മഞ്ചേശ്വരം: സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രൻ സ്ഥാനമേറ്റടുത്തതിനു പിന്നാലെ ബിജെപിയിലെ അസ്വാരസ്യങ്ങൾ കൂടുതൽ മറനീക്കി പുറത്തേക്ക്. കാസർഗോഡ് ജില്ലാ ഘടകത്തിലെ പൊട്ടിത്തെറിയെത്തുടർന്ന് സംസ്ഥാന സമിതി അംഗം രവീശ തന്ത്രി കുണ്ടാർ നേതൃസ്ഥാനത്തുനിന്നുള്ള രാജിപ്രഖ്യാപിച്ചു. പ്രസിഡന്റായി കെ.ശ്രീകാന്തിനെ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ചാണു രാജി.
പാർട്ടി നേതൃത്വത്തിന്റെ അവഗണനയെത്തുടർന്നാണു രാജിയെന്നും രാജിക്കത്ത് നാളെ സംസ്ഥാന പ്രസിഡന്റിനു നൽകുമെന്നും രവീശ തന്ത്രി കുണ്ടാർ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
” മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായ തനിക്ക് പാർട്ടിയിൽനിന്നു വേണ്ടത്ര പിന്തുണ ലഭിച്ചിട്ടില്ല. പ്രശ്നങ്ങൾ ചൂണ്ടികാട്ടി നേതൃത്വത്തിന് പരാതി നൽകിയിരുന്നു. എന്നാൽ അക്കാര്യത്തിലൊന്നും നടപടിയുണ്ടായില്ല. സംസ്ഥാന സമിതി അംഗമായ തന്നോട് ആലോചിക്കുക പോലും ചെയ്യാതെയാണ് പ്പോൾ ജില്ലാ പ്രസിഡന്റായി കെ.ശ്രീകാന്തിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ വിഷമമുണ്ട്,”രവീശ തന്ത്രി പറഞ്ഞു.
താൻ ശ്രീകാന്തിന് എതിരല്ല. എന്നാൽ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസർഗോഡ് ബിജെപിയിൽ നടന്ന പ്രശ്നങ്ങൾ സംസ്ഥാന നേതൃത്വത്തിന് അറിയാം. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഇക്കാര്യത്തിൽ ഒരു ചർച്ചയും നടത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ ഇനിയും പാർട്ടിയിൽ തുടരുന്നതിൽ അർഥമില്ല. ഇനിയും രാഷ്ട്രീയത്തിൽ തുടർന്നാൽ ഇവിടെ ഗ്രൂപ്പിസം ഉണ്ടാകും. ഇതിന് വഴിവയ്ക്കുന്നില്ല.
Read Also: ബിജെപിയിലെ തമ്മിലടി ‘വേറെ ലെവൽ’; സുരേന്ദ്രനോട് ‘മമത’യില്ലാത്തവർ
സജീവ രാഷ്ട്രീയത്തിൽനിന്നു പിന്മാറുകയാണെങ്കിലും ബിജെപിയിൽ തുടരും സംഘപരിവാർ കുടുംബത്തിന്റെ ഭാഗം തന്നെയായിരിക്കും. സംഘപരിവാർ ആവശ്യപ്പെട്ടതുകൊണ്ട് ആത്മീയരംഗത്തുനിന്നു പാർട്ടിയിലേക്ക് വന്നയാളാണ് താൻ. താൻ ബിജെപിയിൽ ഒരു ഗ്രൂപ്പിസവും നടത്തിയിട്ടില്ല. അതുകൊണ്ട് തന്നെ തന്റെ പിന്മാറ്റം ഒരു തരത്തിലും പാർട്ടിക്ക് തിരിച്ചടിയാകില്ലെന്നും രവിശ തന്ത്രി ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
മഞ്ചേശ്വരം മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ രവീശ തന്ത്രിയെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ ബിജെപിയിലെ ഒരുവിഭാഗം കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇപ്പോഴത്തെ ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്തിനെ സ്ഥാനാര്‍ഥിയാക്കാത്തതിന് എതിരെയായിരുന്നു പ്രതിഷേധം.
2016ല്‍, ബിജെപിയുടെ ഇപ്പോഴത്തെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ 89 വോട്ടിനാണു മഞ്ചേശ്വരം മണ്ഡലത്തില്‍ തോറ്റത്. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ രവീശതന്ത്രി കുണ്ടാര്‍ 7,923 വോട്ടിനു തോറ്റത് ബിജെപിക്കു വലിയ ക്ഷീണമാകുണ്ടാക്കിയത്. മുസ്ലിം ലീഗ് എംഎല്‍എ പിബി അബ്ദുള്‍ റസാഖിന്റെ നിര്യാണത്തെത്തുടര്‍ന്നാണു മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ലീഗിലെ തന്നെ എംസി ഖമറുദ്ദീനാണ് ഇവിടെ ജയിച്ചത്.
2016 ലെ നിയസഭാ തിരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് മണ്ഡലത്തില്‍ മത്സരിച്ച രവീശ തന്ത്രി കുണ്ടാര്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി എന്‍എ നെല്ലിക്കുന്നിനോട് 8607 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു പരാജയപ്പെട്ടത്. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് മണ്ഡലത്തിലും രവീശതന്ത്രി മത്സരിച്ചിരുന്നു.