തിരുവനന്തപുരം: ലക്ഷദ്വീപിന്റെ തീരത്ത് അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സാഹചര്യത്തിൽ പ്രഖ്യാപിച്ച റെഡ് അലർട്ട് പിൻവലിച്ചു. ഇടുക്കി,​ മലപ്പുറം ജില്ലകളിലെ റെഡ് അലർട്ടാണ് പിൻവലിച്ചത്. ന്യൂനമർദ്ദം പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങിയതിനെ തുടർന്നാണിത്. തിരുവനന്തപുരം ജില്ലയിൽ തിങ്കളാഴ്ച വരെ യെല്ലോ അലർട്ടാണ്. പത്തനംതിട്ട, തൃശൂർ, വയനാട്, കൊല്ലം, കോഴിക്കോട് ജില്ലകളിലും ശനി, ഞായർ ദിവസങ്ങളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയിൽ ഓറഞ്ച് അലർട്ടാണ്. അതേസമയം സംസ്ഥാനത്ത് ഉടനീളം ജാഗ്രത തുടരും.

അറബിക്കടലിന്റെ തെക്കുകിഴക്കായി ലക്ഷദ്വീപിനോട് ചേര്‍ന്ന് ഇന്നലെ ഉച്ചയോടെയായിരുന്നു ന്യൂനമര്‍ദം രൂപപ്പെട്ടത്. 12 മണിക്കൂറിനുള്ളില്‍ ഇത് തീവ്രന്യൂനമര്‍ദ്ദമാകുകയും ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയ മുന്നറിയിപ്പ്.

അറബിക്കടലിലൂടെ വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ ഒമാന്‍ തീരത്തേക്കാകും ചുഴലിക്കാറ്റ് നീങ്ങുക. കടലില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനിടയുള്ളതിനാല്‍ കടല്‍ പ്രക്ഷുബ്ധമാകും. സംസ്ഥാനമൊട്ടാകെ ചൊവ്വാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. എന്‍.ഡി.ആര്‍.എഫിന്റെ അഞ്ച് സംഘത്തെ വയനാട്, കോഴിക്കോട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലേക്ക് നിയോഗിച്ചിട്ടുണ്ട്.

കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്ത് അണക്കെട്ടുകള്‍ തുറന്ന് ജലനിരപ്പ് ക്രമീകരിക്കാനുള്ള നടപടികള്‍ തുടങ്ങി. സംസ്ഥാനത്ത് ഇതുവരെ 20 അണക്കെട്ടുകളാണ് തുറന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.