തിരുവനന്തപുരം: സി.പി.എം-ബി.ജെ.പി സംഘർഷത്തെ തുടർന്നാണ് ആർ.എസ്.എസ് കാര്യവാഹക് രാജേഷ് കൊല്ലപ്പെട്ടതെന്ന് റിമാൻഡ് റിപ്പോർട്ട്. പ്രാദേശിക രാഷ്ട്രീയ വിഷയങ്ങളും കൊലപാതകത്തിന് കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പച്ചനംകുന്ന് കോളനിയില്‍ നടന്ന സംഘർഷത്തിൽ രാജേഷ് ബി.ജെ.പിയെ സഹായിച്ചിരുന്നുവെന്നും പ്രതിയായ മണികണ്ഠനും രാജേഷും തമ്മിൽ വിരോധം ഉണ്ടായിരുന്നുവെന്നും റിപ്പോട്ടിൽ പറയുന്നുണ്ട്. പ്രതികൾ 11 പേരും ചേർന്നാണ് കൃത്യം ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു.

രാജേഷിന്റെ കൊലപാതകത്തിൽ ഒളിവിലായിരുന്ന പ്രതിയും പിടിയിലായിട്ടുണ്ട്. കൊലപാതകത്തിൽ പങ്കെടുത്ത സിബിയാണ് പിടിയിലായത്. ഇതോടെ കേസിലെ 11 പ്രതികളും പിടിയിലായെന്ന് പൊലീസ് വ്യക്തമാക്കി.

ശനിയാഴ്ച രാത്രിയാണ് ആർഎസ്എസ് കാര്യവാഹക് വിനായകനഗർ കുന്നിൽവീട്ടിൽ രാജേഷ് (34) വെട്ടേറ്റു മരിച്ചത്. ​ബൈക്കിലും ഓട്ടോയിലുമായി എത്തിയ സംഘം രാജേഷിന്റെ കൈ വെട്ടിമാറ്റുകയായിരുന്നു. ഇടതുകൈ വെട്ടിമാറ്റിയ നിലയിലും കാലിനും മറ്റുമായി പതിനഞ്ചോളം വെട്ടേറ്റ നിലയിലും രാജേഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

രാജേഷിന്റേത് രാഷ്ട്രീയ കൊലപാതകമെന്നായിരുന്നു എഫ്ഐആർ. ബിജെപി-ഡിവൈഎഫ്ഐ സംഘർഷത്തിന്റെ തുടർച്ചയാണ് കൊലപാതകം. പ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കുകയെന്ന ലക്ഷ്യത്തോടെ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം ഉണ്ടാക്കി. അതിനുശേഷം ശാഖ കഴിഞ്ഞ് മടങ്ങുകയായിരുന്ന രാജേഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ