തിരുവനന്തപുരം: റെക്കോര്‍ഡ് വരുമാനവുമായി കെ.എസ്.ആര്‍.ടി.സിയുടെ കുതിപ്പ്. ഏപ്രില്‍ മാസത്തെ വരുമാനത്തിലാണ് കെ.എസ്.ആര്‍.ടി.സി റെക്കോര്‍ഡിട്ടത്. ഈ വര്‍ഷത്തെ ഏറ്റവും വര്‍ധിച്ച വരുമാനമാണ് ഏപ്രിലിലേത്. കഴിഞ്ഞ മാസം കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് ലഭിച്ച വരുമാനം 189.84 കോടി രൂപയാണ്. ഏതാനും റൂട്ടുകളില്‍ ബസുകള്‍ ഒരുമിച്ച് പോകുന്നത് ഒഴിവാക്കിയതും മുന്‍ഗണനാ ക്രമത്തില്‍ സര്‍വീസുകള്‍ നടത്തിയതുമാണ് വരുമാനം വര്‍ധിക്കാനുള്ള കാരണമെന്ന് കെ.എസ്.ആര്‍.ടി.സി വിലയിരുത്തി. ജനുവരിയിൽ 189.71 കോടി രൂപയും, ഫെബ്രുവരിയിൽ 168.58 കോടി രൂപയും മാർച്ചിൽ 183.68 കോടി രൂപയുമായിരുന്ന സ്ഥാനത്ത് ഏപ്രിൽ മാസം ലഭിച്ചത് 189.84 കോടി രൂപയാണ്.

Read More: കെഎസ്ആർടിസിയെ സ്നേഹിച്ചത് കാമുകിയോടെന്ന പോലെ: ടോമിൻ തച്ചങ്കരി

മേഖല എക്‌സിക്യൂട്ടീവ് ഡയറക്ടർമാരുടെയും യൂണിറ്റ് ഓഫീസർമാരുടെയും പ്രത്യേകം പ്രത്യേകമായുള്ള അവലോകന യോഗങ്ങളും തുടർന്നുള്ള പ്രവർത്തനങ്ങളുമാണ് വരുമാന വർധനവിന് കാരണമായതെന്ന് കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ എം. പി ദിനേശ് പറഞ്ഞു. വരും ദിവസങ്ങളിൽ ഇൻസ്‌പെക്ടർമാരെ പോയിൻറ് ഡ്യൂട്ടിക്കായി നിശ്ചയിച്ചും യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ ഷെഡ്യൂളുകളും ബസുകളും ക്രമീകരിച്ചും ജനോപകാരപ്രദമായി സർവീസുകൾ നടത്താനാണ് കോർപ്പറേഷൻ തീരുമാനമെടുത്തിരിക്കുന്നത്.

Read More: ടോമിൻ തച്ചങ്കരിയെ കെഎസ്ആർടിസി എംഡി സ്ഥാനത്ത് നിന്ന് നീക്കി

കർണാടകയിലേക്ക് കൂടുതൽ ബസുകൾ ഏർപ്പാടാക്കാനുള്ള ആലോചനയിലാണ് കെ.എസ്.ആർ.ടി.സി. സ്വകാര്യ ബസുകൾക്ക് കടിഞ്ഞാണിടാനാണ് ഇങ്ങനെയൊരു പദ്ധതി ആലോചിക്കുന്നത്. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. കല്ലട ബസിൽ യാത്രക്കാർക്കുണ്ടായ മോശം അനുഭവത്തെ തുടർന്ന് അന്തർ സംസ്ഥാന ബസുകൾ കൂടുതൽ ഒരുക്കണമെന്ന് കെ.എസ്.ആർ.ടി.സിയോട് സോഷ്യൽ മീഡിയയിലടക്കം ആവശ്യമുയർന്നിട്ടുണ്ട്.

Read More: കെഎസ്ആർടിസി ഒഴിവുകൾ പിഎസ്‌സി വഴി നികത്തണം; താൽക്കാലിക ജീവനക്കാർക്ക് വീണ്ടും തിരിച്ചടി

തൊഴിലാളി സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് കെ.എസ്.ആർ.ടി.സി മുൻ മാനേജിങ് ഡയറക്ടറായ ടോമിൻ ജെ.തച്ചങ്കരിയെ മാറ്റിയത്. ടോമിൻ ജെ.തച്ചങ്കരി സ്ഥാനമേറ്റതിന് പിന്നാലെ ഫെബ്രുവരിയിൽ കെ.എസ്.ആർ.ടി.സി വരുമാനത്തിൽ വൻ തോതിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇത് വലിയ ചർച്ചയായി. തൊഴിലാളി സംഘടനകളാണ് കെ.എസ്.ആർ.ടി.സിയെ നിയന്ത്രിക്കുന്നതെന്ന വ്യാപക വിമർശനങ്ങളുണ്ടായി. എന്നാൽ, വരുമാനത്തിൽ വീണ്ടും വർധനവ് രേഖപ്പെടുത്തിയത് സർക്കാരിന് ആശ്വാസം നൽകുന്നുണ്ട്. സർവീസുകൾ നിയന്ത്രിച്ച് കൂടുതൽ ലാഭത്തിലെത്താനുള്ള മാർഗങ്ങളാണ് കെ.എസ്.ആർ.ടി.സി ഇപ്പോൾ ആലോചിക്കുന്നത്.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.