തിരുവനന്തപുരം: നാടാകെ പ്രളയത്തിൽ വലയുകയാണ്. സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി നിരവധി പേരാണ് പലയിടങ്ങളിലായി ഒറ്റപ്പെട്ട് പോകുന്നത്. രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാൻ കാലതാമസവും നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഭക്ഷണമുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളൊന്നും ലഭിക്കാതെ, വീടുകളുടെ ടെറസിലും മറ്റും അഭയം പ്രാപിച്ചിരിക്കുകയാണ് പലരും. ഈ സാഹചര്യത്തില്‍ സുരക്ഷ എന്നതു തന്നെയാണ് ഏറ്റവും പ്രാഥമികമായ കാര്യം. ദുരന്തനിവാരണ സമിതിയുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുമ്പോഴും നമുക്ക് ചെയ്യാനാകുന്ന ചില കാര്യങ്ങളുണ്ട്. നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ വെബ്‌സൈറ്റില്‍ ഇവ അക്കമിട്ടു നിരത്തിയിട്ടുണ്ട്.
വെള്ളപ്പൊക്ക സാധ്യത പ്രദേശങ്ങളിലുള്ളവർ പ്രാഥമികമായി ഒരു എമര്‍ജന്‍സി കിറ്റ് ഉണ്ടാക്കി വയ്ക്കുന്നത് ഉപകാരപ്പെടും-
ഈ കിറ്റില്‍ ഉണ്ടാകേണ്ട വസ്തുക്കള്‍: ടോര്‍ച്ച്, റേഡിയോ, വെള്ളം, അത്യാവശ്യം വേണ്ടുന്ന മരുന്ന്, ഭക്ഷണസാധനങ്ങള്‍, ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷന്‍, ക്ലോറിന്‍ ടാബ്‌ലെറ്റ്, ടോര്‍ച്ചില്‍ ഇടാവുന്ന ബാറ്ററി, ഒരു സാധാരണ മൊബൈല്‍ ഫോണ്‍, ചാര്‍ജര്‍, പവര്‍ ബാങ്ക്, അത്യാവശ്യ ഉപയോഗത്തിനുള്ള പണം. കൈകളിൽ കരുതാവുന്ന രീതിയിലും എളുപ്പത്തിൽ നശിക്കാത്ത തരത്തിലും വേണം കിറ്റ് തയ്യാറാക്കുവാൻ.
മൊബൈൽ ഫോണുകളിൽ ചാർജ് തീരുന്നപക്ഷം നിങ്ങളുടെ കൈവശമുള്ള സാധാരണ സെല്ലുലാർ ബാറ്ററികളിൽനിന്നും ഫോൺ ചാർജ് ചെയ്യാവുന്നതാണ്. യുഎസ്ബി കേബിൾ മുറിച്ചതിന് ശേഷം അതിലെ ചുവപ്പും കറുപ്പും നിറത്തിലുള്ള വയറുകൾ 1.5v ന്റെ മൂന്ന് ബാറ്ററികളിൽ ഘടിപ്പിച്ചാൽ ഫോൺ ചാർജ് ചെയ്യാവുന്നതാണ്.
റേഡിയോ, ടെലിവിഷന്‍ വാര്‍ത്തകള്‍ ശ്രദ്ധിക്കുക :
റേഡിയോ, ടെലിവിഷന്‍ വാര്‍ത്തകള്‍ ശ്രദ്ധിക്കുക. ജാഗരൂകരായിരിക്കുക. ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടില്‍ എല്ലാവരോടും പറയുക. അടിയന്തര സാഹചര്യത്തില്‍ നിങ്ങള്‍ പുറത്താണെങ്കില്‍ നിങ്ങളെ കാത്തുനില്‍ക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവര്‍ക്ക് നിർദ്ദേശം നല്‍കുക. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക.
ദുർബലരായവരെ ആദ്യം മാറ്റിപ്പാര്‍പ്പിക്കുക:
വീട്ടില്‍ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവര്‍ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്ക സാധ്യത ഉണ്ടെങ്കില്‍ അവരെ ആദ്യം മാറ്റാന്‍ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കില്‍, ഇവരെ സംബന്ധിച്ച വിവരം അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കുക.
മെയിന്‍ സ്വിച്ച് ഓഫ് ആക്കുക:
സമയമുണ്ടെങ്കില്‍ വീടിനു അകത്തുളള ഫര്‍ണിച്ചറുകള്‍ മുകള്‍ ഭാഗങ്ങളിലേക്ക് മാറ്റാന്‍ ശ്രമിക്കുക. നിങ്ങള്‍ വെള്ളത്തില്‍ നില്‍ക്കുകയോ നനഞ്ഞ അവസ്ഥയിലോ ആണെങ്കില്‍ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാതിരിക്കുക. ജലം കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചാല്‍, വൈദ്യുത ആഘാതം ഒഴിവാക്കുവാനായി മെയിന്‍ സ്വിച്ച് ഓഫ് ആക്കുക.
വീടിനു പുറത്തിറങ്ങുമ്പോള്‍ വെള്ളം ഒഴുകുന്ന ഭാഗത്തൂടെ നടക്കാതിരിക്കുക. ആറടി വരെ ഉയരത്തില്‍ വെളളം ഒഴുകുമ്പോള്‍ വീണു പോകാനുള്ള സാധ്യത കൂടുതലാണ്. വടിയുപയോഗിച്ച് നടക്കാന്‍ ശ്രമിക്കുക. വളര്‍ത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയില്‍ കെട്ടഴിച്ചു വിടുകയോ ചെയ്യുക.
നിരത്തുകളില്‍ ജാഗരൂകരാവുക:
വെള്ളം പൊങ്ങിയ ഭാഗങ്ങളിലൂടെ വാഹനങ്ങള്‍ ഓടിക്കാതിരിക്കുക. വെള്ളത്തില്‍ മുങ്ങിയ വാഹനങ്ങള്‍ക്കു മുകളില്‍ കയറി നില്‍ക്കാതിരിക്കുക. നദി മുറിച്ചുകടക്കാതിരിക്കുക, പാലങ്ങളിലും നദിക്കരയിലും മറ്റും കൂട്ടം കൂടി നില്‍ക്കരുത്. വെള്ളമൊഴുക്ക് കാണാന്‍ പോകരുത്. സമീപത്തു നിന്ന് സെല്‍ഫി എടുക്കരുത്.
പ്രധാനപ്പെട്ട രേഖകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ആഭരണങ്ങള്‍ പോലെ വിലപിടിപ്പുള്ള സാധനങ്ങള്‍ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളില്‍ എളുപ്പം എടുക്കാന്‍ പറ്റുന്ന ഉയര്‍ന്ന സ്ഥലത്തു വീട്ടില്‍ സൂക്ഷിക്കുക.