കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ പരിഷ്‌കാര നടപടികളെ ന്യായീകരിച്ച് കലക്ടര്‍ അസ്കര്‍ അലി. പരിഷ്‌കാരങ്ങള്‍ ദ്വീപ് ജനതയുടെ ഭാവി സുരക്ഷിതമാക്കാനാണെന്നും ഇപ്പോള്‍ നടക്കുന്നത് വ്യാജപ്രചാരണങ്ങളാണെന്നും കലക്ടര്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പരിഷ്‌കാരങ്ങള്‍ നിക്ഷിപ്ത താല്‍പ്പര്യക്കാരെയാണു പ്രകോപിപ്പിക്കുന്നത്. അഡ്മിനിസ്ട്രേഷനെതിരെ പ്രതിഷേധിക്കുന്നത് അത്തരക്കാരാണ്. ബീഫ് നിരോധനത്തെ ന്യായീകരിച്ച ന്യായീകരിച്ച കലക്ടര്‍ തീരുമാനം ലഭ്യതക്കുറവു മൂലമാണെന്നു പറഞ്ഞു.
ഗുണ്ടാനിയമത്തെയും കലക്ടര്‍ ന്യായീകരിച്ചു. ദ്വീപ് നിവാസികള്‍ മയക്കുമരുന്ന് കടത്തില്‍ ഏര്‍പ്പെടുന്നുണ്ട്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് നിരവധി കേസുകളുണ്ട്. പോക്സോ കേസുകളും വര്‍ധിക്കുകയാണ്. ഇപ്പോള്‍ കുറച്ച് കേസുകള്‍ മാത്രമേ ഉള്ളൂവെങ്കിലും നിരവധി യുവാക്കള്‍ സാമൂഹ്യവിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നുണ്ട്. ഇത് വ്യാപകമാകാതിരിക്കാനാണ് കര്‍ശന നിയമം കൊണ്ടുവരുന്നതെന്നു കലക്ടര്‍ പറഞ്ഞു.
രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്കു പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല എന്ന ചട്ടം കൂടിയാലോചനകള്‍ക്കു ശേഷം മാത്രമേ നടപ്പാക്കൂ. ചട്ടം നിലവില്‍ വന്നശേഷം രണ്ടിലധികം കുട്ടികളാകുന്നവര്‍ക്കു മാത്രമേ ഇത് ബാധകമാകൂ. നിലവില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്കു തുടര്‍ന്നും മത്സരിക്കാനാവും.
Also Read: ശാന്തമായ ലക്ഷദ്വീപിനെ അശാന്തമാക്കുന്നത് എന്ത്?
കര്‍ശനമായ കോവിഡ് പ്രതിരോധ നടപടികളാണ് ദ്വീപില്‍ സ്വീകരിക്കുന്നത്. ജനങ്ങളുടെ ജീവിത ആവശ്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് ഇളവുകള്‍ വരുത്തിയത്. അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് മത്സ്യത്തൊഴിലാളികളുടെ ഷെഡ്ഡുകള്‍ പൊളിച്ചത്. ജീവനക്കാരുടെ നിയമനം സുതാര്യമാക്കുന്നതിനാണ് നിയമനങ്ങളില്‍ പുതിയ നയം സ്വീകരിക്കുന്നത്. ടൂറിസം മേഖല പ്രതിസന്ധിലായതിനെത്തുടര്‍ന്നാണ് വകുപ്പിലെ 193 ജീവനക്കാരെ പിരിച്ചുവിട്ടത്. ഇവര്‍ അഡീഷണല്‍ ജീവനക്കാര്‍ മാത്രമായിരുന്നു.
നിരവധി ആലോചനകള്‍ക്കു ശേഷമാണു സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്. പ്രാദേശിക വിപണിയില്‍ ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കുകയെന്ന ലക്ഷ്യം മാത്രമാണിതിന് പിന്നിലുള്ളത്. ഭക്ഷണത്തില്‍ മുട്ടയും മത്സ്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാംസം ദ്വീപിന് പുറത്തുനിന്ന് കൊണ്ടുവരേണ്ടതുണ്ട്. അത് പ്രയാസകരമായ കാര്യമായതുകൊണ്ടു കൂടിയാണ് ഈ തീരുമാനം. മംഗലാപുരം തുറമുഖവുമായുള്ള ബന്ധം ലക്ഷദ്വീപിന് ഏറെ ഗുണകരമാകും. കവരത്തിയില്‍ ആധുനിക സ്‌കൂള്‍ സ്ഥാപിക്കും.
ദ്വീപിലെ ടൂറിസം വികസിപ്പിക്കുകയും വിനോദസഞ്ചാരികള്‍ക്ക് സൗകര്യമൊരുക്കുകയുമാണ് പുതിയ നടപടികള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ നപടികളുടെ ഭാഗമായി മാത്രമാണ് മദ്യം വില്‍ക്കാനുള്ള തീരുമാനമെന്നും കലക്ടര്‍ പറഞ്ഞു.