ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങൾ ഉൾപ്പെടെയുള്ള മാധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നതിനു ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്ക്ക് ഹെെക്കോടതി ഏർപ്പെടുത്തിയ വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് റോഹിങ്ടൺ നരിമാൻ അധ്യക്ഷനായ ബഞ്ചാണ് ഹെെക്കോടതി വിലക്ക് സ്റ്റേ ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്. രഹന ഫാത്തിമയുടെ ഹർജിയിൽ സംസ്ഥാന സർക്കാരിനും ബിജെപി നേതാവ് രാധാകൃഷ്ണ മേനോനും സുപ്രീം കോടതി നോട്ടീസ് അയച്ചു.
മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തെന്ന കേസിലാണ് രഹന ഫാത്തിമയ്ക്കെതിരെ ഹെെക്കോടതി നേരത്തെ നടപടി സ്വീകരിച്ചത്. ഗോമാംസം ഉലർത്തുന്ന മലയാളം യുട്യൂബ് വീഡിയോയിൽ ‘ഗോമാതാ’ എന്ന് പരാമർശം നടത്തിയതിനു ഐപിസി 153, 295 എ എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തത്. വീഡിയോ മതവികാരം വ്രണപ്പെടുത്തിയെന്ന് ഹെെക്കോടതി നിരീക്ഷിച്ചിരുന്നു. തുടർന്ന് രഹനയ്ക്ക് സാമൂഹ്യമാധ്യമങ്ങളിൽ ഹെെക്കോടതി വിലക്ക് ഏർപ്പെടുത്തി. ഇക്കാര്യങ്ങൾ ചോദ്യം ചെയ്തുകൊണ്ട് രഹന സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഹെെക്കോടതി വിധി ഭരണഘടന ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നാണ് രഹന ഫാത്തിമ സുപ്രീം കോടതിയിൽ വാദിച്ചത്.
Read Also: ചെന്നൈയിൽ ഗാബ ആവർത്തിക്കുമോ ? ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് അവസാന ദിനത്തിൽ എന്തും സംഭവിക്കാം
രഹനയുടെ യുട്യൂബ് ചാനലില്‍ ‘ഗോമാതാ’ ഫ്രൈ എന്ന പേരില്‍ ബീഫ് പാചകം ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരുന്നു. മനപ്പൂര്‍വ്വം മത സ്പർദ്ധ ഉണ്ടാക്കാനാണ് ഇത്തരം പരാമര്‍ശമെന്നാണ് ഹെെക്കോടതി നേരത്തെ നിരീക്ഷിച്ചത്. ജസ്റ്റിസ് സുനില്‍ തോമസാണ് രഹനയ്ക്ക് സാമൂഹ്യമാധ്യമങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയത്. ജാമ്യം റദ്ദാക്കാനുള്ള ഘടകങ്ങളുണ്ടെങ്കിലും ഒരവസരം കൂടി നല്‍കുകയാണെന്നും ഹർജി തീർപ്പാക്കിയപ്പോൾ കോടതി പറഞ്ഞിരുന്നു.
ശബരിമല വിഷയത്തോട് അനുബന്ധിച്ച് ഫെയ്സ്ബുക്കിൽ ഇട്ട പോസ്റ്റ് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന പരാതിയിലായിരുന്നു നേരത്തെ രഹന ഫാത്തിമയെ അറസ്റ്റ് ചെയ്തത്.