കൊച്ചി: ജോളി തന്നെയും കൊല്ലുമെന്നു ഭയന്നിരുന്നുവെന്നു മരിച്ച റോയിയുടെ സഹോദരി റെഞ്ചി. കുടുംബത്തിലെ മരണങ്ങളില്‍ സംശയമുണ്ടായിരുന്നതായി റെഞ്ചി വെളിപ്പെടുത്തി. ജോളിയുടെ അടുത്ത് ചെന്നാല്‍ വെള്ളം പോലും കുടിക്കാറില്ലെന്ന് റെഞ്ചി പറഞ്ഞു.
“ഞാനോ സഹോദരന് റോജോയോ ജോളിയുടെ അടുത്തെത്തിയാല്‍ അവിടെ നിന്ന് ഒന്നും കഴിക്കാറില്ല. എന്തെങ്കിലും കഴിക്കണമെങ്കില്‍ പുറത്തുനിന്ന് വാങ്ങി കഴിക്കാറാണു പതിവ്. വെളളം പോലും കുടിക്കാറില്ല. ഭക്ഷണത്തിലോ വെളളത്തിലോ വിഷം കലര്‍ത്തി തന്നാലോയെന്ന ഭയമുണ്ടായിരുന്നു. വസ്തുവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ മൂന്ന് ആഴ്ച മുന്‍പ് അവിടെ പോയിരുന്നു. അപ്പോഴും ഒന്നും കഴിച്ചില്ല. ഒരാഴ്ച മുന്‍പും സ്ഥല കച്ചവടവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് അങ്ങോട്ട് പോയിരുന്നു. അപ്പോള്‍ ഒരു ഗ്ലാസ് ജ്യൂസ് കൊണ്ടുവന്നു തന്നു. ഞാൻ അത് കുടിച്ചില്ല” റെഞ്ചി പറഞ്ഞു.
ജോളിയുടെ ആദ്യ ഭര്‍ത്താവാണ് റോയ്. ബന്ധുവായ ഷാജുവിനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ആദ്യ ഭര്‍ത്താവായ റോയ് തോമസിനെ ജോളി വിഷം നല്കി കൊലപ്പെടുത്തിയത്.
അതേസമയം, കൂടത്തായി കൊലപാതക കേസിൽ നിർണായക വഴിത്തിരിവുണ്ടായിരിക്കുകയാണ്. മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനും കൊലപാതകങ്ങളില്‍ പങ്കുള്ളതായാണ് കണ്ടെത്തല്‍. പൊലീസ് കസ്റ്റഡിയിലുള്ള ഷാജു കുറ്റസമ്മതം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ ഭാര്യ സിലിയെയും ഒരു വയസുള്ള കുഞ്ഞിനെയും കൊലപ്പെടുത്താനുള്ള സാഹചര്യം ഒരുക്കിയത് താനാണെന്ന് ഷാജു കുറ്റസമ്മതം നടത്തിയെന്നാണ് സൂചന. ചോദ്യം ചെയ്യലിനിടെ ഷാജു പൊട്ടിക്കരയുകയും ചെയ്തു.
ജോളി നടത്തിയ കൊലപാതകങ്ങളെ കുറിച്ച് തനിക്ക് അറിയാമായിരുന്നുവെന്നുവെന്നും ഭയം കൊണ്ടാണു പുറത്തുപറയാതിരുന്നതെന്നും ഷാജു മൊഴി നൽകി. വടകര എസ്പി ഓഫിസില്‍ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നതിനിടെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഷാജു കുറ്റസമ്മതം നടത്തിയത്. ഒരു അധ്യാപകനായ തന്റെ ഭാഗത്തു നിന്ന് സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചതെന്നു ഷാജു അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ജോളിയുമായി പ്രണയത്തിലായിരുന്നു. അതിനു വേണ്ടിയാണ് ആദ്യ ഭാര്യ സിലിയെ കൊല്ലാൻ കൂട്ടുനിന്നത്. സിലിയുടെയും മകളുടെയും കൊലപാതകം എന്റെ അറിവോടെയായിരുന്നു. ജോളിയെ വിവാഹം ചെയ്താൽ ഭാവിയിൽ മകൾ ബാധ്യതയാകുമോയെന്ന ഭയന്നു. അതിനാലാണ് ആദ്യം കുഞ്ഞിനെയും പിന്നീട് സിലിയെയും കൊല്ലാൻ തീരുമാനിച്ചത്. സിലിയെ കൊല്ലുന്നതിനു വേണ്ടിയാണ് താൻ ദന്താശുപത്രിയിലെത്തിച്ചതെന്നും ഷാജു മൊഴി നൽകി. ജോളി തന്നെയും കൊലപ്പെടുത്തുമെന്ന് ഭയമുണ്ടായിരുന്നതായും ഷാജു പറഞ്ഞു.
ഷാജുവിന്റെ മകന്റെ ആദ്യകുര്‍ബാന ദിവസമാണ് മകള്‍ മരിച്ചത്. 2016ല്‍ ജോളിക്കൊപ്പം ദന്താശുപത്രിയില്‍ ഇരിക്കുമ്പോഴാണ് സിലി കുഴഞ്ഞുവീണു മരിച്ചത്. രണ്ട് മരണങ്ങളിലും ഷാജുവിന്റെ പങ്ക് വ്യക്തമായിട്ടുണ്ട്. മറ്റ് നാലുപേരുടെ മരണങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്നു ക്രൈംബ്രാഞ്ച് പരിശോധന തുടങ്ങി.