കൊച്ചി: ഗോൾഡൻ ഗ്ലോബ് മത്സരത്തിനിടെ അപകടത്തിൽ പെട്ട ഇന്ത്യൻ നാവികസേന കമ്മാന്റർ അഭിലാഷ് ടോമിയെ സുരക്ഷിതനെന്ന് രക്ഷാപ്രവർത്തകർ. അഭിലാഷ് ടോമിക്ക് ഇപ്പോഴും ബോധമുണ്ടെന്നും രക്ഷാപ്രവർത്തകരോട് സംസാരിച്ചെന്നുമാണ് ഓസ്ട്രേലിയയിലെ സംയുക്ത രക്ഷാസംഘം നൽകുന്ന വിവരങ്ങൾ. രക്ഷാപ്രവർത്തനത്തിന്റെ വീഡിയോകളും പുറത്തുവിട്ടിട്ടുണ്ട്

അദ്ദേഹത്തിന് വെളളവും ഭക്ഷണവും നൽകി. ഓസിരിസ് കപ്പലിലെ രണ്ട് ബോട്ടുകളിലാണ് രക്ഷാസംഘം അഭിലാഷ് ടോമിക്ക് അടുത്തേക്ക് എത്തിയത്. അദ്ദേഹത്തിന് പ്രാഥമിക വൈദ്യശുശ്രൂഷകൾക്ക് ശേഷം ഓറഞ്ച് നിറത്തിലുളള സ്ട്രെച്ചറിലാണ് മാറ്റിയത്.

പായ്‌വഞ്ചിയുടെ തൂൺ തകർന്നുവീണ് അഭിലാഷ് ടോമിയുടെ നടുവിനാണ് പരിക്കേറ്റിരിക്കുന്നത്. അദ്ദേഹത്തിന് അനങ്ങാൻ സാധിക്കാത്ത നിലയിലാണ്. ഈ സാഹചര്യത്തിൽ ഏറ്റവും വേഗത്തിൽ ഇദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാനാണ് ശ്രമം.

ഓസിരിസ് കപ്പലിനെ ബന്ധിപ്പിച്ച യാനങ്ങളാണ് ഇപ്പോൾ അഭിലാഷ് ടോമിയെ രക്ഷിക്കാനായി എത്തിയിരിക്കുന്നത്. ഇത് രണ്ട് സോഡിയാക് ബോട്ടുകളാണ്. അഭിലാഷ് ടോമിയുടെയും ഇദ്ദേഹം യാത്ര ചെയ്ത തുരിയ പായ്‌വഞ്ചിയുടെ നില നിരീക്ഷിക്കുന്നതിനായി ഇന്ത്യൻ നാവികസേനയുടെ പി8ഐ വിമാനം ഈ പ്രദേശത്ത് ആകാശത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

മത്സ്യബന്ധന ബോട്ടുകളെ നിരീക്ഷിക്കുന്നതിനുളള ഫ്രാൻസിന്റെ ഓസിരിസ് എന്ന കപ്പലാണ് അഭിലാഷ് ടോമിയുടെ അരികിലേക്ക് ആദ്യമെത്തുക. അഭിലാഷിന് അടിയന്തര വൈദ്യസഹായവും ഭക്ഷണവും ഈ കപ്പലിൽ നിന്ന് നൽകും.

കടലിൽ ശക്തമായ കാറ്റും മഴയും ഉണ്ടായതിനെ തുടർന്ന് പടുകൂറ്റൻ തിരമാലകൾ ഉയർന്നിരുന്നു. ഇതിനിടെയാണ് അഭിലാഷ് ടോമിയുടെ പായ്‌ വഞ്ചി അപകടത്തിൽ പെട്ടത്. പായ് വഞ്ചിയുടെ തൂൺ തകർന്ന് അഭിലാഷിന്റെ ദേഹത്ത് വീണു. ഇതേ തുടർന്ന് അഭിലാഷിന് സാരമായി പരുക്കേറ്റു.

അഭിലാഷിന് ബോട്ടിൽ എങ്ങോട്ടും നീങ്ങാൻ സാധിക്കാത്ത സ്ഥിതിയാണെന്നാണ് ഏറ്റവും ഒടുവിൽ ലഭിച്ച വിവരം.  ഓസിരിസിൽ നിന്ന് ഓസീസ് കപ്പലായ എച്ച്എഎംഎസ് ബല്ലാരതിലേക്ക് മാറ്റാനാണ് തീരുമാനം. ഇവിടെ നിന്ന് അഭിലാഷിനെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകും.  ഇന്ത്യയുടെ യുദ്ധവിമാനമായ പി8ഐയില്‍ നിന്നും ഇപ്പോള്‍ അഭിലാഷിന്റെ പായ് വഞ്ചിയെ നിരീക്ഷിക്കുന്നുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ