കൊച്ചി: മഴയും കടല്‍കയറ്റവും മൂലം ദുരിതത്തിലായ ചെല്ലാനം മേഖലയില്‍ ജനജീവിതം സാധാരണനിലയിലാക്കാന്‍ തീവ്രയത്‌നപരിപാടിക്ക് ജില്ലാ ഭരണകൂടം രൂപം നല്‍കി. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് തീരത്തും കനാലുകളിലും അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യല്‍, മാലിന്യ നിര്‍മാര്‍ജനം, അണുനാശിനി ഉപയോഗിച്ചുള്ള ശുചീകരണം, കടല്‍ഭിത്തി തകര്‍ന്ന ഇടങ്ങളില്‍ കല്ലുകളും ജിയോബാഗുകളും പുനഃസ്ഥാപിക്കല്‍ എന്നിവയാണ് അടിയന്തരമായി നടപ്പാക്കുക.

കടൽ ക്ഷോഭത്തെ തുടർന്ന് ചെല്ലാനത്തെ ജനങ്ങളുടെ ദുരിതാവസ്ഥയെ കുറിച്ച് ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. കടൽക്ഷോഭവും കനത്ത മഴയും മൂലം ഇവിടുത്തെ ജനങ്ങൾ ഏറെ കഷ്ടത്തിലായിരുന്നു. വീടുകൾ വെളളത്തിലായി. ജനങ്ങളുടെ ജീവിതമാർഗവും തടസ്സപ്പെട്ടിരുന്നു.  കൊച്ചിയിൽനിന്നും 20 കിലോമീറ്റർ അകലെയുളള ചെല്ലാനം ഗ്രാമം കടലും കായലും ചുറ്റപ്പെട്ടതാണ്. കടൽക്ഷോഭവും ശക്തമായ മഴയും മൂലം നൂറോളം കുടുംബങ്ങളാണ് ദുരിതത്തിലായത്. 1500 ഓളം പേർ ദുരിതാശ്വാസ ക്യാംപിലേയ്ക്ക് മാറിയിട്ടുണ്ട്. എല്ലാ മൺസൂണിലും ചെല്ലാനത്തെ ജനങ്ങളുടെ അവസ്ഥ ഇതാണ്.

Read More: ആശങ്കയുടെ കാർമേഘങ്ങളും ദുരിതങ്ങളുടെ കടലാഴങ്ങളുമായി ചെല്ലാനം

മണല്‍ നീക്കം ചെയ്യുന്നതില്‍ പഞ്ചായത്ത് അധികൃതര്‍ ഉന്നയിച്ച സാങ്കേതികതടസം പരിഹരിക്കാന്‍ മേജര്‍ ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എൻജിനീയര്‍, ജില്ലാ ജിയോളജിസ്റ്റ്, ചെല്ലാനം ഗ്രാമപഞ്ചായത്ത് സെക്രട്ടറി, കൊച്ചി തഹസില്‍ദാര്‍ എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റിയെ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ.സഫിറുള്ള നിയോഗിച്ചു. കമ്മിറ്റി ഒറ്റത്തവണ നല്‍കുന്ന മാര്‍ഗനിർദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചിത ഇടവേളകളില്‍ മണല്‍ നീക്കം ചെയ്യുന്നതിന് പഞ്ചായത്ത് നടപടി സ്വീകരിക്കണം. അടിഞ്ഞു കൂടിയ മണലിന്റെ അളവ് മേജര്‍ ഇറിഗേഷന്‍ വകുപ്പ് നിര്‍ണയിച്ചു നല്‍കും. ഘനമീറ്റര്‍ അടിസ്ഥാനത്തിലുള്ള മണലിന്റെ വിലനിര്‍ണയം ജിയോളജി വകുപ്പ് നിര്‍വഹിക്കും. മണല്‍ കൃത്യമായി നീക്കം ചെയ്ത് കനാലുകളില്‍ നീരൊഴുക്ക് ഉറപ്പാക്കേണ്ടത് പഞ്ചായത്തിന്റെ കര്‍ത്തവ്യമാണെന്ന് കലക്ടര്‍ പറഞ്ഞു.

വെള്ളം കയറി മലിനമായ ഭാഗങ്ങളില്‍ ശുചീകരണം ഇതിനകം ആരംഭിച്ചിട്ടുണ്ട്. ആശ വര്‍ക്കര്‍മാര്‍, എന്‍എസ്എസ് വോളന്റിയര്‍മാര്‍, അൻപോട് കൊച്ചി അടക്കമുള്ള സന്നദ്ധസംഘടനകള്‍ എന്നിവര്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ രംഗത്തിറങ്ങും. ശുചീകരണത്തിന് വ്യക്തമായ പദ്ധതിയും മാര്‍ഗരേഖയും തയാറാക്കാന്‍ ഫോര്‍ട്ടുകൊച്ചി ആര്‍ഡിഒയെ കലക്ടര്‍ ചുമതലപ്പെടുത്തി.

ജില്ലാ കലക്ടറുടെ ക്യാമ്പ് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ആര്‍ഡിഒ എസ്.ഷാജഹാന്‍, ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടര്‍ പി.ഡി.ഷീലാദേവി, മേജര്‍ ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എൻജിനീയര്‍ എ.പി.കെ.ഷുക്കൂര്‍, ജില്ലാ ജിയോളജിസ്റ്റ് കൃഷ്‌ണേന്ദു, തഹസില്‍ദാര്‍ കെ.വി.അംബ്രോസ്, ജില്ലാ പഞ്ചായത്തംഗം അഡ്വ. അനിത ഷീലന്‍, ചെല്ലാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി ജോസി, സ്ഥിരം സമിതി അധ്യക്ഷ അനിത ബാബു, ഗ്രാമപഞ്ചായത്തംഗം ലിസ്സി സോളി, സെക്രട്ടറി പി.പി.ഷീല തുടങ്ങിയവര്‍ പങ്കെടുത്തു.

അന്ധകാരനഴിയിലെ പൊഴി പൊളിച്ചിട്ടുള്ളതിനാല്‍ ചെല്ലാനം പ്രദേശത്ത് തെക്കേ അറ്റത്ത് വെള്ളം ഇറങ്ങിത്തുടങ്ങിയതായി തഹസില്‍ദാര്‍ കെ.വി.അംബ്രോസ് പറഞ്ഞു. വീടുകള്‍ക്കുള്ളില്‍ ഇപ്പോള്‍ വെള്ളം തങ്ങിനില്‍ക്കുന്നില്ല. ആളുകള്‍ മടങ്ങിപ്പോകുന്ന സാഹചര്യത്തില്‍ ക്യാമ്പുകള്‍ അവസാനിപ്പിക്കാനും നടപടി സ്വീകരിച്ചു വരുന്നു. ഇതിന് മുന്നോടിയായി വെള്ളിയാഴ്ച ശുചീകരണം ആരംഭിക്കും. ഇടക്കൊച്ചി അക്വിനാസ് കോളേജിലെ 70 എന്‍എസ്എസ് വോളന്റിയര്‍മാരും ആശ വര്‍ക്കര്‍മാരും ഇന്ന് ശുചീകരണത്തിനിറങ്ങും. ആവശ്യമായ ബ്ലീച്ചിങ് പൗഡര്‍ സംഭരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ