തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകൾ ഇന്നുമുതൽ തുറന്നുപ്രവർത്തിക്കും. ബാറുകൾക്ക് പുറമെ കള്ളുഷാപ്പുകളും തുറന്ന് പ്രവർത്തിക്കും. ബാറുകൾ സാധാരണ രീതിയിൽ തുറന്നുപ്രവർത്തിക്കാമെന്ന് ഇന്നലെയാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്.

ബാറുകൾ തുറന്നാൽ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും പ്രവർത്തനം. ഇതിന് വേണ്ടി മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കും. ഒരു ടേബിളില്‍ രണ്ടുപേരെ മാത്രമേ അനുവദിക്കു. കൗണ്ടറുകളില്‍ ആളുകള്‍ കൂട്ടം കൂടുന്നതിന് വിലക്കുണ്ടാവും.

Read More: ‘കോവിഡിന്റെ പുതിയ ഘട്ടം’; വരുന്ന രണ്ടാഴ്ച നിര്‍ണായകമെന്ന് ആരോഗ്യമന്ത്രി

അകത്തിരുന്ന മദ്യം കഴിക്കാവുന്ന തരത്തിൽ ബാറുകൾ തുറക്കുന്നതിനുള്ള അനുമതിയുടെ കാര്യത്തിലാണ് സർക്കാർ ഉത്തരവ്. കോവിഡ് വ്യാപനത്തെത്തുടർന്ന് അടച്ചിട്ട ബാറുകൾ നേരത്തെ തുറന്നിരുന്നെങ്കിലും കൗണ്ടർ വഴി മദ്യം വിൽക്കുന്നതിന് മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്. ബാറുകൾ സാധാരണ രീതിയിൽ പ്രവർത്തിക്കുന്നതോടെ ബാറുകളിലെ ചില്ലറ മദ്യ വിൽപ്പന അവസാനിക്കും. ബിവറേജുകളുടെ സമയക്രമം നീട്ടി. രാവിലെ 10 മുതൽ രാത്രി ഒൻപത് വരെ ബിവറേജുകളിൽ കൗണ്ടർ മദ്യവിൽപ്പനയുണ്ടാകും.

കോവിഡ് വ്യാപനത്തെത്തുടർന്ന് മാർച്ചിലാണ് സംസ്ഥാനത്തെ ബാറുകളും മദ്യവിൽപനശാലകളും അടച്ചിട്ടത്. പിന്നീട് ബാറുകളിലെ കൗണ്ടർ വഴിയും മദ്യ വിൽപന ശാലകൾ വഴിയുമുള്ള മദ്യ വിൽപന പുനരാരംഭിച്ചു. ബെവ് ക്യു ആപ്പ് വഴിയും പ്രത്യേക കൗണ്ടറുകള്‍ വഴിയുമാണ് മദ്യ വില്‍പ്പന നടത്തിയിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.