തിരുവനന്തപുരം: സാമുദായിക സംഘടനകള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശത്രുക്കളല്ലെന്നും എന്‍എസ്എസുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ് തെക്കന്‍ മേഖലാ ജനസംരക്ഷണയാത്രയുടെ പര്യടനത്തിനിടെ സിപിഎം ജില്ലാകമ്മിറ്റി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കോടിയേരി ഇക്കാര്യം വ്യക്തമാക്കിയത്.

എന്‍എസ്എസ് നേതൃത്വത്തിന് വിയോജിപ്പുണ്ടെങ്കിലും സമുദായത്തിലെ ഭൂരിഭാഗം ആളുകളും ഇടതുപക്ഷത്തോടൊപ്പമാണെന്ന് കോടിയേരി പറഞ്ഞു. എന്‍എസ്എസിന്റെ വിയോജിപ്പ് അവരുടെ അഭിപ്രായമായാണ് കാണുന്നത്, ശത്രുതയായല്ല. നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നിന്നിട്ടുള്ളവരാണ് സമുദായസംഘടനകള്‍. അത്തരം ശ്രമങ്ങള്‍ക്കൊപ്പം എല്ലാ കാലത്തും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ നിന്നിട്ടുണ്ട്. എസ്എന്‍ഡിപി യോഗത്തിന്റെയും കെപിഎംഎസിന്റെയും നിലപാടുകള്‍ സ്വാഗതാര്‍ഹമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ഇടതിന് അനുകൂലമാണെന്ന് കോടിയേരി പറഞ്ഞു. കഴിഞ്ഞ ദിവസത്തെ തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ അതിന്റെ തെളിവാണെന്ന് കോടിയേരി വ്യക്തമാക്കി. ഇടതുസര്‍ക്കാര്‍ അധികാരമേറ്റ ശേഷം തുടര്‍ച്ചയായി എല്‍ഡിഎഫിന് അനുകൂലമായ മുന്നേറ്റമാണ്. തദ്ദേശസ്ഥാപനങ്ങളിലേക്ക് 14 ഘട്ടങ്ങളിലായി നടന്ന ഉപതിരഞ്ഞെടുപ്പുകളിലെല്ലാം മേല്‍ക്കൈയുണ്ടായി. ഓരോ വര്‍ഷവും എത്രത്തോളം വാഗ്‌ദാനങ്ങള്‍ നടപ്പാക്കിയെന്ന് ജനങ്ങളോട് വിശദീകരിച്ചും പരിമിതികള്‍ ബോധ്യപ്പെടുത്തിയുമാണ് ഇടതുസര്‍ക്കാര്‍ നീങ്ങുന്നത്. എല്ലാ മേഖലയിലെയും സര്‍ക്കാരിന്റെ മികച്ച പ്രകടനത്തിനുള്ള അംഗീകാരമാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പ് വിജയമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ