കൊച്ചി: വ്യവസായി രവി പിള്ളയുടെ മകൻ്റെ വിവാഹത്തിന് കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടന്നോയെന്ന് അന്വേഷിക്കാൻ സർക്കാരിന് കേരള ഹൈക്കോടതിയുടെ നിർദേശം. യൂട്യൂബിൽ വന്ന വിവാഹത്തിൻ്റെ ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ച ശേഷമായിരുന്നു ഉത്തരവ്. സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസുമാരായ അനിൽ നരേന്ദ്രനും കെ.ബാബുവുമടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവ്.
സർക്കാരിനേയും രവി പിള്ളയേയും സെക്ടറൽ മജിസ്ട്രേറ്റിനേയും കക്ഷി ചേർത്ത കോടതി എല്ലാവർക്കും നോട്ടീസ് അയച്ചു. പ്രോട്ടോക്കോൾ ലംഘനം നടന്നതായി കോടതി നിരീക്ഷിച്ചു. പന്ത്രണ്ടു പേർ മാത്രം പങ്കെടുക്കുമെന്ന് പറഞ്ഞെങ്കിലും നിരവധി പേർ പങ്കെടുത്തെന്നും നടപ്പന്തൽ ഓഡിറ്റോറിയമാക്കിയെന്നും കോടതി പറഞ്ഞു.
എല്ലാ വിശ്വാസികൾക്കും ഗുരുവായൂരിൽ ഒരേ പോലെ കല്യാണം നടത്താൻ അവകാശം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇക്കാര്യത്തിൽ എന്തെങ്കിലും വിവേചനം ഉണ്ടായോയെന്ന് ചോദിച്ചു. വിശ്വാസികളിൽ ഭരണഘടനാ പദവി ഉള്ളവർ എന്നോ കൂലി പണിക്കാർ എന്നോ ഇല്ല. ബന്ധപ്പെട്ട സെക്ടറൽ മജിസ്ട്രേറ്റ് ആരാണെന്ന് ചോദിച്ച കോടതി ഉദ്യോഗസ്ഥൻ്റെ പേര് അറിയിക്കാനും നിർദേശിച്ചു.
മൂന്നു വിവാഹ മണ്ഡപങ്ങളിൽ ഒന്ന് ഈ വിവാഹത്തിന് മാത്രമായി മാറ്റി വച്ചോയെന്നും ചോദ്യമുണ്ടായി. അന്നേ ദിവസം എത്ര വിവാഹം നടന്നുവെന്ന ചോദ്യത്തിന് സാധാരണ നൂറ്റിപ്പത്ത് വിവാഹങ്ങൾ വരെ നടക്കാറുണ്ടെന്ന് ദേവസ്വം അറിയിച്ചു. ക്ഷേത്രത്തിനകത്ത് വാഹനം പ്രവേശിക്കാൻ അനുവദിച്ചതായി കാണുന്നുണ്ടെന്നും എന്തെങ്കിലും നടപടിയെടുത്തോയെന്നും കോടതി ആരാഞ്ഞു.
സുരക്ഷാ ചുമതല ദേവസ്വം ബോർഡിനാണെന്നും സ്വകാര്യ സെക്യൂരിറ്റി ഉദ്യോഗസ്ഥര് ഉണ്ടായിരുന്നുവെന്നും സർക്കാർ കോടതിയെ അറിയിച്ചു. കറുപ്പ് വേഷധാരികൾ നിരവധി പേരെ ദൃശ്യങ്ങളിൽ കാണുന്നുണ്ടെന്നും അവർ ആരാണെന്നും കോടതി ചോദിച്ചു. കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും.