തിരുവനന്തപുരം: വാഹന കൈമാറ്റവും ഉടമസ്ഥാവകാശം മാറ്റുന്നതും സംബന്ധിച്ച നടപടിക്രമങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് ലഘൂകരിച്ചതായി ഗതാഗത വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. വാഹനം വില്‍ക്കുന്ന വ്യക്തിയും വാങ്ങുന്ന വ്യക്തിയും രണ്ടു ഓഫീസുകളുടെ പരിധിയിലാണെങ്കില്‍ അപേക്ഷകര്‍ക്ക് നോ-ഡ്യൂ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനും കൈമാറ്റം രേഖപ്പെടുത്താനും രണ്ടു ഓഫീസുകളെയും സമീപിക്കേണ്ടി വന്നിരുന്നു. അത് കാലതാമസം സൃഷ്ടിക്കുന്നുവെന്ന പരാതികള്‍ ഗതാഗതമന്ത്രിക്ക് ലഭിച്ചിരുന്നു. ഇതിനു പരിഹാരമായാണ് നടപടിക്രമങ്ങള്‍ ലഘൂകരിച്ചത്. പുതുക്കിയ നടപടി പ്രകാരം വാഹന ഉടമയും വാഹനം വാങ്ങുന്ന വ്യക്തിയും സംയുക്തമായി വാഹന്‍-4 ലെ ഓണ്‍ലൈന്‍ സംവിധാനം മുഖേന അപേക്ഷ നല്‍കണം. രണ്ടുപേരുടെയും മൊബൈല്‍ ഫോണില്‍ വരുന്ന പകര്‍പ്പും ഓണ്‍ലൈന്‍ സംവിധാനം മുഖേന അപ്ലോഡ് ചെയ്യണം.

വില്‍ക്കുന്ന വ്യക്തിയുടെയോ വാങ്ങുന്ന വ്യക്തിയുടെയോ ഇഷ്ടാനുസരണം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിന് ഓഫീസ് തിരഞ്ഞെടുക്കണം. അപേക്ഷയോടും അനുബന്ധ രേഖകളോടും ഒപ്പം ആര്‍.സി അയയ്ക്കാന്‍ സ്പീഡ് പോസ്റ്റിനു ആവശ്യമായ സ്റ്റാമ്പ് പതിച്ച തപാല്‍ കവര്‍ അയയ്ക്കണം. തെരെഞ്ഞെടുത്ത ഓഫീസില്‍ തപാല്‍ മുഖേന ഇത് അയയ്ക്കണം. ഓഫീസിനു മുമ്പില്‍ സ്ഥാപിച്ച പെട്ടിയില്‍ നിക്ഷേപിക്കുകയുമാവാം.

Read Also: തുടർച്ചയായ രണ്ടാം ദിവസവും കേരളത്തിൽ ആർക്കും കോവിഡ്-19 ബാധയില്ല; അഞ്ച് പേർക്ക് രോഗം ഭേദമായി

ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ മാത്രമേ ഓണ്‍ലൈന്‍ ടോക്കണ്‍ എടുത്ത് നേരിട്ട് അപേക്ഷ സമര്‍പ്പിക്കാന്‍ പാടുള്ളൂ. ഇത്തരം അപേക്ഷകളില്‍ മുന്‍ഗണനാക്രമം അനുസരിച്ചേ ഓഫീസില്‍ നിന്നും തീര്‍പ്പ് കല്‍പിക്കൂ. അപേക്ഷ സമര്‍പ്പിക്കുന്ന ഓഫീസില്‍ നിന്ന് തന്നെ നിശ്ചിത സമയപരിധിക്കുള്ളില്‍ സേവനം പൂര്‍ത്തിയാക്കി പുതിയ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പുതിയ ഉടമസ്ഥന് തപാല്‍ മുഖേന അയച്ചു നല്‍കും. പഴയ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നശിപ്പിക്കുകയും ചെയ്യും. വാങ്ങുന്ന വ്യക്തിയും വില്‍ക്കുന്ന വ്യക്തിയും വ്യത്യസ്ത ഓഫീസുകളുടെ പരിധിയിലാവുകയും വില്‍ക്കുന്ന വ്യക്തിയുടെ ഓഫീസ് പരിധിയില്‍ അപേക്ഷ നല്‍കുകയും ചെയ്യുമ്പോള്‍ വാഹനത്തിന്റെ നിലവിലെ രജിസ്റ്ററിംഗ് അതോറിറ്റിക്ക് സംസ്ഥനത്തിനകത്തെ മറ്റേതൊരു രജിസ്റ്ററിങ് അതോറിറ്റിയുടെ അധികാര പരിധിയിലേക്കും വാഹന കൈമാറ്റം രേഖപ്പെടുത്താന്‍ അധികാരം നല്‍കിയിട്ടുണ്ട്. വാഹനവുമായി ബന്ധപ്പെട്ട ശിക്ഷാ നടപടികള്‍ നിലവിലുണ്ടായിരിക്കരുത്.

പുതുക്കിയ നടപടി പ്രകാരം, വാഹന ഉടമയ്ക്ക് വാഹനം കൈമാറ്റം ചെയ്യുമ്പോള്‍ തന്നെ അപേക്ഷ സമര്‍പ്പിക്കാനുള്ള സാഹചര്യമുണ്ട്. ഇതുമൂലം കാലതാമസമില്ലാതെ കൈമാറ്റത്തിന് അപേക്ഷിക്കാനും മറ്റു പ്രശ്നങ്ങള്‍ ഒഴിവാക്കാനും സാധിക്കും.

Read Also: സൂപ്പർ താരങ്ങൾ പലരും പുറത്ത്; ഡേവിഡ് വാർണറുടെ എക്കാലത്തെയും മികച്ച ഐപിഎൽ ഇലവൻ ഇങ്ങനെ

വാഹനം വിറ്റിട്ടും ഉടമസ്ഥാവകാശം മാറ്റാതെയും വഞ്ചിതരാവുകയും വിവിധ വാഹന അപകട കേസുകളില്‍ നഷ്ടപരിഹാരവും വലിയ വാഹന നികുതിയും അടയ്ക്കേണ്ടി വന്ന നിരവധി സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടിരുന്നതായി ഗതാഗത വകുപ്പുമന്ത്രി അറിയിച്ചു. പുതിയ നടപടിപ്രകാരം ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമാവും.

വാഹനങ്ങളുമായി ബന്ധപ്പെട്ട് ആര്‍.ടി.ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ട എല്ലാ അപേക്ഷകളും ഇനിമുതല്‍ ഓഫീസ് പരിസരത്ത് പ്രത്യേകം സ്ഥാപിച്ച പെട്ടിയില്‍ നിക്ഷേപിക്കാം. സാമൂഹിക അകലം പാലിക്കുന്നതിന് ഇപ്പോള്‍ സഹായകരമായ ഈ സംവിധാനം ഭാവിയില്‍ തുടരുമെന്നും മന്ത്രി അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.