scorecardresearch

Rebuilding Kerala: പരിസ്ഥിതി ദുര്‍ബ്ബല പ്രദേശങ്ങളില്‍ പുനരധിവാസം നടത്തണോയെന്ന് ആലോചിക്കുന്നു: മുഖ്യമന്ത്രി

Rebuilding Kerala: ജനങ്ങളുടെ ജീവനോപാധി ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

Rebuilding Kerala: ജനങ്ങളുടെ ജീവനോപാധി ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

author-image
WebDesk
New Update
Rebuilding Kerala

Rebuilding Kerala: തിരുവനന്തപുരം: പ്രളയം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവ എളുപ്പം ബാധിക്കുന്ന സ്ഥലങ്ങളില്‍ പുനരധിവാസം നടത്തണോയെന്നത് പ്രധാന പ്രശ്‌നമാണെന്നും അതേക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Advertisment

പരിസ്ഥിതി ദുർബലപ്രദേശങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾ പ്രളയബാധയുമായി ബന്ധപ്പെട്ട് ഏറെ ചർച്ചകൾ ഉയർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.  മുഖ്യമന്ത്രിയുടെ ഈ​ നിലപാടിനോട് പൊതുവിൽ  അനുകൂല പ്രതികരണമാണ് ഉളവായിട്ടുളളത്.  ഇടുക്കിയിൽ ഉൾപ്പടെ ഉണ്ടായിട്ടുളള നാശനഷ്ടങ്ങളിൽ ഒരു പ്രധാനമേഖല പരിസ്ഥിതി ദുർബ്ബല പ്രദേശങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങളാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ ഈ അഭിപ്രായത്തിന് വളരെ ശക്തമായ പിന്തുണ ലഭിക്കുമെന്നാണ് ഈ വിഷയങ്ങൾ ഉന്നയിച്ചവർ ചൂണ്ടിക്കാണിക്കുന്നത്.

ജനങ്ങളുടെ ജീവനോപാധി ഉറപ്പു വരുത്തേണ്ടത് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പ്രധാനഘടകമാണ്. ഓഗസ്റ്റ് 30ന് നിയമസഭ ചേരുന്നുണ്ട്. ദുരന്തമുഖത്ത് സജീവമായി പ്രവര്‍ത്തിച്ച എംഎല്‍എമാരുടെ അഭിപ്രായവും സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുയരുന്ന അഭിപ്രായങ്ങളും കണക്കിലെടുത്താവും പുനര്‍നിര്‍മാണ രൂപരേഖ സര്‍ക്കാര്‍ തയ്യാറാക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

തകര്‍ന്ന റോഡുകളും പാലങ്ങളും പുനര്‍നിര്‍മിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ കണ്ടെത്തണം. ഇത്തരം വിഷയങ്ങള്‍ സൂക്ഷ്മമായ പരിശോധനയ്ക്കും ചര്‍ച്ചകള്‍ക്കും വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. വിവിധ മേഖലകളില്‍ നിന്ന് സര്‍ക്കാരിന് വലിയ തോതില്‍ സഹായം ലഭിക്കുന്നുണ്ട്. ലോകത്തെ വിവിധ ജനസമൂഹം സഹായവും പിന്തുണയുമായി രംഗത്തുണ്ട്. വിഭവസമാഹരണത്തിനൊപ്പം ഇവയെല്ലാം ചേരുമ്പോള്‍ ദുരന്തം മറികടക്കാനുള്ള സാമ്പത്തിക അടിത്തറ ഉണ്ടാക്കാനാവുമെന്നാണ് പ്രതീക്ഷ. നഴ്‌സറി കുട്ടികള്‍ മുതല്‍ മുതിര്‍ന്ന പൗരന്‍മാര്‍ വരെ പുനര്‍നിര്‍മാണത്തില്‍ പങ്കാളികളാകാന്‍ മുന്നോട്ടു വരുന്നു. എല്ലാവര്‍ക്കും പങ്കാളിത്തം ലഭിക്കുന്ന കര്‍മ്മ പരിപാടിക്ക് സര്‍ക്കാര്‍ രൂപം നല്‍കും.

Advertisment

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി സുപ്രീം കോടതി ജഡ്ജിമാര്‍ ഡല്‍ഹിയില്‍ ഒരുമിച്ച് ഫണ്ട് ശേഖരണം നടത്തുകയുണ്ടായി. അത്തരം ഇടപെടല്‍ അത്യന്തം ശ്‌ളാഘനീയമാണ്. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക ഘടകത്തിനൊപ്പം ഏതു തരം പുനര്‍നിര്‍മാണമാണ് വേണ്ടതെന്നും നിശ്ചയിക്കണം.

പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നു. ഓഗസ്റ്റ് 21ന് 3,91, 494 കുടുംബങ്ങളിലെ 14,50,707 പേരാണ് ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ 53703 കുടുംബങ്ങളിലെ 1,97,518 പേരാണുള്ളത്. ഭൂരിഭാഗവും പുനരധിവാസത്തിന്റെ ഭാഗമായി വീടുകളിലേക്ക് തിരിച്ചുപോയി. വീടുകള്‍ താമസ യോഗ്യമാക്കുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധ സംഘടനകളും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുകയാണ്. യുവജനങ്ങള്‍ നല്ല പങ്ക് വഹിക്കുന്നു. വീട് ശുചീകരണത്തില്‍ പങ്കാളികളാകാന്‍ കൂടുതല്‍ പേര്‍ സന്നദ്ധരാകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

ആലപ്പുഴയിലെയും വടക്കന്‍ പറവൂര്‍, ആലുവ മേഖലകളിലെയും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ചില സ്‌കൂളുകളൊഴിച്ച് മറ്റുള്ളവയെല്ലാം ഇന്ന് (29ന്) പ്രവര്‍ത്തനം തുടങ്ങുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Kerala Floods Pinarayi Vijayan Rebuilding Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: