കൊച്ചി: പാലാരിവട്ടം അഴിമതിയുടെ പശ്ചാത്തലത്തിൽ പാലം നിർമിച്ച കമ്പനിയെ സർക്കാർ പദ്ധതികളിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതിനുള്ള നടപടികൾ തുടങ്ങിയതായും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. സംസ്ഥാനത്ത് നിരവധി സർക്കാർ പദ്ധതികളുടെ കരാർ ആർഡിഎസിന് ലഭിച്ചിട്ടുണ്ട്. അതേസമയം, ആർഡിഎസിന്റെ നേതൃത്വത്തിൽ നിലവിൽ നടക്കുന്ന കഴക്കൂട്ടം മേൽപ്പാലം ഉൾപ്പെടെയുള്ള നിർമാണപ്രവർത്തനങ്ങൾക്ക് തടസമില്ല.

പാലം അഴിമതിയെ തുടർന്ന് ആർഡിഎസിനെ സർക്കാർ ഒഴിവാക്കി വരികയാണ്. ഇതിന്റെ ഭാഗമായി പുനലൂർ -പൂങ്കുന്നം റോഡ് നിർമാണ കരാറിൽ നിന്ന് ആർഡിഎസ് പ്രൊജക്റ്റ്‌ ഉൾപ്പെട്ട കൺസോർഷ്യത്തെ സർക്കാർ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ ആർഡിഎസ് സമർപ്പിച്ച ഹർജിയിലാണ് സർക്കാർ റിപ്പോർട്ട് നൽകിയത്. പാലാരിവട്ടം പാലം നിർമാണത്തിലെ തുക തിരിച്ചുപിടിക്കാൻ ആർഡിസിന്റെ ചില കരാറുകളിലെ ബാങ്ക് ഗ്യാരന്റി പിടിക്കാനും സർക്കാർ ശ്രമം നടത്തിയിരുന്നു.

Read Also: പാലാരിവട്ടം പാലത്തില്‍ ഭാരപരിശോധനയ്ക്ക് ഉത്തരവിട്ട് ഹൈക്കോടതി

ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടാകുന്ന തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് കമ്പനി നടത്തിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതുകൊണ്ടുതന്നെ ഇവരെ ഇനിയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏല്‍പ്പിക്കാന്‍ കഴിയില്ല. മതിയായ കാരണങ്ങളുണ്ടെങ്കില്‍ കരാറുകാരെ ഒഴിവാക്കുമെന്ന് ടെന്‍ഡര്‍ വ്യവസ്ഥയില്‍ പറയുന്നുണ്ട്. അതനുസരിച്ചാണ് നടപടിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.