ഏഴ് വർഷം മുമ്പ് ഒരു ജീവനെടുത്തതിന്റെ പ്രായശ്ചിത്തമായി സ്വന്തം ശരീരം പകുത്ത് ഒരു ജീവനെ വീണ്ടെടുക്കുകയാണ് സുകുമാരൻ എന്ന നാൽപ്പത്തിയാറുകാരൻ. പക്വത വെട്ടിമാറ്റിയ കാലത്ത് നിന്നും ഒരു ജീവൻ വിളക്കി ചേർക്കുകയാണ് ഈപട്ടാമ്പിക്കാരൻ. സുകുമാരന്റെ ജീവിതം മാറ്റിമറിച്ച സംഭവം നടന്നത് ഒരു നിസ്സാര വാക്ക് തർക്കത്തിൽ നിന്നാണ്. ഇന്ന് ആ സുകുമാരന്റെ ഒരു നിയമം തന്നെ മാറ്റിയെഴുതിച്ച് കൊണ്ട് നിരവധി പേർക്ക് ജീവിത വെളിച്ചത്തിന്റെ വഴിയൊരുക്കുകയാണ്.
“ആ കുട്ടി എന്നെ കാണുന്നത് അച്ഛന് തുല്യനായിട്ടാണ്” ഇത് പറയുമ്പോൾ സുകുമാരന്റെ വാക്കുകൾ ഇടറി, സ്നേഹവായ്പിലേയ്ക്ക് അച്ഛനെന്ന വിളി ചേക്കേറിയപ്പോൾ കണ്ണീരിൽ ആ വാക്കുകൾ നനഞ്ഞു.
കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട് ഏഴ് വർഷത്തെ ജയിൽ വാസത്തിന് ശേഷം സുകുമാരൻ പുറത്തിറങ്ങുമ്പോൾ കാലത്തിന് ഒപ്പം സുകുമാരനും ഏറെ മാറിയിരുന്നു. ജയിൽ ജീവിതകാലത്ത് തന്നെ ഒരു ജീവൻ നഷ്ടമാകാനുളള കാരണമായി മാറിയത് സുകുമാരന്റെ ഉളളുലച്ചിരുന്നു. ബോധപൂർവ്വമല്ലാതെ സംഭവിച്ച ഒരു ദുരന്തത്തിന് പ്രായശ്ചിത്തം ചെയ്യാനായി ഒരു ജീവനെങ്കിലും തുണയാകാനാകണമെന്ന സുകുമാരന്റെ ആഗ്രഹത്തിലാണ് പ്രിൻസി തങ്കച്ചനെന്ന ഇരുപത്തിയൊന്നുകാരി വീണ്ടും ജീവിതത്തിലേയ്ക്ക് നടന്നു കയറുകയാണ്.
സുകുമാരന്റെ ഇടപെടലാണ് കേരള സർക്കാരിനെ കൊണ്ട് ചരിത്രപരമായ ഒരു തീരുമാനം എടുപ്പിക്കുന്നതിന് വഴിയൊരുക്കിയത്. തടവുകാർക്ക് അവയവദാനം നടത്താൻ അനുമതി നൽകുകയെന്ന് തീരുമാനം ജനുവരിയിൽ എടുക്കുന്നതിന് സുകുമാരനാണ് കാരണക്കാരനായത്. ജയിൽ കാലത്താണ് തടവുകാർക്ക് സ്വന്തം ബന്ധുക്കൾക്ക് പോലും അവയവദാനം നടത്താൻ സാധിക്കില്ലെന്ന വസ്തുത ഞാൻ മനസ്സിലാക്കുന്നത്. ഇതിന് നിയമപരമായ തടസ്സങ്ങളുണ്ടെന്ന് അന്ന് അറിയില്ലായിരുന്നു. സുകുമാരൻ പറയുന്നു.
ഈ നിയമവശങ്ങൾ അറിഞ്ഞതോടെ ജയിൽ അധികൃതർക്കും മറ്റ് സർക്കാർ അധികാരികൾക്കും ഇത് സംബന്ധിച്ച് നിരന്തരമായി എഴുതി. “ഞാൻ 2015 ൽ പരോളിലിറങ്ങിയ സമയത്താണ് ശ്രീകുമാർ എന്ന യുവാവുമായി ബന്ധപ്പെടുന്നത്. അദ്ദേഹത്തിന് വൃക്കമാറ്റിവെയ്ക്കേണ്ടുന്ന ആവശ്യമുണ്ടായിരുന്നു. ഞാൻ അതിന് തയ്യാറായി. എല്ലാ പരിശോധനകളും ചെയ്തു. വൃക്കമാറ്റിവെയ്കാൻ അനുയോജ്യമായിരുന്നു പരിശോധനാ ഫലങ്ങളെല്ലാം. പക്ഷേ, നിയമപരമായ കാരണങ്ങളാൽ എനിക്ക് വൃക്ക നൽകാൻ സാധിക്കാതെ വന്നു. അവസാനം ആ ചെറുപ്പക്കാരൻ ഈ ലോകത്തോട് വിട പറഞ്ഞു,” സുകുമാരൻ ആ സംഭവത്തെ ഓർമ്മിക്കുന്നു. നിയമം മനുഷ്യത്വത്തിന് മേൽ കണ്ണുകെട്ടി ജയിച്ചപ്പോൾ ഒരു ജീവൻ പൊലിഞ്ഞു. ” വൃക്ക നൽകാൻ ഞാൻ ചെന്നപ്പോൾ, അന്ന് ഇരുപത്തിനാലുകാരനായ ആ ചെറുപ്പക്കാരന്റെ കണ്ണുകളിൽ സന്തോഷം തുളുമ്പുന്നുണ്ടായിരുന്നു. അത് ജീവിതം തിരികെ കിട്ടുന്നതിന്രെ സന്തോഷമായിരുന്നു…അത് ഞാൻ കാണുന്നുണ്ടായിരുന്നു,” വേദനയോടെ സുകുമാരൻ ആ നിമിഷങ്ങളിലേയ്ക്ക് തിരിഞ്ഞുനോക്കി.
മൊബൈൽ ടവർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ ഒരു തർക്കമാണ് സുകുമാരന്റെ ജീവിതം മാറ്റിമറിച്ചതിന് കാരണമായത്. 2007 ലായിരുന്നു സംഭവം. അതേ കുറിച്ച് കൂടുതലൊന്നും ഓർക്കാൻ ഇന്ന് സുകുമാരൻ ഇഷ്ടപ്പെടുന്നില്ല. തന്റെ ജീവിതത്തിലെ കരാളമായ ആ ദിനങ്ങളെ കുറിച്ച സുകുമാരൻ വളരെ ചെറിയ വാക്കുകളിലൊതുക്കി. “ഞങ്ങളുടെ പ്രദേശത്ത് മൊബൈൽ ടവർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. ഞാനുൾപ്പടെയുളള കുറച്ചുപേർ ടവർ സ്ഥാപിക്കരുതെന്നുളള നിലപാടിൽ നിന്നും. എന്നാൽ എന്റെ അച്ഛന്റെ സഹോദരൻ ഒക്കെ അതിന് അനുകൂലമായി നിലപാട് എടുത്തു. ഇതേ തുടർന്നുണ്ടായ കലഹമുണ്ടായി. ആ അടിപിടിയിൽ എനിക്ക് എന്റെ കൺട്രോൾ പോയി. എന്റെ അടി കൊണ്ട് അദ്ദേഹം മരണമടഞ്ഞു. ഞാൻ പൊലീസിന് കീഴടങ്ങി.”
പാലക്കാട് ഫാസ്റ്റ് ട്രാക്ക് കോടതി ഈ കേസിൽ സുകുമാരനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. സുകുമാരനെ കണ്ണൂർ സെൻട്രൽ ജയിലിലേയ്ക്ക് മാറ്റി. ശിക്ഷാ കാലയളവിൽ നല്ലപെരുമാറ്റം കാരണം പിന്നീട് തിരുവനന്തപുരം തുറന്ന ജയിലിലേയ്ക്ക് മാറ്റി. പിന്നീട് ഹൈക്കോടതി സുകുമാരന്റെ ശിക്ഷ ഏഴ് വർഷമാക്കി കുറച്ചു. അതോടെയാണ് അദ്ദേഹം മോചിപ്പിക്കപ്പെട്ടത്.
” എന്റെ കൈ കൊണ്ട് ഒരു ജീവിതം നഷ്ടപ്പെട്ടു. ഞാൻ ജയിലിൽ പോയതോടെ കുടുംബം വളരെയധികം കഷ്ടപ്പെട്ടു. അതുകൊണ്ട് തന്നെ എങ്ങനെയെങ്കിലും ഒരാളെ മരണത്തിൽ നിന്നും രക്ഷിക്കാൻ സാധിച്ചാൽ ആ കുടുംബ രക്ഷപ്പെടും,” സുകുമാരൻ പറയുന്നു. സുകുമാരന്റെ മകൾ വിവാഹിതയാണ്. മകൻ അലൂമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുന്നു.
ഈ മാസം അവസാനത്തോടെയാണ് പ്രിൻസി വൃക്കമാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയാവുക. കൊച്ചിയിലെ ആശുപത്രിയിലാണ് ശസ്ത്രക്രിയ. പാരമ്പര്യമായി വൃക്ക സംബന്ധമായ ആരോഗ്യ പ്രശ്നങ്ങളുളളതാണ് പ്രിൻസിയുടെ കുടുംബം. പ്രിൻസിക്ക് എട്ട് വയസ്സുളളപ്പോൾ അമ്മയെ നഷ്ടമായി. രണ്ട് അമ്മാവന്മാരുടെ മരണവും വൃക്ക സംബന്ധമായ ആരോഗ്യ പ്രശ്നങ്ങളെ തുടഞ്ഞന്നാണ്. ബന്ധുക്കളായ രണ്ട് ചേച്ചിമാരും നിലവിൽ ഡയാലിസിസിലൂടെയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. സാമ്പത്തികമായ പിന്നാക്കവസ്ഥയിലുളള കുടുംബമാണ് പ്രിൻസിയുടേത്.
കൊല്ലത്തും പട്ടാമ്പിയിലുമായി താമസിക്കുന്ന ഇരുവരും ശസ്ത്രിക്രിയയുടെ ആവശ്യത്തിനായാണ് കൊച്ചിയിലെത്തുന്നത്. ആശുപത്രിയിൽ ഇതുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി എത്തേണ്ടുന്ന ദിവസങ്ങളിലെല്ലാം ഒരു മണിക്കൂർ മുമ്പെങ്കിലും സുകുമാരൻ എത്തുമെന്ന് പ്രിൻസി പറയുന്നു. ” അദ്ദേഹം എനിക്ക് വെളളവും മരുന്നിനും ബിൽ അടയ്കാനുമൊക്കെയായി അദ്ദേഹം ഓടി നടക്കും. എന്നെ അമ്മു എന്നാണ് വിളിക്കുക. അദ്ദേഹം എന്റെ അച്ഛനെ പോലെയാണ്,” പ്രിൻസി പറയുന്നു. മൂന്ന് വർഷമായി രണ്ട് വൃക്കകളും തകരാറിലായ പ്രിൻസി അതിജീവിനത്തിന്റെ നല്ല നാളെകളെ കാണുകയാണ് ഈ മനുഷ്യനിലൂടെ.
ശസ്ത്രക്രിയയ്ക്കുളള 15 ലക്ഷം രൂപയും മറ്റ് ചെലവുകളും കണ്ടെത്താൻ പ്രിൻസിയെയും കുടുംബത്തെയും സഹായിക്കുന്നത് നാട്ടുകാരാണ്. വാർഡ് കൗൺസിലറുടെ നേതൃത്വത്തിലുളള ഇതിനാണ് ഫണ്ട് സ്വരൂപിക്കുന്നുണ്ട്. അതിനായി ജോയിന്റെ ബാങ്ക് അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.
” എനിക്ക് പ്രതിക്ഷകളെല്ലാം നഷ്ടമായ സമയത്താണ് അദ്ദേഹത്തെ (സുകുമാരനെ) പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമാണ് എനിക്ക് നൽകുന്നത്,” പ്രിൻസി പറയുന്നു.