കോഴിക്കോട്: കോഴിക്കോട് കോൺഗ്രസ് ഗ്രൂപ്പ് യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ നാല് കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിക്ക് ശുപാർശ. ബേപ്പൂര്‍ മണ്ഡലം പ്രസിഡന്റ് രാജീവന്‍ തിരുവച്ചിറയെയും ചേവായൂര്‍ ബാങ്ക് പ്രസിഡന്റ് ഇ.പ്രശാന്തിനെയും സസ്പെന്‍ഡ് ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
മുൻ ഡിസിസി പ്രസിഡന്റ് യു.രാജീവൻ പരസ്യമായി ഖേദം പ്രകടിപ്പിക്കണമെന്നും ഫറോഖ് ബ്ലോക്ക് പ്രസിഡന്റ് കെ.സുരേഷിന് പരസ്യ താക്കീത് നൽകണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്. ശുപാർശ ഡിസിസി പ്രസിഡന്റ് കെപിസിസി പ്രസിഡന്റിന് കൈമാറും.
കഴിഞ്ഞ ശനിയാഴ്ചയാണ് മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടായത്. കോൺഗ്രസ് എ ഗ്രൂപ്പ് രഹസ്യയോഗം നടക്കുന്നതറിഞ്ഞ് റിപ്പോർട്ട് ചെയ്യാൻ എത്തിയതായിരുന്നു മാധ്യമപ്രവർത്തകർ. കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ മുൻ ഡിസിസി പ്രസിഡന്റ് യു.രാജീവൻ മാസ്റ്ററുടെ നേതൃത്വത്തിൽ ടി.സിദ്ദിഖിന്റെ അനുയായികളാണ് യോഗം ചേർന്നത്.
മാതൃഭൂമി ഫൊട്ടോഗ്രാഫര്‍ സാജന്‍ വി.നമ്പ്യാര്‍ക്കാണ് ആദ്യം മർദനമേറ്റത്. ഒപ്പമുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസിലെ സി.ആര്‍.രാജേഷ്, കൈരളിയിലെ മേഘ എന്നിവരെ പ്രവർത്തകർ തടഞ്ഞു വയ്ക്കുകയും ചെയ്തിരുന്നു. നെഹ്‌റു അനുസ്മരണം എന്ന പേരിലാണ് യോഗം നടത്തിയത്. എന്നാൽ വിമത യോഗമാണ് നടക്കുന്നതെന്ന് ഒരു വിഭാഗം കോൺഗ്രസുകാർ അറിയിച്ചതിനെ തുടർന്നാണ് മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്യാനെത്തിയത്.
Also Read: ദത്തുവിവാദം: അനുപമയുടെ കുഞ്ഞിനെ അഞ്ച് ദിവസത്തിനുള്ളിൽ തിരികെ എത്തിക്കാൻ ഉത്തരവ്