തിരുവനന്തപുരം: മറ്റെല്ലാ മേഖലകളിലും പ്രളയം ഏറെ നാശനഷ്ടങ്ങള്‍ വിതച്ചെങ്കിലും മദ്യവില്‍പ്പനയില്‍ കേരളം ബഹുദൂരം മുന്നിലേക്ക് കുതിച്ചു. 2017 – 2018 സാമ്പത്തിക വര്‍ഷത്തേക്കാള്‍ കൂടുതലാണ് 2018 – 2019 വര്‍ഷത്തെ കേരളത്തിലെ മദ്യവില്‍പ്പന. കേരളത്തെ പ്രളയം വിഴുങ്ങിയ ആഗസ്റ്റ് മാസത്തിലാണ് ഏറ്റവും കൂടുതല്‍ മദ്യവില്‍പ്പന നടന്നിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മദ്യവില്‍പ്പനയുടെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

2018 – 2019 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തില്‍ ആകെ വിറ്റഴിച്ചത് 14,508 കോടി രൂപയുടെ മദ്യമാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 1,570 കോടി രൂപയുടെ വര്‍ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 1984 – 85 സാമ്പത്തിക വര്‍ഷം മുതല്‍ പിന്നീടിങ്ങോട്ട് കേരളത്തിലെ മദ്യവില്‍പ്പന ഓരോ വര്‍ഷവും വര്‍ധിക്കുകയായിരുന്നു. 1984 -85 സാമ്പത്തിക വര്‍ഷത്തില്‍ 55.46 കോടിയുടെ മദ്യവില്‍പ്പനയാണ് നടന്നത്.

Read More: ക്രിസ്‌മസ് – ന്യൂ ഇയർ: റെക്കോർഡ് മദ്യവിൽപ്പന; മുന്നിൽ നെടുമ്പാശേരിയും പാലാരിവട്ടവും

2018 – 19 സാമ്പത്തിക വര്‍ഷത്തിലെ മദ്യവില്‍പ്പനയില്‍ നിന്ന് സര്‍ക്കാരിന് ലഭിച്ച നികുതി 12,424 കോടി രൂപയാണ്. സര്‍ക്കാരിന്റെ ആകെ വരുമാനത്തിന്റെ 85 ശതമാനവും മദ്യവില്‍പ്പനയില്‍ നിന്നാണ്. സംസ്ഥാനത്ത് ഈ സാമ്പത്തിക വര്‍ഷത്തില്‍ ആകെ വിറ്റത് 216.34 ലക്ഷം കേയ്‌സ് മദ്യമാണ്. 121.12 ലക്ഷം കേയ്‌സ് ബിയറും വിറ്റുപോയി. മലയാളികള്‍ക്ക് ഏറ്റവും പ്രിയം ബ്രാന്‍ഡിയോട് തന്നെയാണ്. അതിനു പിന്നിലാണ് റമ്മും വോഡ്കയും വിസ്‌കിയും. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ബ്രാന്‍ഡ് മാക്‌ഡോവല്‍സാണ് (എംസി).

കേരളത്തില്‍ പ്രളയം ദുരിതം വിതച്ച ആഗസ്റ്റ് മാസത്തിലാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റുപോയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗസ്റ്റ് മാസത്തില്‍ മാത്രം 1264.69 കോടിയുടെ മദ്യമാണ് വിറ്റുപോയിരിക്കുന്നത്. ആ മാസം തന്നെയായിരുന്നു ഓണവും. ഓണത്തോട് അനുബന്ധിച്ചാണ് ഇത്രയും മദ്യം വിറ്റുപോയതെന്ന് ബീവറേജ്‌സ് കോര്‍പ്പറേഷന്‍ അവകാശപ്പെടുന്നു.

Read More Kerala News

പൂട്ടികിടന്ന ബാറുകള്‍ സ്റ്റാര്‍ പദവി മാറ്റി തുറന്നതോടെയാണ് മദ്യ വില്‍പനയില്‍ കുതിച്ചുചാട്ടമുണ്ടായത്. മദ്യ നിരോധനമല്ല, മദ്യ വർജനമാണ് തങ്ങളുടെ ലക്ഷ്യമെന്ന് എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തും മുമ്പേ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഓരോ വർഷത്തെയും കണക്കുകൾ സർക്കാരിന് കൂടി തലവേദനയാകുന്നതാണ്. പൂട്ടികിടന്ന ബാറുകളെല്ലാം തുറന്നതിനാലാണ് മദ്യ വിൽപ്പന കുതിച്ചതെന്ന വിമർശനവും ഉണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.