കണ്ണൂർ: നിബന്ധനകളുടെ പേരിൽ നീറ്റ് പരീക്ഷയെഴുതാൻ എത്തിയ വിദ്യാർത്ഥികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രശ്നങ്ങള്‍ ഉണ്ടാക്കിയത് സിബിഎസ്ഇ കൊണ്ടുവന്ന ഡ്രസ് കോഡാണെന്നും സംഭവം അനാവശ്യ മാനസികാഘാതം ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

വനിതാ പൊലീസ് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ കണ്ട് മൊഴിയെടുക്കും. പരാതി കേന്ദ്ര സര്‍ക്കാരിനെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. നീറ്റ് പ്രവേശന പരീക്ഷയ്ക്കായി വസ്ത്രങ്ങളുടെ കാര്യത്തിൽ നിബന്ധനകൾ ഉണ്ടായിരുന്നതിനാൽ നിരവധി പെൺകുട്ടികൾക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. മെഡിക്കൽ പ്രവേശനത്തിനായുള്ള പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥിനികളെയാണ് അപമാനിച്ചത്.

സ്കൂളിന് തൊട്ടടുത്തുള്ള വീടുകളിലെ സ്ത്രീകൾ പലർക്കും വസ്ത്രങ്ങൾ മാറി നൽകിയിരുന്നു. എന്നാൽ പലർക്കും ദൂരെയുള്ള കടകളിൽ ചെന്ന് വസ്ത്രങ്ങൾ വാങ്ങേണ്ടി വന്നു.

പ്രവേശന പരീക്ഷയുടെ നിബന്ധനകളിൽ വസ്ത്രവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളുണ്ടായിരുന്നു. ഇതിൽ ചൂരിദാറിന് നീളമുള്ള കൈയ്യുണ്ടാകരുതെന്ന് വ്യക്തമാക്കി. ഇത്തരത്തിൽ നീളമുള്ള കൈയുള്ള ചൂരിദാർ ധരിച്ചവരുടെ വസ്ത്രത്തിൽ നിന്ന് കൈയുടെ ഭാഗം മുറിച്ചു കളഞ്ഞു.  അഞ്ചരക്കണ്ടി മലബാർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിദ്യാർത്ഥിനിയുടെ വസ്ത്രം മുറിക്കാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടി കരഞ്ഞപ്പോൾ അധികൃതർ ഇത് നിർത്തി. എറണാകുളത്തും സമാനമായ സംഭവം ഉണ്ടായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.