കൊച്ചി: സ്വന്തം ആവശ്യത്തിനായി 1998 മുതല്‍ 2022 വരെ കാര്‍ വാങ്ങിയ മാനസിക വെല്ലുവിളി നേരിടുന്നവര്‍ മോട്ടോര്‍ വാഹന നികുതിയില്‍ ഒഴിവാക്കപ്പെടാന്‍ അര്‍ഹരാണെന്നു ഹൈക്കോടതി. അത്തരക്കാര്‍ അപേക്ഷ നല്‍കിയാല്‍, നികുതിയായി അടച്ച തുക തിരികെ നല്‍കാന്‍ കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി.
മാനസിക വെല്ലുവിളി നേരിടുന്ന പതിനെട്ടുകാരന്‍ അമ്മ മുഖേന നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്. താന്‍ കാര്‍ വാങ്ങിയപ്പോള്‍ നികുതിയില്‍നിന്ന ഒഴിവാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തയാറായില്ലെന്നു കാണിച്ചാണു ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്.
ശാരീരിക വൈകല്യമുള്ളവരെ നികുതിയില്‍നിന്ന് ഒഴിവാക്കിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ 1998-ല്‍ ഉത്തരവിറക്കിയതായി ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഉത്തരവിലെ ‘ശാരീരിക വൈകല്യമുള്ളവര്‍’ എന്നതിന്റെ വിശദീകരണം അന്ധരിലും ബധിരര്‍ക്കും ശാരീരിക വൈകല്യമുള്ളവര്‍ക്കും മാത്രമായി ഒതുങ്ങി.
ഈ ഉത്തരവ് പ്രകാരം, ശാരീരിക വൈകല്യമുള്ളര്‍ തങ്ങളുടെ പേരില്‍ വാങ്ങിയ, സ്വന്തമായി ഓടിക്കുന്നതോ ഇവരെ കൊണ്ടുപോകുന്നതിനായി മറ്റുള്ളവര്‍ ഓടിക്കുന്നതോ ആയ മുച്ചക്ര വാഹനങ്ങള്‍, പ്രത്യേകം നിര്‍മിച്ച മോട്ടോര്‍ വാഹനങ്ങള്‍, മോട്ടോര്‍ സൈക്കിളുകള്‍, മോട്ടോര്‍ കാറുകള്‍ എന്നിവയെ വാഹന നികുതിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിനായി അപേക്ഷകര്‍ മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
2022 ഏപ്രില്‍ 26-ലെ ഉത്തരവ് പ്രകാരം ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ഒന്നിലധികം വൈകല്യങ്ങള്‍, ബുദ്ധിവൈകല്യമുള്ളവര്‍ എന്നിവരെയും നികുതിയില്‍നിന്ന് ഒഴിവാക്കുന്നവരുടെ പട്ടികയില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തി. എന്നാല്‍ 2022 മാര്‍ച്ച് മുതല്‍ മോട്ടോര്‍ കാറുകള്‍ വാങ്ങിയവര്‍ക്കു മാത്രമേ നികുതി ഇളവ് ലഭ്യമാകൂ. സര്‍ക്കാര്‍ ഉത്തരവിനു മുന്‍പ് കാര്‍ വാങ്ങിയതിനാല്‍ ഹരജിക്കാരന് ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്നാണു കോടതിയെ സമീപിച്ചത്.
സ്വന്തം ആവശ്യത്തിനായി 1998 ഏപ്രില്‍ മുതല്‍ 2022 മാര്‍ച്ച് വരെ കാറുകള്‍ വാങ്ങിയ മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും നികുതിയില്‍ ഒഴിവാക്കപ്പെടാന്‍ അര്‍ഹതയുണ്ടെന്നും അടച്ചവര്‍ക്കു പണം തിരികെ ലഭിക്കുമെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു. ‘ബുദ്ധിവൈകല്യമുള്ള’ വ്യക്തിക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും തേര്‍ഡ് പാര്‍ട്ടി ക്ലെയിമുകളും സംബന്ധിച്ച ഉത്തരവാദിത്തങ്ങളും ചോദ്യങ്ങളും ഏറ്റെടുക്കാന്‍ കഴിയില്ലെന്ന സര്‍ക്കാരിന്റെ വാദം ന്യായീകരിക്കാനാവില്ലെന്നു ജഡ്ജി പറഞ്ഞു.
”ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളുടെ ദുരവസ്ഥയാണ് ഈ ഘട്ടത്തില്‍ പരിഗണിക്കേണ്ടത്. ചില രക്ഷിതാക്കള്‍ക്കു കുട്ടികളെ സ്‌കൂളിലേക്കോ മറ്റു സ്ഥലങ്ങളിലേക്കോ കൊണ്ടുപോകേണ്ടി വന്നേക്കാം. ഇത്തരമൊരു സാഹചര്യത്തില്‍ ഒരു വാഹനം അവര്‍ക്കു സ്വപ്നമായേക്കാം. മാതാപിതാക്കളില്‍ ചിലര്‍ അനുഭവിക്കുന്ന യാതനകളും അപമാനങ്ങളും അവഗണിക്കാന്‍ കഴിയില്ല. എല്ലാ പൗരന്മാര്‍ക്കും ചില വൈകല്യങ്ങളുള്ള നാടാണിത്. സാധാരണ മനുഷ്യനെന്നോ അസാധാരണ മനുഷ്യനെന്നോ വ്യത്യാസമില്ല. സാധാരണ മനുഷ്യനും ചില വൈകല്യങ്ങളുണ്ട്. അതുപോലെ, ഒരു അസാധാരണ മനുഷ്യനും കഴിവുകളുണ്ട്. ആ കഴിവുകള്‍ നമ്മള്‍ തിരിച്ചറിയണം,” ജഡ്ജി പറഞ്ഞു.