തിരുവനന്തപുരം: സംസ്​ഥാനത്തെ സ്​കൂൾ വിദ്യാഭ്യാസ മേഖലയിൽ സമഗ്രമാറ്റത്തിന് ശുപാർശ ചെയ്​ത്​ വിദഗ്​ധ സമിതി റിപ്പോർട്ട്​. എസ്‍സിആർടിസി മുൻ ഡയറക്​ടർ ഡോ. എം.എ ഖാദർ അധ്യക്ഷനായ സമിതിയാണ് മാറ്റങ്ങൾക്ക് ശുപാർശ ചെയ്​തുകൊണ്ട് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. നിലവിൽ മൂന്ന്​ ഡയറക്​ടറേറ്റുകൾ ലയിപ്പിച്ച്​ ഒറ്റ ഡയറക്​ടറേറ്റാക്കാൻ സമിതി ശുപാർശ ചെയ്യുന്നു.

പൊതുവിദ്യാഭ്യാസ ഡയറക്​ടറേറ്റ്​, ഹയർ സെക്കണ്ടറി ഡയറക്​ടറേറ്റ്​, വൊ​ക്കേഷനൽ ഹയർസെക്കണ്ടറി ഡയറക്​ടറേറ്റ്​ എന്നിവ യോജിപ്പിച്ച് ഒറ്റ ഡയറക്ടറേറ്റാക്കാനാണ് റിപ്പോർട്ടിൽ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. എൽപി, യുപി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി ഘടനയ്ക്ക് മാറ്റം വരുത്തി രണ്ട് സ്ട്രീമുകളായി പുനക്രമികരിക്കാനും ശുപാർശ ചെയ്യുന്നതാണ് റിപ്പോർട്ട്.

ഒന്ന് മുതൽ ഏഴ് വരെ ഒരു സ്ട്രീം. എട്ടു മുതൽ പന്ത്രണ്ടു വരെ രണ്ടാം സ്ട്രീം. ഒന്ന് മുതൽ എട്ടു വരെ അധ്യാപക യോഗ്യത ബിരുദവും ബി എഡും എട്ടു മുതൽ 12 വരെ പിജിയും ബി എഡും വേണമെന്നും റിപ്പോര്‍ട്ടില്‍ ശുപാർശ ചെയ്യുന്നു. നിലവിലുള്ള അധ്യാപകരെയും മറ്റ്​ ജീവനക്കാരെയും ബാധിക്കാതെ ഘട്ടംഘട്ടമായുള്ള ഘടനാമാറ്റമാണ്​ ശുപാർശ ചെയ്​തത്​.

ഇത്തരത്തിൽ സ്ട്രീമുകളിലേക്ക് സ്കൂളുകളുടെ ഘടന മാറുന്ന മുറയ്ക്ക് ഹെഡ്മാസ്റ്റർ, പ്രിൻസിപ്പൽ തസ്തികകളിലും മാറ്റം വരും. നിലവിൽ ഹൈസ്കൂൾ തലത്തിൽ ഹെഡ്മാസ്റ്ററും, ഹയർസെക്കണ്ടറിക്ക് പ്രിൻസപ്പലുമാണ് സ്ഥാപന മേധാവി. ശുപാർശകൾ അംഗീകരിച്ചാൽ ഒറ്റ സ്ഥാപന മേധാവിയിലേക്ക് ചുരുങ്ങും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook