വിമർശിച്ചും സ്വാഗതം ചെയ്തും നേതാക്കൾ; ബജറ്റ് പ്രതികരണങ്ങൾ

ബജറ്റ് അവതരണം രാഷ്ട്രീയ പ്രസംഗത്തിന് സമാനമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

VD Stheeshan, Jose K Mani, K Surendran

തിരുവനന്തപുരം: കെ.എൻ.ബാലഗോപാലിന്റെ കന്നി ബജറ്റിനെതിരെ ചോദ്യങ്ങളും വിമര്‍ശനങ്ങളുമായി പ്രതിപക്ഷ നേതാവും, യുഡിഎഫ് ജനപ്രതിനിധികളും. ബജറ്റ് അവതരണം രാഷ്ട്രീയ പ്രസംഗത്തിന് സമാനമായിരുന്നെന്ന് വി.ഡി.സതീശന്‍ വിമര്‍ശിച്ചു. കണക്കുകളില്‍ അവ്യക്തതയുണ്ടെന്നും സതീശന്‍ ചൂണ്ടിക്കാണിച്ചു. 5000 കോടി രൂപ ബാക്കിയുണ്ടെന്നാണ് മുന്‍ ധനമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നത്. എന്നാല്‍ അതിനെക്കുറിച്ചൊരു സൂചന പോലും ബജറ്റിലില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യബജറ്റ് പ്രത്യാശ നല്‍കുന്നതല്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്തിന്‍റെ പൊതു ധനസ്ഥിതിയെ കുറിച്ച് ഒരു വ്യക്തതയും നല്‍കാതെയുള്ള ബജറ്റാണിത്. കോവിഡ് അനുബന്ധ പ്രവർത്തനങ്ങൾക്കായി പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ സമഗ്ര പാക്കേജ് കണ്ണില്‍പ്പൊടിയിടാനുള്ള തന്ത്രം മാത്രമാണ്.കടമെടുത്ത് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്ന കടത്തില്‍ മുങ്ങിയ ഒരു സർക്കാരിന്‍റെ ബജറ്റാണിതെന്നും മുല്ലപ്പള്ളി പറഞ്ഞു.

പരമ്പരഗാത-അസംഘടിത തൊഴില്‍ മേഖലയ്ക്കും കാര്‍ഷിക-തോട്ടം മേഖയ്ക്കും ഉണര്‍വ് പകരുന്ന കാര്യമായ ഒന്നും തന്നെ ബജറ്റിലില്ല. യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തമില്ലാത്ത ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. സര്‍ക്കാരിന്‍റെ കയ്യില്‍ വരുമാനമില്ലാത്ത അവസ്ഥയില്‍ സാധാരണക്കാരന് എങ്ങനെ വരുമാനം എത്തിക്കുമെന്ന ദിശാബോധം നല്‍കാന്‍ പോലും ബജറ്റിന് കഴിയുന്നില്ലെന്നത് നിരാശാജനകമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

കോവിഡ് മഹാമാരിയിലും കേരളത്തിന്റെ വികസനത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുമെന്നതിന് ആത്മവിശ്വാസം പകരുന്ന ബജറ്റാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചതെന്ന് മുന്‍ ധനമന്ത്രി ടി എം തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുൻ മന്ത്രിയുടെ പ്രതികരണം.

Read More: പ്രതിസന്ധിയിലും കേരളം വളർച്ചയുടെ കുതിപ്പിലേക്ക്: ബജറ്റിന് കൈയ്യടിച്ച് മുൻ ധനമന്ത്രി

പുതിയ സര്‍ക്കാരിന്‍റെ പോക്ക് ഒട്ടും സുഖകരമാകില്ലെന്നതിന്‍റെ ആദ്യ സൂചനയാണ് ബജറ്റ് നൽകുന്നതെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംഎല്‍എ അഭിപ്രായപ്പെട്ടു. സംസ്ഥാന ബജറ്റ് നിരാശാജനകമാണെന്നാണ് എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ പ്രതികരണം. സംസ്ഥാനത്തിന്‍റെ പൊതു ധനസ്ഥിതിയെക്കുറിച്ച് വ്യക്തമാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡിന്‍റെ മൂന്നാം തരംഗം നേരിടാനുള്ള പദ്ധതികൾ ബജറ്റിൽ വിഭാവനം ചെയ്യുന്നില്ലെന്നും എംഎൽഎ വ്യക്തമാക്കി.

ബജറ്റിലെ ജനക്ഷേമ പദ്ധതികളെ സ്വാഗതം ചെയ്യുന്നതായി മുൻ കേന്ദ്രമന്ത്രി കെ.വി.തോമസ്. പദ്ധതികൾ നടപ്പാക്കുന്നതിന് പണം എവിടെ നിന്ന് കണ്ടെത്തുമെന്ന് വ്യക്തമല്ല, കടം മേടിച്ച് മാത്രം മുന്നോട്ട് പോകാൻ കഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. തീരദേശ ഹൈവേ നിർമ്മാണം തീരദേശവാസികളെ വിശ്വാസത്തിലെടുത്ത് വേണം നടപ്പാക്കാനെന്നും അവരുടെ ജീവനോപാധിയും കിടപ്പാടവും സംരക്ഷിച്ചു വേണം ഹൈവേ നിർമ്മിക്കാനെന്നും മുന്‍ കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.

അതേസമയം, കാര്‍ഷിക മേഖലയിലെ പ്രഖ്യാപനങ്ങളെ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം സ്വീകരിച്ചു. ബജറ്റിലെ പ്രഖ്യാപനങ്ങള്‍ കാര്‍ഷിക മേഖലയ്ക്ക് വലിയ കരുത്ത് പകരുമെന്ന് ജോസ് കെ.മാണി പറഞ്ഞു. ആരോഗ്യ അടിയന്തരാവസ്ഥ നേരിടുമ്പോള്‍ ആ മേഖലയ്ക്ക് ഊന്നല്‍ നല്‍കികൊണ്ട് സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന് ഉള്‍പ്പടെയുള്ള പ്രഖ്യാപനങ്ങള്‍ ആശ്വാസകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: കവിതാ ശകലങ്ങളില്ല, ഉദ്ധരണികളില്ല; ഒരു മണിക്കൂറിൽ ലളിതം ബാലഗോപാലിന്റെ കന്നി ബജറ്റ്

കഴിഞ്ഞ ബജറ്റിൽ അവതരിപ്പിച്ച പ്രധാന തട്ടിപ്പായ 20,000 കോടിയുടെ സാമ്പത്തിക പാക്കേജ് ഇത്തവണ വീണ്ടും പ്രഖ്യാപിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. സാമ്പത്തിക പാക്കേജ് പ്രകാരം എത്ര രൂപ എന്തിനൊക്കെ ചിലവഴിച്ചുവെന്ന് ധനമന്ത്രി വ്യക്തമാക്കണം. പൊതുമരാമത്ത് കരാറുകാരുടെ കുടിശ്ശിക വീട്ടാനല്ലാതെ ജനങ്ങൾക്ക് എന്ത് ​ഗുണമാണ് സാമ്പത്തിക പാക്കേജ് കൊണ്ട് ഉണ്ടായതെന്ന് സർക്കാർ പറയണം. കേന്ദ്രം അനുവദിച്ച 19,500 കോടിയുടെ റവന്യൂ കമ്മി ​ഗ്രാൻഡ് മാത്രമാണ് ബജറ്റിന് ആധാരം. മറ്റൊരു ധനാ​ഗമ മാർ​ഗവും സർക്കാരിനില്ലെന്ന് വ്യക്തമായെന്നും സുരേന്ദ്രന്‍.

പരമ്പരാഗത തൊഴിൽ മേഖലയിലെ തൊഴിലാളികളുടെ ശ്രമഫലമായി വളർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി തുടർ ഭരണം നേടിയപ്പോൾ ബജറ്റില്‍ പരമ്പരാഗത തൊഴിൽ മേഖലയിലെ തൊഴിലാളികളെ അവഗണിച്ചുവെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Reactions on kn balagopals budget

Next Story
കോവിഡ് വാക്‌സിനേഷൻ: എത്ര പണം വേണമെങ്കിലും ചെലവാക്കുമെന്ന് മന്ത്രി ബാലഗോപാൽCovid19, Covid19 kerala, covid restrictions Kerala, covid lockdown norms kerala, covid restrictions for shopes Kerala, covid restrictions mall reopening kerala, covid cases kerala, covid deaths kerala, covid vaccination drive kerala, covid vaccination for senior citizen kerala, pinarayi vijayan, veena george, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com