കൊച്ചി: എറണാകുളം വടക്കേക്കരയില്‍ പ്രളയ ദുരിത ബാധിതര്‍ക്കായി നിര്‍മ്മിച്ച് നല്‍കിയ വീടുകളുടെ താക്കോല്‍ ദാനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. എറണാകുളം വടക്കേക്കര ഗ്രാമപഞ്ചായത്ത് ലൈഫ് റീബില്‍ഡ് പദ്ധതി പ്രകാരം നിര്‍മ്മിച്ച 500 ഭവനങ്ങളുടെ താക്കോല്‍ ദാനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്.

ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതലുകളെടുക്കേണ്ട നാടായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ താക്കോൽ ദാന ചടങ്ങിന് ശേഷം പറഞ്ഞു. ദുരിതബാധിതരായ വ്യാപാരികളുടെയും ചെറുകിട വ്യവസായികളുടെയും കാര്യത്തിൽ സഹായം ലഭ്യമാക്കാൻ നിലവിൽ മാനദണ്ഡങ്ങൾ ഇല്ല. ഇവർക്ക് സഹായം എത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: നരേന്ദ്ര മോദിയുടെ ഹിന്ദി ബെയര്‍ ഗ്രില്‍സിന് മനസ്സിലായത് എങ്ങനെ? വെളിപ്പെടുത്തല്‍

അതേസമയം, സംസ്ഥാനത്ത് കനത്ത മഴയിലും ഉരുള്‍പൊട്ടലിലും നാശനഷ്ടമുണ്ടായ 1038 വില്ലേജുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചുകൊണ്ട് ദുരിതാശ്വസ കമ്മീഷണര്‍ ഉത്തരവിറക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ല ഒഴികെ മറ്റെല്ലാ ജില്ലകളിലേയും വില്ലേജുകൾ പട്ടികയിലുണ്ട്.

ഓ​ഗസ്റ്റ് എട്ട് മുതല്‍ ഒരാഴ്ച പെയ്ത കനത്ത മഴയില്‍ സംസ്ഥാനത്തെ 13 ജില്ലകളിലാണ് നാശനഷ്ടമുണ്ടായത്. ജില്ലാ കളക്ടര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ദുരന്തബാധിത വില്ലേജുകള്‍ ഏതൊക്കെയെന്ന് പ്രഖ്യാപിച്ചത്. മലപ്പുറം, വയനാട് ജില്ലകളിലെ മുഴുവന്‍ വില്ലേജുകളേയും ദുരന്തബാധിതമായി പ്രഖ്യാപിച്ചു. തൃശ്ശൂരില്‍ 215ഉം, പാലക്കാട് 124ഉം , കോഴിക്കോട് 115ഉം വില്ലേജുകള്‍ പട്ടികയിലുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിനു ശേശം 1264 വില്ലേജുകളെയാണ് ദുരന്തബാധിത പ്രദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.