വയനാട്: തന്നെ ആദ്യമായി കൈകളിലേക്കെടുത്ത വയനാട്ടുകാരിയായ നഴ്സ് രാജമ്മയെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വര്‍ഷങ്ങള്‍ക്കിപ്പുറം കണ്ടു. മുൻ സൈനിക ഉദ്യോഗസ്ഥനായ ഭർത്താവിനും കൊച്ചുമക്കള്‍ക്കും ഒപ്പമാണ് രാജമ്മ രാഹുല്‍ ഗാന്ധിയെ കാണാന്‍ കല്‍പറ്റ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ എത്തിയത്. താനുണ്ടാക്കിയ ചക്ക വറുത്തതും മധുരപരലഹാരങ്ങളും കൈയില്‍ കരുതിയാണ് രാജമ്മ എത്തിയത്. രാജമ്മയെ രാഹുല്‍ ഗാന്ധി ചേര്‍ത്തുപിടിച്ചു. കണ്ണുനിറഞ്ഞ് കൊണ്ടാണ് രാജമ്മ രാഹുലിന് മുമ്പില്‍ നിന്നത്.
താനുണ്ടാക്കിയ ചക്ക ചിപ്സും കുറച്ച് സ്വീറ്റ്സുമാണ് നല്‍കിയതെന്നും ഒരമ്മ മകനെ കാണുമ്പോള്‍ മധുരമല്ലേ നല്‍കേണ്ടതെന്നും രാജമ്മ ചോദിച്ചു. വീട്ടിലേയ്ക്ക് ക്ഷണിച്ചുവെന്നും ഇന്ന് മടങ്ങേണ്ടതിനാല്‍ ഇന്നില്ലെന്നും മറ്റൊരവസരത്തില്‍ തീര്‍ച്ചയായും എത്തുമെന്ന് പറഞ്ഞതായും രാജമ്മ പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധി ജനിച്ചുവീണത് തന്‍റെ കൈകളിലേക്കാണെന്നത് അഭിമാനത്തോടെ വയനാട്ടുകാരി രാജമ്മ വാവാട്ടിൽ വെളിപ്പെടുത്തിയപ്പോള്‍ മുതല്‍ വയനാട് കാത്തിരിക്കുകയായിരുന്നു ഈ കൂടിക്കാഴ്ചയ്ക്കായി. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചതോടെയാണ് 49 വർഷം പഴക്കമുള്ള ഓർമകൾ രാജമ്മ പുറത്തുപറയാൻ തയാറായത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ വയനാട്ടിലെത്തിയപ്പോൾ സ്ഥലത്തില്ലാതിരുന്നതിനാല്‍ രാജമ്മയ്ക്ക് കാണാനായില്ല.
ഡൽഹി ഹോളി ഫാമിലി ആശുപത്രിയിൽ നഴ്സായിരുന്നു അന്ന് 23 കാരിയായിരുന്ന രാജമ്മ വാവാട്ടിൽ. 1970 ജൂൺ 19 ആശുപത്രിയില്‍ ഒരു വിഐപി പേഷ്യന്റ് ഉണ്ടായിരുന്നു. അന്നത്തെ ഇന്ത്യൻ പ്രധാന മന്ത്രിയുടെ മരുമകൾ സോണിയ ഗാന്ധി. അന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ജനനം. സ്വന്തം മാതാവും പിതാവും ആ കുഞ്ഞിനെ കാണും മുൻപ്, ചേർത്തുപിടിച്ച വ്യക്തി. അവരാണ് 70കാരിയായ രാജമ്മ വാവാട്ടിൽ.
Read More: ‘വയനാട് എംപിയുടെ നന്ദി പ്രകടനം’; രാഹുല്‍ മണ്ഡല പര്യടനം തുടരുന്നു
പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മരുമകൾ ആയിരുന്നിട്ട് പോലും സുരക്ഷാ കാര്യങ്ങൾ ആശുപത്രിയെ അന്ന് അലട്ടിയിരുന്നില്ലെന്ന് രാജമ്മ ഓർമ്മിക്കുന്നു. ആശുപത്രി നിയമങ്ങൾ ആ വിഐപി കുടുംബം കാര്യക്ഷമമായി പാലിച്ചിരുന്നു. ചെറുമകൻ ജനിച്ച് മുന്നാം ദിവസം മാത്രമാണ് ഇന്ദിരാ ഗാന്ധി അവനെ കാണുന്നത്. ഒരു സാധാരണകാരിയെ പോലെ അവർ ആശുപത്രി മര്യാദകൾ പാലിച്ചു. കുഞ്ഞിനെ തൊടാൻ സന്ദർശകർക്ക് അനുവാദം ഉണ്ടായിരുന്നില്ല, ഇന്ദിരാ ഗാന്ധിയും അത് പാലിച്ചു. രാജമ്മ പറയുന്നു.മുൻ സൈനിക ഉദ്യോഗസ്ഥനായ ഭർത്താവിനൊപ്പം വയനാട് നൂൽപ്പുഴ പഞ്ചായത്തിലെ കല്ലൂരില്‍ റിട്ടയർമെന്‍റ് ജീവിതം ആസ്വദിക്കുകയാണ് ഇപ്പോൾ 72 കാരിയായ രാജമ്മ.
അതിനിടെ രാജമ്മയെക്കുറിച്ചറിഞ്ഞ പ്രിയങ്കാ ഗാന്ധി, തനിക്കും സഹോദരൻ രാഹുൽ ഗാന്ധിക്കും രാജമ്മയെ നേരിൽ കാണാനും സംസാരിക്കാനും ആഗ്രഹമുണ്ടെന്ന കാര്യം അന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ഇന്ന് രാഹുല്‍ ഗാന്ധി മാത്രമാണ് രാജമ്മയെ കണ്ടത്. കനത്ത മഴയിലും ആയിരകണക്കിന് പ്രവര്‍ത്തകരാണ് രാഹുലിനെ അഭിവാദ്യമാര്‍പ്പിക്കാന്‍ ഓരോ കേന്ദ്രങ്ങളിലും എത്തിയത്.
സ്വന്തം മണ്ഡലമായ അമേഠിയിൽ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടെങ്കിലും വയനാട്ടിൽ നാലേകാൽ ലക്ഷം വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് രാഹുൽ ഗാന്ധി വിജയിച്ചത്. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വയ്ക്കുമെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് രാഹുൽ ഗാന്ധി