തിരുവനന്തപുരം: വൈദ്യുത വാഹനസംബന്ധമായ ഗവേഷണങ്ങൾക്കും ഉൽപ്പാദനത്തിനും അവസരമൊരുക്കാൻ ലോകോത്തര നിലവാരമുള്ള മികവിന്റെ കേന്ദ്രം സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വൈദ്യുതവാഹനനയം നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് വൈദ്യുതവാഹനനയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നയം നടപ്പാക്കുമ്പോൾ ലോകത്തിലെ വൈദ്യുതവാഹന രംഗത്ത് മികച്ച മത്‌സരം കാഴ്ചവെക്കാൻ കേരളത്തിന് ഇത് സഹായമാകും. ഈ ലക്ഷ്യങ്ങൾ ഉൾക്കൊണ്ടാണ് ലോകനിലവാരത്തിലുള്ള പരിശീലനവും നൈപുണ്യ വികസന വും ലക്ഷ്യമാക്കി മികവിന്റെ കേന്ദ്രം ഒരുക്കുന്നത്.

കെ.എസ്.ആർ.ടി.സിയും ഇലക്ട്രിക് ബസ്സുകൾ ഉൾപ്പെടുത്താൻ ആരംഭിച്ചിട്ടുണ്ട്. മലിനീകരണം കുറയ്ക്കുന്നതിനൊപ്പം ചെലവ് കുറയ്ക്കാനും ഇത് സഹായിക്കും. വൈദ്യുതക്കാറുകളും, ബോട്ടും ഓട്ടോകളും നയത്തിന്റെ ഭാഗമായി സർക്കാർ പ്രോത്‌സാഹിപ്പിക്കുന്നുണ്ട്. വൈദ്യുത വാഹനങ്ങൾക്കുള്ള റീചാർജിങ് പോയിന്റുകളും തുടങ്ങും.

വൈദ്യുതവാഹന നയം നടപ്പാക്കാൻ വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാൻ സ്റ്റീയറിംഗ് കമ്മിറ്റിയും സർക്കാർ രൂപീകരിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണം സർക്കാരിന്റെ അജണ്ടയാണ്. കേരളത്തിലുണ്ടായ കനത്ത മഴയും പ്രളയവും കാലാവസ്ഥാ വ്യതിയാനത്തിന്റെ കൂടി ഭാഗമാണ്. ഈ സാഹചര്യത്തി ലാണ് പരിസ്ഥിതി സൗഹൃദവും സാമ്പത്തികലാഭമുള്ളതുമായ വൈദ്യുത വാഹന നയത്തിലേക്ക് മാറുന്നത്.

സംസ്ഥാനതല ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചാണ് വൈദ്യുതവാഹനങ്ങൾ പ്രോത്‌സാഹിപ്പിക്കുന്ന നയത്തിന്റെ കരട് തയ്യാറാക്കിയത്. ഇത്തരം ശിൽപശാലകളിൽ ഉരുത്തിരിയുന്ന നിർദേശങ്ങൾ കൂടി നയത്തിൽ ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുഗതാഗതസംവിധാനത്തിൽ വൈദ്യുതവാഹനങ്ങൾ വ്യാപകമാക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സിയിൽ കൂടുതൽ ഇ-ബസ്സുകൾ ഉൾപ്പെടുത്തുമെന്ന്  ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ ഇ-ഓട്ടോകൾക്ക് മാത്രമേ ഇനി അനുമതി നൽകൂവെന്നും അദ്ദേഹം പറഞ്ഞു.

കേരള ഓട്ടോമൊബൈൽസ് പുറത്തിറക്കുന്ന ഇ-ഓട്ടോയുടെയും എൻ.ഡി.എസ് എക്കോ മോട്ടോഴ്‌സിന്റെ ഇ-സ്‌കൂട്ടറിന്റെയും ലോഞ്ചിംഗ് വ്യവസായമന്ത്രി ഇ.പി. ജയരാജനും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനും ചേർന്ന് നിർവഹിച്ചു. ഇ-മൊബിലിറ്റി ധവളപത്രം മന്ത്രി ജി. സുധാകരൻ പ്രകാശനം ചെയ്തു.

വൈദ്യുതവാഹനനയം സംബന്ധിച്ച് ഡബ്‌ളിയു.ആർ.ഐ ഇന്ത്യയും സംസ്ഥാനസർക്കാരും തമ്മിലുള്ള ധാരണാപത്രം ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലും ഡബ്‌ളിയു.ആർ.ഐ ഇന്ത്യ സി.ഇ.ഒ ഒ.പി. അഗർവാളും കൈമാറി.

ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, ഇ-മൊബിലിറ്റി സംസ്ഥാനതല ടാസ്‌ക്‌ഫോഴ്‌സ് ചെയർമാൻ അശോക് ജൂൻജൂൻവാല തുടങ്ങിയവർ സംബന്ധിച്ചു.

വൈദ്യുതവാഹന മേഖലയുമായി ബന്ധപ്പെട്ട ഉന്നതോദ്യോഗസ്ഥരും വൈദ്യുതവാഹനരംഗത്തെ നിർമ്മാതാക്കൾ, വാഹനഘടക നിർമാതാക്കൾ, സ്റ്റാർട്ട് അപ്പുകൾ, സാങ്കേതികവിദഗ്ധർ എന്നിവർ ശില്പശാലയിൽ പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളിലെ നിർദിഷ്ട മെട്രോപ്പോളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി പ്രവർത്തനക്ഷമമാക്കുന്നത് സംബന്ധിച്ചും ശില്പശാലയിൽ കൂടിയാലോചന നടക്കും. ഇലക്ട്രിക് വാഹനങ്ങൾ: കേരളത്തിന്റെ ഭാവി ഗതാഗത സംവിധാനം, വൈദ്യുത വാഹനങ്ങളിലേക്കുള്ള മാറ്റം, ബാറ്ററി ചാർജിംഗ് പരിതസ്ഥിതി സൃഷ്ടിക്കൽ, പൊതുഗതാഗത സംവിധാനത്തിന്റെ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം തുടങ്ങി വിവിധ വിഷയങ്ങൾ ശിൽപശാലയിൽ ചർച്ച ചെയ്യും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.