തിരുവനന്തപുരം: തട്ടിപ്പും വെട്ടിപ്പും തടയാനായി സിവിൽ സപ്ലൈസ് വകുപ്പ് കൊണ്ടുവന്ന ഇ-പോസ് സംവിധാനം പൂർണ്ണമായും സജ്ജീകരിക്കാത്തതിൽ പ്രതിഷേധിച്ച് റേഷൻ കട ഉടമകൾ ഇന്ന് ഉച്ചവരെ കട അടച്ചിടും. കോടികൾ മുടക്കി പുതിയ സെർവർ വാങ്ങിയിട്ടും റേഷൻ വിവരങ്ങൾ അതിലേക്ക് മാറ്റാൻ പൊതുവിതരണ വകുപ്പിന് ഇതുവരെ സാധിച്ചിട്ടില്ല.
അധികൃതരുടെ മെല്ലെപ്പോക്കാണ് ഇതിന് കാരണമെന്നാണ് വ്യാപാരികളുടെ പരാതി. പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണാൻ തയ്യാറായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്നാണ് വ്യാപാരികളുടെ മുന്നറിയിപ്പ്. ഭക്ഷ്യഭദ്രതാ നിയമത്തിന്റെ ഭാഗമായിട്ടാണ് റേഷൻ കടകളിൽ ഇ – പോസ് സംവിധാനം ഏർപ്പെടുത്തിയത്. ഉപഭോക്താവിന്റെ വിരളടയാളം മെഷീനിൽ പതിച്ച് കൃത്യമായ അളവിൽ സാധനങ്ങൾ വാങ്ങുന്ന രീതിയാണിത്.
ഐടി മിഷന്റെ സെർവർ ഉപയോഗിച്ചാണ് പദ്ധതി തുടങ്ങിയത്. ഇ-പോസ് സംവിധാനത്തിന് സ്വന്തം സെർവർ വേണമെന്നാണ് ചട്ടം. സംസ്ഥാനത്തെ 14,812 റേഷൻ കടകളിലെയും വിവരങ്ങൾ ഉൾക്കൊള്ളാൻ ഐടി മിഷന്റെ സെർവറിന് കഴിവുണ്ടായിരുന്നില്ല. തുടർന്ന് ജൂലൈയിൽ അഞ്ചരകോടി മുടക്കി പുതിയ സെർവർ പൊതുവിതരണവകുപ്പ് വാങ്ങി. പക്ഷേ രണ്ടരമാസം കഴിഞ്ഞിട്ടും റേഷൻ വിവരങ്ങൾ അതിലേക്ക് പൂർണ്ണമായി മാറ്റിയിട്ടില്ല. ഒരാഴ്ചയ്ക്കുള്ളിൽ പുതിയ സെർവറിലേക്ക് വിവര കൈമാറ്റം പൂർത്തിയാക്കി പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസും വിശദീകരിക്കുന്നു.