നവകേരള നിർമ്മാണം; മന്ത്രിമാരുടെ വിദേശയാത്രയിൽ കേന്ദ്ര നിലപാട് കാത്ത് കേരളം

വിദേശരാജ്യങ്ങളിൽ നിന്ന് 5000 കോടിയെങ്കിലും സമാഹരിക്കാനാവുമെന്നാണ് സംസ്ഥാന സർക്കാരിന്റെ പ്രതീക്ഷ

തിരുവനന്തപുരം: പ്രളയാനന്തരം നവകേരള നിർമ്മാണത്തിനായി മന്ത്രിമാർ നടത്തുന്ന വിദേശയാത്രയിൽ ഇന്ന് കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചേക്കുമെന്ന് പ്രതീക്ഷ. കേന്ദ്രാനുമതിയുടെ കാര്യത്തിൽ ഇന്നും തീരുമാനമുണ്ടായില്ലെങ്കില്‍ മന്ത്രിമാർക്ക് യാത്ര മാറ്റി വയ്ക്കേണ്ടി വരും. ഇത് സർക്കാരിന് ബാധ്യതയുമാകും.

വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്നതിനായി സംസ്ഥാനത്തെ 17 മന്ത്രിമാർ സമർപ്പിച്ച അപേക്ഷകളാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ രാഷ്ട്രീയ അനുമതിക്കായി കാക്കുന്നത്. പല രാജ്യങ്ങളുടെയും എംബസികളിൽ നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് എതിർപ്പുന്നയിച്ചത്.

കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുവദിക്കാതെ മന്ത്രിമാർക്ക് വിദേശത്തേക്ക് പോകാനാവില്ല. കർശന ഉപാധികളോടെയാണ് മുഖ്യമന്ത്രിക്ക് കേന്ദ്രം യാത്രാനുമതി നൽകിയത്. മന്ത്രിമാരുടെ സന്ദർശനവുമായി ബന്ധപ്പെട്ട് പല രാജ്യങ്ങളിലും നോർക്കയുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. ഈ മാസം 18 മുതൽ 24വരെയാണ് വിദേശയാത്ര നിശ്ചയിച്ചിരുന്നത്.

കേന്ദ്രം അനുമതി നൽകിയ ശേഷമേ വിസയ്ക്ക് അപേക്ഷിക്കാനാവൂ. കേന്ദ്ര സർക്കാർ അനുമതി വൈകിപ്പിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സിപിഎം കരുതുന്നുണ്ട്. അനുമതി ലഭിക്കാത്ത സാഹചര്യം ഉണ്ടായാൽ ഇക്കാര്യത്തിൽ കേന്ദ്രത്തിനെതിരെ തുറന്നടിക്കാനാവും സിപിഎം ശ്രമിക്കുക. വിദേശ രാജ്യങ്ങളിലെ സന്ദർശനം വഴി 5,000 കോടി രൂപയോളം നവ കേരള നിർമാണത്തിനായി കണ്ടെത്താമെന്നായിരുന്നു സർക്കാരിന്റെ കണക്കു കൂട്ടൽ.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Rebuild kerala campaign ministers awaiting meas approval for foreign visit

The moderation of comments is automated and not cleared manually by malayalam.indianexpress.com