തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ സർവിസിൽ തിരിച്ചെടുക്കുന്നു. സസ്പെൻഷൻ പിൻവലിക്കുന്നതു സംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവച്ചു. ഉത്തരവ് ഉടൻ പുറത്തിറങ്ങും.
ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥതല സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ പിൻവലിച്ചത്. ശിവശങ്കറിന്റെ സസ്പെൻഷൻ കാലാവധി ചൊവ്വാഴ്ച അവസാനിച്ച സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശിപാർശ നൽകിയത്.
ഒരു വർഷത്തിനും അഞ്ചു മാസത്തിനും ശേഷമാണു ശിവശങ്കർ സർവിസിൽ തിരിച്ചെത്തുന്നത്. പുതിയ നിയമനം എന്തായിരിക്കുമെന്നതിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല.
സ്വര്‍ണക്കടത്ത് കേസ് പ്രതിയുമായുള്ള ബന്ധത്തെത്തുടർന്ന് 2020 ജൂലൈ 16നാണ് ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത്. ഒരു വർഷത്തേക്ക് ആയിരുന്നു ആദ്യം സസ്പെൻഡ് ചെയ്തത്. പിന്നീട് കസ്റ്റംസും ഇഡിയും വിജിലൻസും നടത്തിയ അന്വേഷണത്തിൽ സ്വര്‍ണക്കടത്ത് കേസിലും ലൈഫ് മിഷൻ അഴിമതിക്കേസിലും ശിവശങ്കറിനെ പ്രതിചേർത്തു. തുടർന്ന് ഇഡിയും കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്യുകയും 98 ദിവസം ജയിൽ വാസം അനുഭവിക്കുകയും ചെയ്തിരുന്നു. ഇതേതുടർന്നാണ് സസ്പെൻഷൻ കാലാവധി അവസാനിക്കും മുൻപ് അത് ആറ് മാസത്തേക്ക് കൂടി നീട്ടുകയാണ്. ഇപ്പോൾ അതിന്റെ കാലാവധിയും അവസാനിച്ചു.
അതേസമയം, കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത ഡോളര്‍ കടത്ത് കേസിൽ ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ഈ കേസിന്റെ വിശദാംശങ്ങള്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മറ്റി കസ്റ്റംസില്‍ നിന്ന് തേടിയിരുന്നു. ഡിസംബര്‍ 30നകം വിശദാംശങ്ങള്‍ നല്‍കാനായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ കസ്റ്റംസിന്റെ ഭാഗത്തുനിന്ന് പ്രതികരണമൊന്നുമുണ്ടായില്ല. ലൈഫ് മിഷൻ അഴിമതിക്കേസിൽ അന്വേഷണം പൂർത്തിയായിട്ടുമില്ല. ഈ സാഹചര്യത്തിലാണ് തിരിച്ചെടുക്കുന്നതിനുള്ള ശുപാർശ സമർപ്പിച്ചത്.
പുതിയ കേസുകളൊന്നും നിലവിലില്ലെന്നും ഒന്നര വർഷമായി സസ്പെൻഷിലുള്ള ഉദ്യോഗസ്ഥനെ സർവീസിൽ തിരിച്ചെടുക്കുന്നത് അന്വേഷണങ്ങള്‍ക്ക് തടസ്സമാവില്ലെന്നും ചൂണ്ടിക്കാണിച്ചാണ് സമിതിയുടെ ശുപാർശ.
Also Read: സിൽവർ ലൈൻ പുനരധിവാസ പാക്കേജായി; വീട് നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരവും 4.60 ലക്ഷം രൂപയും