കൊച്ചി: ഹിന്ദുവിനെ പ്രണയിച്ചതിന്റെ പേരിലാണ് വീട്ടില്‍ നിന്ന് ക്രൂര മര്‍ദനങ്ങള്‍ നേരിടേണ്ടി വന്നതെന്ന് യുക്തിവാദിയും ഗസ്റ്റ് ലക്‌ചററുമായ ഷറീന സി.കെ. വീട്ടിലുള്ളവര്‍ ശാരീരികമായും മാനസികമായും തന്നെ ഏറെ പീഡിപ്പിച്ചു എന്നും ഷറീന പറയുന്നു. മലപ്പുറം തൂത സ്വദേശിനിയായ ഷറീന സി.കെ.കഴിഞ്ഞ ദിവസമാണ് തനിക്ക് വീട്ടില്‍ നിന്ന് നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ എഴുതിയത്

കുടുംബത്തില്‍ നിന്ന് നേരിടുന്ന മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്കും മര്‍ദനങ്ങള്‍ക്കുമെതിരെ ഷറീന പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആരെയും ബുദ്ധിമുട്ടിക്കാന്‍ താല്‍പര്യം ഇല്ലാത്തതുകൊണ്ടാണ് ഇതുവരെ പരാതി നല്‍കാതിരുന്നതെന്നും എന്നാല്‍, വീട്ടുകാരുടെ ഭാഗത്തുനിന്നുള്ള പീഡനങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ പരാതി നല്‍കാതെ മറ്റ് നിര്‍വാഹമില്ലെന്നും ഷറീന പൊലീസ് സ്റ്റേഷനിൽ നിന്ന് ഇന്ത്യന്‍ എക്‌‌സ്‌പ്ര‌സ് മലയാളത്തോട് ഫോണിൽ പറഞ്ഞു.

Read Also: ‘ഒരുമിച്ചൊരു ഡിന്നര്‍ കഴിക്കണം’; ആരാധകഹൃദയം തൊട്ട് കാല്‍പ്പന്തിലെ നീലനും ശേഖരനും

“യുക്തിവാദത്തെ കുറിച്ചൊന്നും വീട്ടുകാര്‍ക്ക് അറിയില്ല. ഫെയ്‌സ്ബുക്കില്‍ നിരന്തരം എഴുതാറുണ്ട്. ഹിന്ദു മതവിശ്വാസിയെയാണ് ഞാന്‍ സ്‌നേഹിക്കുന്നത്. ഒരിക്കല്‍ ഞങ്ങളൊരുമിച്ചുള്ള ഫൊട്ടോ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത്. നാട്ടുകാരൊക്കെ ഓരോന്നു പറയാന്‍ തുടങ്ങി. ഹിന്ദുവിനെ പ്രണയിക്കുന്നതാണ് എല്ലാവരുടെയും പ്രശ്‌നം. വീട്ടില്‍ നിന്ന് മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ സഹിക്കേണ്ടി വന്നു” – ഷറീന പറയുന്നു.

“പ്രശ്‌നം രൂക്ഷമായതോടെ തന്റെ രണ്ട് ഫോണുകളാണ് വീട്ടുകാര്‍ വാങ്ങിച്ചുവച്ചത്. വീട്ടില്‍ നിന്ന് ഭക്ഷണം പോലും ലഭിക്കുന്നില്ല. ഉപ്പയും ഉമ്മയും ശാരീരികമായി ഉപദ്രവിക്കുന്നില്ലെങ്കിലും ഓരോന്ന് പറഞ്ഞ് മാനസികമായി തളര്‍ത്തുന്നുണ്ട്. ഉമ്മയും ബാപ്പയും ഉപദ്രവിച്ചിട്ടില്ല. സഹോദരൻമാരാണ് ശാരീരികമായി ഉപദ്രവിച്ചത്. എന്നെ തല്ലുകയും മുടിയിൽ കുത്തി പിടിക്കുകയുമൊക്കെ ചെയ്തു. മൂന്നാമത്തെ സഹോദരൻ ഇപ്പോൾ ഒരുപാട് ഉപദ്രവിച്ചു. ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് ഇതുവരെ പരാതി എഴുതി നല്‍കാതിരുന്നത്. എന്നാല്‍, ഇപ്പോള്‍ വേറെ നിവൃത്തിയൊന്നും ഇല്ലാത്തതുകൊണ്ടാണ് പരാതി നൽകുന്നത്”- ഷറീന ആരോപിക്കുന്നു.

“വീട്ടില്‍ നില്‍ക്കാന്‍ ഇനി ധൈര്യമില്ല. വീട്ടിലേക്ക് തിരിച്ചുപോകേണ്ട എന്നാണ് തീരുമാനം. കോളേജില്‍ ഗസ്റ്റ് ലക്ചറായാണ് ജോലി ചെയ്യുന്നത്. പ്രശ്‌നങ്ങളെ കുറിച്ച് വാര്‍ത്തയൊക്കെ വന്ന സ്ഥിതിക്ക് ആ ജോലി പേകാനാണ് സാധ്യത” ഷറീന പറഞ്ഞു.

പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനിലാണ് ഷറീന പരാതി നല്‍കിയിരിക്കുന്നത്. പരാതി ലഭിച്ചതായി പൊലീസും സ്ഥിരീകരിച്ചു. ഫ്രീ തിങ്കേഴ്‌സ് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലെ സജീവ പ്രവര്‍ത്തകയാണ് ഷറീന. നാളെ തൃശൂരില്‍ വച്ച് ഫ്രീ തിങ്കേഴ്‌സ് കൂട്ടായ്മയുടെ ഒരു മീറ്റ് നടക്കുന്നുണ്ട്. അതില്‍ പങ്കെടുക്കാന്‍ തൃശൂരിലേക്ക് പോകണമെന്നാണ് ഷറീന പറയുന്നത്. എന്നാല്‍, സ്വയംരക്ഷയില്‍ ഭയമുള്ളതിനാല്‍ തൃശൂരിലേക്ക് പോകാന്‍ പൊലീസ് സുരക്ഷ വേണമെന്നും ഷറീന ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഷറീന ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെ :

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.