കൊച്ചി: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് 30 വർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ. ചിറ്റൂരിലെ പന്നിവളർത്തൽ കേന്ദ്രത്തിൽ ജോലിക്ക് വന്ന നേപ്പാൾ സ്വദേശി മുപ്പത്തിരണ്ടുകാരനായ കമലിനെയാണ് എറണാകുളം സെഷൻസ് കോടതി ശിക്ഷിച്ചത്.
ഇയാൾ 2017 ജൂൺ മുതൽ മൂന്നു മാസം 14 വയസ്സുകാരിയായ മകളെ വാടക വീട്ടിൽ പീഡിപ്പിക്കുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം രണ്ടു വകുപ്പുകളിൽ 20 വർഷവും പോക്സോ നിയമ പ്രകാരം പത്തു വർഷവുമാണ് കുറ്റം കണ്ടെത്തിയത്.
ഓരോ വകുപ്പുകളുടെയും ശിക്ഷ പ്രത്യേകം അനുഭവിക്കണം. പിഴ സംഖ്യ ഇരയ്ക്ക് നൽകണം. സംരക്ഷണം നൽകേണ്ടയാൾ തന്നെ പീഡിപ്പിച്ചതിനാലും ക്രൂരത കാണിച്ചതിനാലും ശിക്ഷ വെവ്വേറെ അനുഭവിക്കണമെന്നു കോടതി ഉത്തരവിട്ടു. പിഴയൊടുക്കിയില്ലങ്കിൽ ഒന്നര വർഷം കൂടി തടവനുഭവിക്കണം. അഡീഷൺൽ സെഷൻസ് ജഡ്ജ് പി ജെ വിൻസെന്റ് ആണ് ശിക്ഷ വിധിച്ചത്. മാതാവിന്റെ പരാതിയിലാണ് പിതാവിനെതിരെ കേസെടുത്തത് .