തിരുവനന്തപുരം: തെക്കെന്നും വടക്കെന്നും പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പരസ്പരം തമ്മിലടിക്കുന്നവര്‍ക്ക് ഇനി വിശ്രമിക്കാം. കാലവര്‍ഷക്കെടുതിയില്‍ ഏറ്റവും കൂടുതല്‍ ക്ലേശിക്കുന്ന മലബാര്‍ മേഖലയിലെ ജില്ലകളിലേക്ക് തിരുവനന്തപുരത്ത് നിന്ന് ഇതുവരെ കയറ്റി അയച്ചത് 23 ലോഡ് അവശ്യ സാധനങ്ങള്‍. തിരുവനന്തപുരം നഗരസഭയുടെ കീഴില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

ഇന്ന് രാത്രി വരെ വയനാട്ടിലേക്കും കോഴിക്കോട്ടേക്കും ആയി 23 ലോഡ് അവശ്യ സാധനങ്ങളാണ് തിരുവനന്തപുരത്ത് നിന്ന് കയറ്റി അയച്ചതെന്ന് മേയര്‍ വി.കെ.പ്രശാന്ത് പറഞ്ഞു. മൂന്ന് ലോഡ് ഇപ്പോള്‍ തയ്യാറായി കൊണ്ടിരിക്കുകയാണ്. ഇന്ന് തന്നെ മൂന്ന് ലോഡ് കൂടി കയറ്റി അയക്കും. ഇതോടെ ആകെ ലോഡുകളുടെ എണ്ണം 26 ആകും. നഗരസഭയുടെ കീഴിലുള്ള ശേഖരണ കേന്ദ്രത്തിലേക്ക് സാധനങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

Read Also: അള്ളാഹൂവിനെ മുന്‍ നിര്‍ത്തിയാണ് ചെയ്തത്, വൈറലായി പോയതാണ്: നൗഷാദ് പറഞ്ഞതു കേട്ട് പൊട്ടിച്ചിരിച്ച് മമ്മൂട്ടി

സാധനങ്ങള്‍ വയ്ക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ് ഇപ്പോള്‍ ഉള്ളതെന്നും മേയര്‍ പ്രശാന്ത് പറഞ്ഞു. 24 മണിക്കൂറും സംഭരണ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി പേരാണ് ഇവിടെ ഉള്ളത്. 24 മണിക്കൂറും യുവാക്കളടങ്ങുന്ന വലിയ സംഘം ദുരിത ബാധിതര്‍ക്കായി കയ്യും മെയ്യും മറന്ന് അധ്വാനിക്കുകയാണെന്നും വി.കെ.പ്രശാന്ത് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ നഗരസഭ ആസ്ഥാനത്തെ സംഭരണ കേന്ദ്രം സന്ദർശിച്ചിരുന്നു. ജനങ്ങളുടെ സഹകരണത്തെ പിണറായി വിജയൻ ഏറെ അഭിനന്ദിച്ചു. നമ്മുടെ സഹോദരങ്ങൾക്ക് ആപത്തു നേരിട്ട കാലത്ത് അവരെ സഹായിക്കാൻ രംഗത്തിറങ്ങിയ ജനങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതി വരില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. വലിയ ആൾക്കൂട്ടം തന്നെ ദുരിത കേന്ദ്രങ്ങളിലേക്കു അയക്കാനുള്ള അവശ്യ സാധനങ്ങൾ തയാറാക്കുന്നതാണ് താൻ കണ്ടതെന്നും നഗരസഭാ ആസ്ഥാനത്തെ സംഭരണ കേന്ദ്രം സന്ദർശിച്ച ശേഷം മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.