Rebuilding Kerala: ഇന്ന് തിരുവോണം. മലയാളികൾ ലോകത്തിന്റെ ഏത് കോണിലായാലും എല്ലാ അതിരുകൾക്കും അപ്പുറമായി ആഘോഷിക്കുന്ന ഒരു ഉത്സവദിനം. എന്നാൽ ഇത്തവണ ഓണം കടന്നു വരുന്നത് കേരളീയന്റെ മുറിവേറ്റ വീണ നാളുകൾക്കിടെയാണ്. കഴിഞ്ഞ ദിവസം കടന്നു പോയ ബലിപ്പെരുനാൾ പോലെ തന്നെ ആവേശവും ആഘോഷവുമില്ലാതെ മലയാളി  ഓണ ദിനത്തിലൂടെ കടന്നു പോകുന്നു.

എല്ലാ വിഷമങ്ങളും മറി കടക്കുന്ന ദിനമാണ് മലയാളിക്ക് ഓണം. വരാൻ പോകുന്ന നല്ല നാളെകളെ കുറിച്ചുള്ള സ്വപ്നങ്ങൾ കൊണ്ട് മലയാളി പൂക്കളമിടുന്ന ദിദിനം. പ്രളയം തകർത്ത കേരളത്തെ തിരിച്ചു പിടിക്കാനുള്ള മലയാളിയുടെ പ്രയത്നങ്ങൾക്ക് ആവേഗവും ആവേശവും പകരുന്നതായി ഈ ഓണ ദിനം മാറും.

കാർഷികോത്സവമെന്ന് പേരു കേട്ടതും ഐതീഹ്യത്തിൽ സമത്വത്തിന്റെ ലോക നിർമ്മിതിയുടെ കഥ പറയുന്നതുമായ ഓണത്തിന് ഇന്നത്തെ സാഹചര്യത്തിൽ ഏറെ പ്രസക്തിയുണ്ട്. കേരളത്തിനെ വീണ്ടെടുക്കാൻ ഒന്നിച്ച് നിൽക്കുന്ന ഒരു സമൂഹമാണ് ഒരേ മനസ്സോടെ ഓണത്തെ സ്വീകരിക്കാൻ നിൽക്കുന്നത്. ഇന്നലെ വരെ ഉണ്ടായിരുന്നതെല്ലാം ഇല്ലാതായി പോയ ഒരു വലിയ ജനതയുടെ പ്രതിനിധിയാണ് ഇന്ന് ഓരോ മലയാളിയും.

പ്രധാനമായും ഐക്യകേരള രൂപീകരണത്തിന് ശേഷം രൂപപ്പെടുത്തിയെടുത്ത കേരളത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുൾപ്പടെ തകർത്തെറിഞ്ഞ് പോയ പ്രളയത്തിന്റെ ദുരന്ത ചിത്രത്തിന് മുന്നിലിരുന്നാണ് മലയാളി ഓണം ഉണ്ണേണ്ടി വരുന്നത്. മധുരമായ ഓർമ്മകൾക്ക് മേൽ ദുരന്തത്തിന്റെ വർത്തമാന ചിത്രമാണ് മലയാളിയുടെ മുന്നിൽ നിറഞ്ഞു നിൽക്കുന്നത്. ഈ​ സാഹചര്യത്തിൽ ആർഭാടങ്ങളില്ലാത്ത എന്നാൽ സ്നേഹത്തിന്റെയും ഒരുമയുടെയും സമത്വത്തിന്റെയും സന്ദേശമായ, കളളവും ചതിയും ഇല്ലാത്ത ആ ഐതീഹ്യനാളിന്റെ ഓർമ്മത്തിരുനാൾ മലയാളിക്ക് പ്രധാനപ്പെട്ടതാണ്.

പ്രളയം തകർത്തെറിഞ്ഞ കേരളത്തിന് മുന്നിൽ ഓണം നൽകുന്ന സന്ദേശത്തിന്റെ പ്രസക്തി വളരെ വലുതാണ്, അതുൾക്കൊണ്ട് കൊണ്ടാകും മലയാളി ഇത്തവണ ഓണത്തപ്പനെ വരവേൽക്കുക. സ്നേഹത്തിന്റെയും ദാനത്തിന്റെയും മഹത്വം വെളിപ്പെടുത്തിയ മഹാബലിയുടെ കഥയിൽ ചതിയുടെയും വഞ്ചനയുടെയും രൂപങ്ങളും പ്രത്യക്ഷമാണ്. ഈ കഥയുടെ വർത്തമാനകാലചിത്രം ഇന്ന് കേരളം നേരിടുന്ന പ്രതിസന്ധിയിലും കാണാം. അത് മനസ്സിലാക്കിയുളള മലയാളിയുടെ മുന്നോട്ട് പോക്കും കൂടെയാകും മുൻകാല ആഘോഷങ്ങളില്ലാത്ത​​ ഈ ഓണം.

കഴിഞ്ഞ ദിവസങ്ങളിൽ പേമാരിയും പ്രളയവും അധികം ബാധിക്കാത്ത ജില്ലകളിൽ കൂടെ കടന്നു പോകുമ്പോഴും വിപണികളിലോ ആളുകളിലോ ഓണത്തിന്റെ ആവേശം പ്രകടമല്ല. ഒഴിഞ്ഞ തെരുവുകളല്ല എന്നത് വാസ്തമാണ്, പക്ഷേ മുൻ ഓണക്കാലങ്ങളിൽ ഒന്നും കണ്ട തെരുവുകളോ കച്ചവടമോ ആൾത്തിരക്കോ ഈ​ ദിവസങ്ങളിലൊന്നും കണ്ടില്ല.​ഉത്രാടപ്പാച്ചിൽപോലും ഉണ്ടായില്ലെന്ന് തന്നെ പറയാം. അത്രയ്ക്ക് മാനസികമായി മലയാളി ഐക്യപ്പെട്ടിരിക്കുന്നു ഇന്ന് നമ്മൾ നേരിടുന്ന ദുരന്തത്തെ നേരിടാൻ എന്ന് തന്നെ പറയേണ്ടി വരും. ദുരിതാശ്വാസ ക്യാംപുകളിൽ മാത്രമല്ല, അവിടേയ്ക്ക് സാധനങ്ങൾ നൽകാൻ തയ്യാറെടുക്കുന്ന സ്ഥലങ്ങളിലും അവരെ സഹായിക്കാനായി പോകുന്നവരിലും ഓർത്തെടുക്കാൻ സ്നേഹത്തിന്റെ ഓർമ്മത്തുണ്ടുകളാണ് ഈ ഓണ ദിനം നൽകുന്നത്.

മൂന്നടി മണ്ണ് ദാനം ചെയ്ത് മഹാബലിക്ക് ചതിയിൽ  സ്വന്തം രാജ്യം മാത്രമല്ല, ജീവനും കൂടെ അന്യമാകുന്ന കഥയുടെ ചിത്രം ഇന്ന് ഓരോ മലയാളിയുടെയും ഉള്ളിലേയ്ക്ക് കടന്നു വന്നു കഴിഞ്ഞു. പുതുജീവിതത്തെയും പുതു കേരളത്തെയും നിർമ്മിച്ചെടുക്കാനുളള ഒരു ഓണമാണ് പുലര്‍ന്നിരിക്കുന്നത്. സമത്വത്തിന്റെയും ദാനത്തിന്റെയും കഥ പറയുന്ന മഹാബലി പെരുമാളിന്റെ തിരിച്ചുവരവിന്റെ ഓർമ്മദിനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.