ന്യൂഡൽഹി: പ്രതിപക്ഷ നിരയിൽ പാർലമെന്റിന് അകത്തും പുറത്തും കോൺഗ്രസിന്റെ ശക്തികളിലൊരാളാണ് ശശി തരൂർ. ഒരു ഘട്ടത്തിൽ കോൺഗ്രസ് പ്രധാനമന്ത്രി സ്ഥാനാർഥിയായി ശശി തരൂരിനെ ഉയർത്തിക്കാട്ടണമെന്നുവരെ ആവശ്യമുയർന്നിരുന്നു. അദ്ദേഹത്തിന്റെ നിലപാടുകളെ സമൂഹമാധ്യമങ്ങളിൽ നിരന്തരം പിന്തുടരുന്ന വലിയൊരു വിഭാഗമായിരുന്നു ഈ പ്രചാരണത്തിനും പിന്നിൽ.

ഇന്നലെ രാജ്യത്തെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച വൈദ്യുത പദ്ധതിയ്ക്കും ശശി തരൂരിൽ നിന്ന് തക്കതായ മറുപടി തന്നെയാണ് ലഭിച്ചത്. എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാനുള്ള പദ്ധതി കേന്ദ്ര സർക്കാർ ആവിഷ്കരിക്കും മുൻപ് തന്നെ കേരളം ഈ ലക്ഷ്യം നേടിക്കഴിഞ്ഞെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വൈദ്യുതി വിതരണം സംബന്ധിച്ച പട്ടികയാണ് ഇന്നലെ തരൂർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. അതിൽ കേരളം തന്നെയാണ് ഒന്നാം സ്ഥാനത്തും.

“ഇന്ത്യയിലെ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വൈദ്യുതീകരണത്തിന്റെ പട്ടിക നോക്കൂ. കേരളം വീണ്ടും ഒന്നാമതാണ്. വെറുതെ പറഞ്ഞെന്ന് മാത്രം”, ശശി തരൂർ കുറിച്ചു.

കേരളത്തിനൊപ്പം കേന്ദ്രഭരണ പ്രദേശമായ ദാമൻ ദിയുവും 100 ശതമാനം വൈദ്യുതീകരണം യാഥാർഥ്യമാക്കിയിട്ടുണ്ട്. ലക്ഷദ്വീപാണ് തൊട്ട് പുറകിൽ. 18 ഓളം സംസ്ഥാനങ്ങളിൽ 97 ശതമാനത്തിലധികം വീടുകളിൽ വൈദ്യുതീകരണം യാഥാർഥ്യമായിട്ടുണ്ടെന്നും തരൂർ വിശദീകരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ