിഡ് വ്യാപനം തടയുന്നതിനുള്ള ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂന്നാം മാസം തുടരുകയാണ്. നിയന്ത്രണങ്ങള്‍ മാറുമ്പോള്‍ എത്തുന്ന സന്ദര്‍ശകര്‍ക്കായി കോഴിക്കോട് കടലോരം കാത്തുവച്ചിരിക്കുന്നത് മഹത്തായ ഗതകാല സ്മരണകളാണ്. സമ്പന്നവും സംഭവബഹുലമായ ചരിത്രത്തിലേക്കുള്ള താക്കോലാണിത്.
മുഖഛായ തന്നെ മാറിയ കോഴിക്കോട് സൗത്ത് ബീച്ച് ജൂലൈ ഒന്നിന്, ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പൊതുജനങ്ങള്‍ക്കായി തുറന്നു. കോഴിക്കോട് ജില്ലയിലെ ടൂറിസം സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ബീച്ചുകളുടെ നവീകരണത്തിലൂടെ ലക്ഷ്യമിടുന്നത്.
ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലും (ഡിടിപിസി) ജില്ലാ ഭരണകൂടവുമാണ് സൗന്ദര്യവത്കരണ പദ്ധതി നടപ്പാക്കിയത്. സൗത്ത് ബീച്ചില്‍ ആരംഭിച്ച് ഫ്രീഡം സ്ക്വയര്‍ വരെ ജില്ലയുടെ സാംസ്കാരിക പൈതൃകവുമായി ബന്ധപ്പെടുത്തിയാണ് നവീകരണം നടപ്പാക്കിയത്. പ്രശസ്തമായ വലിയങ്ങാടി, കുറ്റിച്ചിറ, തളി ക്ഷേത്രം എന്നിവ ഉള്‍പ്പെടുന്ന പ്രമേയത്തെ ആധാരമാക്കിയാണ് നവീകരണം.
കടല്‍ത്തീരത്തെ മനോഹരമാക്കുന്നതിനു പുറമെ, മികച്ച ഇരിപ്പിടങ്ങള്‍, പച്ചപ്പ് നിറഞ്ഞ ഇടങ്ങള്‍ തുടങ്ങിയവ സൃഷ്ടിച്ചു. വൈക്കം മുഹമ്മദ് ബഷീര്‍, എം.ടി. വാസുദേവന്‍ നായര്‍, എസ്.കെ. പൊറ്റെക്കാട്ട് തുടങ്ങിയ പ്രശസ്ത വ്യക്തിത്വങ്ങളുടെ ചിത്രങ്ങള്‍ ബീച്ചിന്റെ മതിലിനെ മനോഹരമാക്കുന്നു. ജില്ലയുടെ സംസ്കാരവും പാരമ്പര്യവും രുചിയൂറുന്ന പേരുകേട്ട പലഹാരങ്ങളും ചുവരുകളില്‍ നിറഞ്ഞുനില്ക്കുന്നു.

‘ഐ ലവ് കോഴിക്കോട്’ എന്ന് ഇംഗ്ലീഷിലും ‘നമ്മുടെ കോഴിക്കോട്’ എന്ന് മലയാളത്തിലും വലിയ അക്ഷരങ്ങളില്‍ എഴുതി സ്ഥാപിച്ചിരിക്കുന്ന സെല്‍ഫി കോര്‍ണറുകള്‍ ബീച്ചിലെ പ്രധാന ആകര്‍ഷണമാണ്. കൂറ്റന്‍ ചെസ് ബോര്‍ഡും പാമ്പും കോണിയും കളിയുടെ രൂപവും സന്ദര്‍ശകരെ വിസ്മയിപ്പിക്കും.
മരം കൊണ്ട് നിര്‍മിച്ച മാലിന്യപ്പെട്ടികള്‍, കുട്ടികളുടെ കളിസ്ഥലം, ഭിന്നശേഷിക്കാര്‍ക്കായുള്ള ശുചിമുറികള്‍, റാമ്പുകള്‍, ദീപാലംകൃതമായ നടപ്പാതകള്‍, നിരീക്ഷണ കാമറകള്‍, വാഹനപാര്‍ക്കിങ്ങിന് നിര്‍ദിഷ്ട സ്ഥലങ്ങള്‍ എന്നിവയും നവീകരണത്തിന്റെ ഭാഗമാണ്.

”നവീകരണം നടപ്പാക്കുന്നത് ഡിടിപിസിയാണ്. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നവീകരണം തുടര്‍പ്രക്രിയയാണ്. അവയില്‍ പലതും നടന്നുവരികയാണ്. കോവിഡ് മഹാമാരി നിയന്ത്രണവിധേയമായാല്‍ ബീച്ച് തുറക്കും. അതോടെ മനോഹരവും ശാന്തവുമായ കടല്‍ത്തീര അനുഭവം പൊതുജനങ്ങള്‍ക്കു ലഭ്യമാകും,” തുറമുഖമന്ത്രിയും കോഴിക്കോട് സൗത്ത് നിയോജകമണ്ഡലം എംഎല്‍എയുമായ അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.
ജില്ലയിലെ ചരിത്രസ്ഥലങ്ങളെയും സാംസ്കാരിക കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന ടൂറിസം ഇടനാഴി പരിഗണനയിലാണെന്നു മന്ത്രി പറഞ്ഞു. കടല്ത്തീരത്തിലേക്കോ നവീകരിച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കോ പ്രവേശിക്കാന്‍ ടിക്കറ്റ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
സൗത്ത് ബീച്ചില്‍നിന്ന് കോതി ഭാഗത്തേക്കു പോകുന്ന തീരദേശപാതയോട് ചേര്‍ന്ന് സൈക്കിള്‍ ട്രാക്ക്, ഓപ്പണ്‍ ജിം എന്നിവ നിലവിലുണ്ട്. സൈക്കിള്‍ ട്രാക്കിനു സമാന്തരമായി 15 ഭാഗങ്ങളിലാണ് ജിം സ്ഥാപിച്ചിരിക്കുന്നത്.

പ്രധാന ബീച്ചില്‍നിന്ന് വെങ്ങാലിയെ ബന്ധിപ്പിക്കുന്ന തീരദേശപാതയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഭട്ട് റോഡ് ബീച്ചിലും വലിയ മാറ്റങ്ങളാണ് വന്നിരിക്കുന്നത്. നഗരത്തിലെ ചരിത്രപ്രാധാന്യമുള്ള കേന്ദ്രമായ തളിക്ഷേത്ര പരിസരവും ശ്രദ്ധേയമായ നവീകരണം നടന്നപ്പോൾ കുറ്റിച്ചിറയും പുതുമോടിയിൽ ഒരുങ്ങുകയാണ്.

ഈ നവീകരണങ്ങളുടെയെല്ലാം ചുമതല ഡിടിപിസിക്കാണ്. ബീച്ചിന്റെ നിര്‍മാണ, പരിപാലന കരാര്‍ കോഴിക്കോട് ആസ്ഥാനമായ സ്ഥാപനത്തിന് മൂന്നു വര്‍ഷത്തേക്ക് കരാര്‍ നല്‍കിയതായി ഡിടിപിസി സെക്രട്ടറി സിപി ബീന പറഞ്ഞു.
നവീകരിച്ച ഭട്ട് റോഡ് ബീച്ച് ബ്ലിസ് പാര്‍ക്ക് മന്ത്രി റിയാസ് ജൂലൈ അഞ്ചിന് തുറന്നു കൊടുത്തു. ഇന്ററാക്ടീവ് ജെറ്റ് ഫൗണ്ടന്, സൈക്കിള്‍, സ്കേറ്റിംഗ് ട്രാക്കുകള്‍ എന്നിവയ്ക്കൊപ്പം ഭക്ഷണശാലകള്‍, കുട്ടികളുടെ പാര്‍ക്ക് എന്നിവയും ഇവിടെയുണ്ട്.
”2.15 കോടി രൂപയാണ് ബ്ലിസ് പാര്‍ക്ക് നവീകരണത്തിനായി ചെലവായത്. ഡിടിപിസി ഫണ്ടില്‍നിന്നുള്ള 1.15 കോടി രൂപയും എംഎല്‍എ ഫണ്ടില്‍ നിന്നുള്ള ഒരു കോടി രൂപയും ചേര്‍ന്നാണിത്. പാര്‍ക്കിന്റെ പരിപാലന ചുമതല ഡി ടി പിസിക്കാണ്. പാര്‍ക്കിന്റെ പരിപാലനത്തിന് ഫണ്ട് അനിവാര്യമാണെങ്കിലും പ്രവേശന ഫീസ് ഏര്‍പ്പെടുത്തണമോയെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ഇതിന് നയപരമായ തീരുമാനം ആവശ്യമാണ്,” ബീന പറഞ്ഞു.

കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങള്‍ക്കിടയിലും നിരവധി ടൂറിസം പദ്ധതികളുടെ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടക്കുന്നത്. തിക്കോടിയിലെ അഞ്ച് കിലോമീറ്റര്‍ വരുന്ന ഡ്രൈവ് ഇന്‍ ബീച്ചിന്റെ വികസനമാണ് ഇതില്‍ പ്രധാനപ്പെട്ട ഒന്ന്. കോഴിക്കോടിന്റെ ടൂറിസം മേഖലയുടെ മുഖം മാറ്റുന്ന പദ്ധതിയാണിതെന്നാണ് ടൂറിസം വകുപ്പ് കരുതുന്നത്.
ബേപ്പൂര്‍, കാപ്പാട് ബീച്ചുകളിലാണ് മറ്റു നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കാപ്പാട് ബീച്ചിന് അടുത്തിടെ ബ്ലൂ ഫ്ളാഗ് പദവി ലഭിച്ചിരുന്നു. പരിസ്ഥിതി സൗഹൃദപരവും സുരക്ഷയും പരിസ്ഥിതി ബോധവത്കരണവും ഉയര്‍ത്തിപ്പിടിക്കുന്നതും ഭിന്നശേഷി സൗഹൃദപരവുമായ ബീച്ചുകള്ക്കാണു ഡെന്മാര്ക്ക് ആസ്ഥാനമായുള്ള ഫൗണ്ടേഷന് ഓഫ് എന്‍വയോണ്‍മെന്റല്‍ എഡ്യുക്കേഷന്‍, ബ്ലൂ ഫ്ളാഗ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.