കൊച്ചി: സ്‌കൂളുകളിൽ സർക്കാറിന്റെ അനുമതിയില്ലാതെ മതപഠനം നടത്താൻപാടില്ലെന്ന് ഹൈക്കോടതി. സ്‌കൂളുകളിൽ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നത് അതീവ ഗൗരവമുള്ള കാര്യമാണെന്നും ഇത് മതേതര ചട്ടക്കൂടിന് വിരുദ്ധമാണെന്നും കോടതി ഉത്തരവിട്ടു.

അനുമതിയില്ലാതെ മതപഠനം പാടില്ലെന്ന് വിലക്കി ഉത്തരവിറക്കാൻ ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ് വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകി.

Read Also: ഗാന്ധി കണ്ണടയിലേക്ക് ചുരുങ്ങി, ഹിന്ദുത്വ പ്രസ്ഥാനങ്ങള്‍ ഭരണഘടനയെ നിരസിച്ചു: ശശി തരൂര്‍

തിരുവനന്തപുരത്തെ ഹിദായ എഡ്യുക്കേഷണൽ ട്രസ്റ്റ് ഒരനുമതിയുമില്ലാതെ നടത്തിയ സ്‌കൂൾ സർക്കാർ പൂട്ടിയതിനെതിരെ മാനേജ്‌മെന്റ് സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. ഇസ്ലാം മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് മാത്രം പ്രവേശനം നൽകിയ സ്‌കൂളിൽ ഈ മത വിഭാഗത്തിന്റെ ആശയങ്ങൾ പഠിപ്പിച്ചുവെന്ന് കണ്ടെത്തിയാണ് സ്‌കൂൾ സർക്കാർ പൂട്ടിയത്.

ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര മൂല്യങ്ങളുടെ ലംഘനമാണ് ഇത്തരം മതപഠന ക്ലാസുകൾ എന്ന് കോടതി വ്യക്തമാക്കി. വ്യത്യസ്‌ത സംസ്‌കാരങ്ങൾ മനസിലാക്കി വളരേണ്ടവരാണ് കുട്ടികളെന്നും കോടതി ചൂണ്ടിക്കാട്ടി.

Read Also: ഹർത്താൽ അങ്ങനെ ഓക്‌സ്‌ഫോർഡിലും; നിഘണ്ടുവിലിടം പിടിച്ച് 26 പുതിയ ഇന്ത്യൻ വാക്കുകൾ

സ്‌കൂൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവിൽ അപാകതയില്ലെന്ന് കോടതി വിലയിരുത്തി. സ്വകാര്യ സ്‌കൂൾ ആണെങ്കിലും പൊതു വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നതിനാൽ, മതേതര മൂല്യങ്ങൾ ലംഘിക്കാനാവില്ല. മതേതരത്വം നിലനിർത്തുന്നതിന് ഇത്തരം മതപഠന ക്ലാസുകൾ തടസമാകും. സംസ്ഥാനത് മൊത്തം ബാധകമാക്കി ഉത്തരവ് ഇറക്കണമെന്നും ലംഘിക്കുന്ന സ്‌കൂളുകൾ അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.