തിരുവനന്തപുരം: കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ രണ്ടു മാസത്തിലധികമായി അടച്ചിട്ടിരിക്കുകയായിരുന്ന ആരാധനാലയങ്ങൾ തിങ്കളാഴ്ച മുതൽ തുറക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. മനോരമ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയാണ് ഇക്കാര്യം പറഞ്ഞത്. ഒരേ സമയം പ്രവേശനം അനുവദിക്കുന്ന വിശ്വാസികളുടെ എണ്ണത്തിലും ഉത്സവങ്ങൾ പോലുളള ആഘോഷങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച സംസ്ഥാനത്തിന്റെ ശുപാര്‍ശ ഉടന്‍ കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആരാധനാലയങ്ങൾ തുറക്കുന്നതു സംബന്ധിച്ച കൂടുതൽ തീരുമാനങ്ങൾ കേന്ദ്രം ഇക്കാര്യം പ്രഖ്യാപിച്ചതിനു ശേഷമുണ്ടാകുമെന്നാണ് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചത്. ആരാധനാലയങ്ങളിൽ ആൾക്കൂട്ടം പാടില്ലെന്ന് കേന്ദ്ര നിർദേശമുണ്ട്. ഇവിടുത്തെ മതമേധാവികളുമായി ചർച്ച ചെയ്ത് കേരളത്തിന്റെ അഭിപ്രായം കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Read Also: രാജ്യത്ത് കോവിഡ് ബാധിതർ 2 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 217 മരണം

അതേസമയം, കേരളത്തിൽ ആരാധനാലയങ്ങൾ തുറക്കണം എന്ന നിലപാടിലാണ് പ്രതിപക്ഷം. സംസ്ഥാനത്ത് മദ്യം ലഭ്യമാക്കിയ സർക്കാർ ആരാധനാലയങ്ങൾ തുറക്കാൻ മടിക്കുകയാണെന്ന് കെ.മുരളീധരൻ എംപി കുറ്റപ്പെടുത്തിയിരുന്നു. പ്രോട്ടോക്കോൾ പാലിച്ചു ആരാധനാലയങ്ങൾ തുറന്നേ മതിയാവൂ. ശബരിമലയിൽ കൈ പൊള്ളിയത് മുഖ്യമന്ത്രി മറക്കാതിരുന്നാൽ മതിയെന്നും മുരളീധരൻ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook