കൊച്ചി: കുമ്പസാര രഹസ്യത്തിന്റെ മറവിൽ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിൽ പിടിയിലാകാനുള്ള ഓർത്തഡോക്സ് സഭയിലെ രണ്ട് വൈദികർക്കായി തിരച്ചിൽ ഊർജിതമാക്കി അന്വേഷണസംഘം. ഒന്നാംപ്രതി ഫാ. എബ്രഹാം വർഗീസ്, നാലാം പ്രതി ഫാ.ജെയ്സ് കെ.ജോർജ് എന്നിവരാണ് പിടിയിലാകാനുള്ളത്. ശക്തമായ സമ്മർദം മൂലം ഇവർ കീഴടങ്ങുമെന്ന പ്രതീക്ഷ ഇന്നലെ ഉച്ച വരെ അന്വേഷണസംഘത്തിനുണ്ടായിരുന്നു. ഇതിൻറെ ഭാഗമായി ഉദ്യോഗസ്ഥർ വ്യാപകമായി തിരച്ചിലും നടത്തിയിരുന്നു.

മുന്‍കൂര്‍ ജാമ്യം തേടി ഇരുവരും തിങ്കളാഴ്ച സുപ്രിം കോടതിയെ സമീപിക്കാനിരിക്കുകയാണ്. അതിന് മുമ്പായി ഇരുവരെയും അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനായി ഇരുവരുടെയും ബന്ധു വീടുകളിലടക്കം തിരച്ചില്‍ ഊര്‍ജിതമാക്കി. പ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കി നല്‍കുന്നവരെയും പ്രതിചേര്‍ത്തേക്കുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.

മൂന്നാംപ്രതി ജോണ്‍സണ്‍ വി മാത്യു ഇന്നലെയാണ് അറസ്റ്റിലായത്. ഉച്ചയ്ക്ക് രണ്ടോടുകൂടി പത്തനംതിട്ട കോഴഞ്ചേരിയിലെ ഒരു വീട്ടില്‍ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വകുപ്പാണ് വൈദികനെതിരെ ചുമത്തിയിരിക്കുന്നത്. കാറിനുള്ളില്‍ വച്ച് പരാതിക്കാരിയായ വീട്ടമ്മയോട് മോശമായി പെരുമാറുകയും അശ്ലീലസന്ദേശങ്ങള്‍ അയക്കുകയും ചെയ്തുവെന്നാണ് ജോണ്‍സണ്‍ വി മാത്യുവിനെതിരായ പരാതി.

കേസില്‍ കീഴടങ്ങാനുള്ള വൈദികര്‍ ഉടന്‍ കീഴടങ്ങണമെന്നും അല്ലാത്തപക്ഷം അറസ്റ്റുമായി മുന്നോട്ട് പോകുമെന്നുമാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്. വൈദികരുടെ അഭിഭാഷകര്‍ മുഖേനയാണ് അന്വേഷണ സംഘം മുന്നറിയിപ്പ് നല്‍കിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ