കൊച്ചി: നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിലെ വെടിവയ്പ് കേസില്‍ രവി പൂജാരിയെ പ്രതി ചേര്‍ത്തു. കേസിലെ മൂന്നാം പ്രതിയാകും പൂജാരി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അടുത്ത ദിവസം കോടതിയില്‍ നല്‍കും. കഴിഞ്ഞ ദിവസമാണ് പൂജാരി സെനഗലില്‍ വച്ച് പിടിയിലായത്. പൂജാരിയെ 5 ദിവസത്തിനുള്ളില്‍ ഇന്ത്യയിലെത്തിക്കുമെന്നാണ് കരുതുന്നത്. രവി പൂജാരിക്കെതിരെ ഏറ്റവും അധികം കേസുകളുള്ള കര്‍ണാടക പൊലീസിന്റെയും മുംബൈ പൊലീസിന്റെയും നടപടികള്‍ക്കു ശേഷം ഇയാളെ കൊച്ചി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.

രവി പൂജാരി ഭീഷണിപ്പെടുത്തിയെന്നും പണം ആവശ്യപ്പെട്ടെന്നുമുള്ള നടി ലീന മരിയ പോളിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. പൊലീസ് നടത്തിയ അന്വേഷണത്തിലും പൂജാരിയാണ് ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്തിയിരുന്നു. രാജ്യത്ത് പല സംസ്ഥാനങ്ങളിലായി നൂറോളം കേസുകളില്‍ പ്രതിയാണ് രവി പൂജാരി.

തട്ടിക്കൊണ്ടു പോകല്‍, കൊലപാതകം, കവര്‍ച്ച തുടങ്ങി അനവധി കുറ്റങ്ങളിലായി നൂറോളം കേസുകളിലെ പ്രതിയാണ് രവി പൂജാരി. സിനിമാ താരങ്ങളെ ഭീഷണിപ്പെടുത്തിയതിനും കേസുണ്ട്. ബെംഗളൂരു പൊലീസാണ് പൂജാരി അറസ്റ്റ് ചെയ്യപ്പെട്ടതായി അറിയിച്ചത്.

കൊച്ചിയില്‍ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിന് നേരെയുണ്ടായ വെടിവയ്പാണ് രവി പൂജാരിയെ കേരളത്തിലെ മാധ്യമ വാര്‍ത്തകളിലെത്തിച്ചത്. പതിനഞ്ച് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു രവി പൂജാരി. മുംബൈ അധോലോക നേതാവ് ഛോട്ടാ രാജന്റെ അടുത്തയാളായിരുന്നു പൂജാരി.

പിന്നീട് ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തന്‍ ഛോട്ടാ ഷക്കീലുമായി സംഘമുണ്ടാക്കി. അവിടുന്ന് വളര്‍ന്ന് വലിയ അധോലോക നേതാവായി മാറുകയായിരുന്നു. ഇതിനിടെ പല ക്രിമിനല്‍ കേസുകളും പൂജാരിക്കുമേല്‍ ചുമത്തപ്പെട്ടു. ഓസ്ട്രേലിയയിലായിരുന്നു പൂജാരി ഒളിച്ചു താമസിച്ചിരുന്നതെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook