തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് കാർ വാങ്ങി നൽകുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് അവസാനം കുറിച്ച് ആലത്തൂർ എംപി രമ്യ ഹരിദാസ്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഇത് സംബന്ധിച്ച നിർദേശം അനുസരിക്കുമെന്ന് രമ്യ ഹരിദാസ് പറഞ്ഞു. പൊതുജീവിതം സുതാര്യമായിരിക്കണമെന്നതു വ്രതവും ശപഥവുമാണെന്നും രമ്യ ഹരിദാസ് ഫെയ്സ്ബുക്കിൽ കുറിച്ചു.
എന്നെ ഒരുപാട് സ്നേഹിക്കുന്ന സഹോദരങ്ങളോടുള്ള അപേക്ഷയാണെന്നും അവർക്ക് എന്റെ തീരുമാനം ഇഷ്ടപ്പെട്ടെന്ന് വരില്ലെന്നും രമ്യ ഫെയ്സ്ബുക്കിൽ കുറിച്ചു. ജീവിതത്തിൽ ഒരുപാട് പ്രായാസങ്ങളിലൂടെ കടന്നുപോയ തനിക്ക് അൽപമെങ്കിലും ആശ്വാസവും സ്നേഹവും ലഭിച്ചത് ഈ പൊതുജീവിതത്തിന്റെ ഇടങ്ങളിൽ ആണ്. അവിടെ എന്റെ പൊതു ജീവിതം സുതാര്യമായിരിക്കണമെന്നുള്ളത് തന്റെ വ്രതവും ശപഥവുമാണെന്ന് രമ്യ കുറിച്ചു.
കൂടപ്പിറപ്പുകളിൽ ഒരാൾ സംസ്ഥാനത്തെ യുവതയ്ക്ക് വേണ്ടി ജീവൻ പണയം വച്ച് സമരം ചെയ്യുമ്പോൾ നമ്മുടെ കണ്ണും കാതും എല്ലാം ആ പോരാട്ടത്തിന് മധ്യേ ആയിരിക്കണമെന്നും രമ്യ പറഞ്ഞു.
രമ്യ ഹരിദാസിന് 14 ലക്ഷം രൂപയുടെ വാഹനം വാങ്ങി നൽകുന്നതിന് 1000 രൂപയുടെ കൂപ്പൺ അച്ചടിച്ച് പിരിവ് നടത്താനുള്ള യൂത്ത് കോൺഗ്രസ് തീരുമാനമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇതിനെതിരെ നിരവധി ആളുകളും കെപിസിസി പ്രസിഡന്റും രംഗത്തെത്തിയിരുന്നു. രമ്യയുടെ സ്ഥാനത്ത് താനാണെങ്കിൽ ആ പണം സ്വീകരിക്കില്ലെന്നും എംപിമാർക്കു വാഹനം വാങ്ങുന്നതിനായി വായ്പ ലഭിക്കുമെന്നും രമ്യയ്ക്ക് ഇപ്പോൾ വായ്പ തിരിച്ചടയ്ക്കാനുള്ള സാഹചര്യമുണ്ടെന്നുമാണ് മുല്ലപ്പള്ളി പറഞ്ഞത്.