കുതിച്ചുയരുന്ന വിലക്കയറ്റത്തിനിടയിൽ കേരളത്തിൽ പുതിയ പ്രതിസന്ധിക്ക് കളമൊരുക്കി ഭക്ഷ്യവകുപ്പ്. റേഷൻ വ്യാപാരികൾക്കുള്ള കമ്മിഷൻ കഴിഞ്ഞ മാസം മുതൽ പകുതിയിലേറെ വെട്ടിക്കുറച്ച സർക്കാരിന്റെ ഉത്തരവാണ് പ്രതിസന്ധിക്കും പ്രക്ഷോഭത്തിനും വഴി വയ്ക്കുന്നത്.
നടപടി റേഷൻ വ്യാപാരികളെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നതാണെന്ന് കേരള സ്റ്റേറ്റ് റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം.സൈനുദ്ദീൻ പറഞ്ഞു. റേഷൻ കടയുടെ വാടക, വൈദ്യുതി, സെയിൽസ്‌മാന്റെ ശമ്പളം തുടങ്ങിയവയെല്ലാം ഇതിൽ നിന്നു വേണം കൊടുക്കാൻ.
കമ്മിഷൻ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച കട അടച്ചിടാനാണ് തീരുമാനം. മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച് നോട്ടിസ് നൽകി. അതിൽ തീരുമാനം ആകാത്ത പക്ഷം ശനിയാഴ്ച തുടങ്ങുന്ന സമരം അനിശ്ചിതകാലം നീളും, സൈനുദ്ദീൻ പറഞ്ഞു. ഒരു റേഷൻ വ്യാപാരിയ്ക്ക് കമ്മിഷനായി 18,000 രൂപയാണ് നൽകുന്നത്.
അതിന്റെ 49% എന്നത് വളരെ കുറവാണ്. ഒരു മാസം കഷ്ടപ്പെട്ട് പണി എടുത്തിട്ട്, കമ്മിഷൻ തരേണ്ട സമയമായപ്പോൾ അത് വെട്ടികുറയ്ക്കുന്നത് റേഷൻ കട വ്യാപാരികളെയും അതുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരെയും കഷ്ടപ്പെടുത്തുമെന്നും കമ്മിഷൻ തുകയിൽ നിന്നു എല്ലാ ചെലവുകളും നടക്കില്ലെന്നും സൈനുദ്ദീൻ പറഞ്ഞു.
സംസ്ഥാനത്തെ വിലക്കയറ്റം ഒരുപരിധിവരെയെങ്കിലും പിടിച്ചു നിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന റേഷൻ വ്യാപാരമേഖലയിൽ കട അടച്ച് സമരം വരുന്നത് ആശങ്ക പടർത്തുന്നു.
ഒക്ടോബറിലെ കമ്മിഷൻ ഇനത്തിൽ റേഷൻ വ്യാപാരികൾക്ക് കൊടുക്കാനുള്ള തുകയിൽ നിന്നു 51 ശതമാനം വെട്ടിക്കുറച്ചാണ് അനുവദിച്ചിട്ടുള്ളത്. 29.51 കോടി രൂപയാണ് ഒക്ടോബറിൽ വ്യാപാരികൾക്ക് നൽകാനുള്ളത്. അതിൽ നിന്നു 49% കുറച്ച് 14.46 കോടി മാത്രമാണ് അനുവദിച്ചതെന്നാണ് പരാതി.
ഈ തുകയെ അടിസ്ഥാനമാക്കി 49 ശതമാനം കമ്മീഷൻ മാത്രം റേഷൻ വ്യാപാരികൾക്ക് നൽകിയാൽ മതിയെന്നാണ് ജില്ലാ ഓഫീസർമാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശമെന്ന് റിപ്പോർട്ടുകളും വ്യക്തമാക്കുന്നു. കമ്മിഷൻ തുകയിൽനിന്ന് ക്ഷേമനിധി കുടിശ്ശികയും വിവിധ പിഴത്തുകകളും കൂടി ഈടാക്കും.
റേഷൻവ്യാപാരികൾക്ക് ചെയ്ത ജോലിക്കുള്ള പകുതി തുകപോലും കൈയിൽ കിട്ടില്ല. വൈദ്യുതിച്ചാർജ്, കെട്ടിടവാടക, സെയിൽസ്‌മാന്മാർക്കുള്ള വേതനം എന്നിവയെല്ലാം കമ്മിഷൻ തുകയിൽ നിന്നാണ് വ്യാപാരികൾ കൊടുത്തിരുന്നത്. അതെല്ലാം സ്വന്തം പോക്കറ്റിൽ നിന്നു തന്നെ എടുക്കേണ്ടി വരും.
സംസ്ഥാനത്തെ പൊതുവിപണിയിലെ വിലക്കയറ്റത്തെ പിടിച്ചു നിർത്തുന്ന പ്രധാന ഘടകം വ്യാപകമായ റേഷൻ സംവിധാനമാണ്. അതുകൊണ്ട് തന്നെ, റേഷൻ വ്യാപാര മേഖലയിൽ രൂപപ്പെടുന്ന ചെറിയ പ്രതിസന്ധി പോലും കേരളത്തിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാം.
കോവിഡിലെ ഭക്ഷ്യകിറ്റിലും കുടിശ്ശിക ബാക്കി
കോവിഡിന്റെ സമയത്ത് ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തതിന്റെ കുടിശ്കികയും ലഭിച്ചിട്ടില്ല. പത്തുമാസത്തെ കുടിശ്ശിക 50 കോടിയോളം വരും. ഇപ്പോൾ ദിവസേന ജോലിചെയ്യുന്നതിനുള്ള വേതനവും വെട്ടിക്കുറച്ചിരിക്കുകയാണ്. റേഷനിൽ ഉണ്ടാകുന്ന തട്ടിപ്പുകൾ തടയാനായി റേഷൻ വ്യാപാരികൾക്ക് അവർ അർഹിക്കുന്ന വേതനം നൽകണമെന്നു മേഖലയെക്കുറിച്ചു പഠനം നടത്തിയ വിദഗ്ധസമിതികൾ ശുപാർശ ചെയ്തിരുന്നു.
ഇതു പരിഗണിച്ചാണ് നിയമം നടപ്പാക്കിയപ്പോൾ മിനിമം വേതനം ഉറപ്പാക്കുന്നരീതിയിൽ കമ്മിഷൻ വ്യവസ്ഥ നിലവിൽവന്നത്. മുഴുവൻ കമ്മിഷനും നൽകണമെന്ന് ആവശ്യപ്പെട്ടു വ്യാപാരി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
ശനിയാഴ്ച മുതൽ കട അടച്ചിടും
കമ്മിഷൻ തുക വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ശനിയാഴ്ച മുതൽ അനിശ്ചിതകാലത്തേക്കു റേഷൻ കടകൾ അടച്ചിടാൻ വ്യാപാരി സംഘടനകളുടെ സംയുക്തയോഗം തീരുമാനിച്ചു. ഓൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ, കേരള സ്റ്റേറ്റ് റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ, കെആർയുഎഫ് (സിഐടിയു), കെആർയുഎഫ് (എഐടിയുസി) എന്നിവയാണ് റേഷൻ വ്യാപാരമേഖലയിലെ പ്രമുഖ സംഘടനകൾ.
റേഷൻ കടകൾ പതിനാലായിരത്തിലധികം
പതിനാല് ജില്ലകളിലായി 14174 റേഷൻ കടകളാണ് പ്രവർത്തിക്കുന്നത്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ റേഷൻ കടകൾ, 1845. ഏറ്റവും കുറവ് വയനാട് 313.