തിരുവനന്തപുരം: ജിഎസ്ടി വരവോടെ സംസ്ഥാനത്തെ റേഷൻ വിതരണം അടിതെറ്റി. മൂന്ന് മാസമായി വിതരണം ചെയ്യുന്നത് പച്ചരി മാത്രമാണ്. പഞ്ചസാര കഴിഞ്ഞ ഏപ്രില്‍ മുതല്‍ നിര്‍ത്തലാക്കിയതും പ്രതിസന്ധി രൂക്ഷമാക്കി. മണ്ണെണ്ണ വിതരണം നിർത്തിവക്കാനുള്ള ഉത്തരവും, ഉൽപന്നങ്ങളുടെ വിലയിലുള്ള അവ്യക്തതയും പ്രതിസന്ധി രൂക്ഷമാക്കുകയാണ്.

വിലയിലുളള അവ്യക്തത കാരണം താത്കാലികമായി മണ്ണെണ്ണ അടക്കമുളള ഉത്പന്നങ്ങളുടെ വില്‍പന നിര്‍ത്തിവെയ്ക്കാനാവശ്യപ്പെട്ടതും പ്രതിസന്ധിക്ക് ആക്കംകൂട്ടി. തുടർ നിർദേശം വരുന്നത് വരെ മണ്ണെണ്ണ വിതരണംനിർത്തി വെക്കാനാണ് ജില്ലാ സപ്ലൈ ഓഫീസർമാർക്ക് ലഭിച്ച നിർദേശം.

റേഷന്‍ സാധനങ്ങള്‍ കടകളിലേക്ക് എത്തിക്കുന്നതിന് വേണ്ട പണം അടയ്ക്കേണ്ടത് ഏത് നിരക്കിലാണെന്നത് സംബന്ധിച്ച് റേഷന്‍ വ്യാപാരികള്‍ക്ക് ഇതുവരെയായും അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.
സംസ്ഥാനത്ത് വൈദ്യുതീകരിച്ച വീടുകളുടെ പട്ടികയിൽ 77,40820 കാർഡുകളാണുളളത്. 2,77210 വൈദ്യുതികരിക്കാത്ത കാർഡുകളും.വൈദ്യുതീകരിച്ച വീടുകളുള്ള ഉപഭോക്താക്കൾക്ക് അര ലിറ്ററാണ് പ്രതിമാസം ലഭിക്കുന്നത്. മറ്റുളളവര്‍ക്ക് നാല് ലിറ്ററും.

വിഷയത്തില്‍ സര്‍ക്കാര്‍‌ അടിയന്തരമായി ഇടപെടണമെന്ന് റേഷൻ ഡീലേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.