കോട്ടയം: വിവാദങ്ങളിലൂടെ കടന്നുപോകുന്ന എഡി ജിപി ജേക്കബ്ബ് തോമസിന്റെ സർവീസ് സ്റ്റോറി മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. കറന്റ് ബുക്സ് പുറത്തിറിക്കുന്ന സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന പുസ്തകം മുഖ്യമന്ത്രി 22 ന് തിരുവനന്തപുരത്ത് പ്രകാശനം ചെയ്യുമെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിവരം.

വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്നും അവധിയിൽ പ്രവേശിക്കേണ്ടി വന്ന ജേക്കബ് തോമസ് നിയമസഭയ്ക്കകത്തും പുറത്തും ഒട്ടേറെ വിവാദ വിഷയങ്ങളുടെ ഭാഗമായി മാറിയിരുന്നു. ഈ​ സാഹചര്യത്തിലാണ് ഏറെ വിവാദങ്ങൾ ഉളളടക്കമായിട്ടുണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്ന അദ്ദേഹത്തിന്റെ സർവീസ് സ്റ്റോറി മുഖ്യമന്ത്രി തന്നെ പ്രകാശനം ചെയ്യുമെന്ന വാർത്ത പുറത്തുവരുന്നത്. ജേക്കബ് തോമസിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്ന നിലപാട് നിയമസഭയിൽ എടുത്ത അതേസമയം തന്നെയാണ് അദ്ദേഹത്തിന് നിർബന്ധിതമായി അവധിയിൽ പ്രവേശിക്കേണ്ടി വന്നതും.

ഇപ്പോൾ​ ഇത് സംബന്ധിച്ച പുറത്തുവന്ന വാർത്ത തന്നെ വിവാദങ്ങളുടെ പെട്ടി തുറക്കുന്നതാണ്. കോയന്പത്തൂർ സ്ഫോടനകേസിൽ മഅ്ദനിയെ അറസ്റ്റ് ചെയ്ണമെന്ന് പൊലീസ് കമ്മീഷണറായിരിക്കെ ഐ​ജി ജേക്കബ് പുന്നൂസ് ആവശ്യപ്പെട്ടെന്നു തെറ്റ് ചെയ്യാത്ത ഒരാളെ അറസ്റ്റ് ചെയ്യാനാകില്ലെന്നും നിലപാട് സ്വീകരിച്ചത് തന്നെ പൊലീസ് സേനയിലെ പല തസ്തികകളിൽ തൊടാൻ പോലും അനുവദിക്കാതെ മാറ്റിനിർത്തുന്നതിന് കാരണമായി എന്നും പറയുന്നു. ഇക്കാര്യം മാധ്യമം ദിനപത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

“1998 ൽ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായിരിക്കെ കോയമ്പത്തൂർ സ്ഫോടന കേസിൽ മഅ്ദനിയെ അറസ്റ്റ് ചെയ്യണമെന്ന് ഉത്തരമേഖലാ ഐജി ജേക്കബ് പുന്നൂസ് തന്നോട് ആവശ്യപ്പെട്ടു. എന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്നും തെളിവുണ്ടോയെന്നും തിരിച്ച് ചോദിച്ചതോടെ തന്റെ കഷ്ടകാലവും തുടങ്ങി” അദ്ദേഹം പറയുന്നു.

“സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ “എന്നാണ് സർവീസ് സ്റ്റോറിക്ക് പേരിട്ടിരിക്കുന്നത്. മഅ്ദനിക്കെതിരെ വാറന്റോ തെളിവോ ഇല്ലാതെ അറസ്റ്റ് ചെയ്യില്ലെന്ന ശക്തമായ നിലപാട് എടുത്തത് അത് ഒരു മനുഷ്യാവകാശ പ്രശ്നമായത് കൊണ്ടാണെന്ന് അദ്ദേഹം പറയുന്നു. ഒമ്പത് വർഷത്തെ തടവിന് ശേഷം കോയമ്പത്തൂരിൽ നിന്ന് മഅ്ദനി പുറത്തിറങ്ങിയത് തെളിവിന്റെ അഭാവത്തിലായിരുന്നു. എന്നും അദ്ദേഹം ആത്മകഥാശംമുളള​ സർവീസ് സ്റ്റോറിയിൽ പറയുന്നുവെന്നാണ് റിപ്പോർട്ട് വെളിപ്പെടുത്തുന്നത്.

എന്നാൽ തനിക്കെതിരായ സർവ്വീസ് റിപ്പോർട്ട് അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാരും അംഗീകരിച്ചു. അതിനുശേഷം പൊലീസ് യൂണിഫോം അണിയേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഈ സംഭവത്തിന് ശേഷം ജേക്കബ് തോമസിന് കിട്ടിയത്, സിവിൽ സപ്ലൈസ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ, ഫയർ ഫോഴ്‌സ് മേധാവി, ഫിലിം ഡവലപ്മെന്റ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ, ജോയിന്റ് ട്രാൻസ്പോർട് കമ്മിഷണർ, കെടിഡിഎഫ്‌സി ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങളായിരുന്നു.

സപ്ലൈകോ സിഎംഡിയായിരിക്കെ വകുപ്പിൽ നടന്ന കോടികളുടെ ക്രമക്കേടുകളെക്കുറിച്ചും സഹപ്രവർത്തകരെക്കുറിച്ചും അഴിമതിയുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന പരാമർശങ്ങളും പുസ്തകത്തിൽ ജേക്കബ് തോമസ് വിവരിക്കുന്നുണ്ടെന്നാണ് സൂചന. 250 പേജുകളുള്ള പുസ്തകം പുറത്തിറങ്ങുന്നത് ഉന്നത സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരിൽ ഇതിനോടകം തന്നെ ചർച്ചാ വിഷയമായിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ