കൊച്ചി: കുന്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഒളിവില്‍ കഴിയുന്ന ഓര്‍ത്തഡോക്സ് സഭ വൈദികര്‍ക്ക് പൊലീസിന്റെ അന്ത്യശാസനം. ഇന്ന് കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അഭിഭാഷകര്‍ മുഖേന വൈദികര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഒന്നും നാലും പ്രതികള്‍ ഇന്ന് തന്നെ കീഴടങ്ങണമെന്നാണ് പൊലീസ് നിർദ്ദേശിച്ചത്. ഇവര്‍ ഒളിവില്‍ കഴിയുന്ന ഇടങ്ങളെ കുറിച്ച് പൊലീസിന് കൃത്യമായ വിവരം ലഭിച്ചതായാണ് വിവരം. വൈദികരെ സംരക്ഷിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

ഒന്നാം പ്രതി എബ്രഹാം വര്‍ഗീസ്, നാലാം പ്രതി ജെയ്സ് കെ.ജോര്‍ജ്ജ് എന്നിവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും. അതേസമയം ഇന്നലെ അറസ്റ്റിലായ ഫാദര്‍ ജോബ് മാത്യു ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതിയില്‍ ജാമ്യ ഹർജി ഫയല്‍ ചെയ്യും.

നേരത്തെ ജാമ്യം തേടിയ മൂന്ന് പ്രതികളുടെയും ഹർജി ഹൈക്കോടതി തള്ളിയിരുന്നു. കേസില്‍ മുന്നാം പ്രതിയായ ജോണ്‍സണ്‍ വി.സാമുവേലിന്റെ ഹർജിയില്‍ ഹൈക്കോടതി ഇതുവരെ തീര്‍പ്പ് കല്‍പിച്ചിട്ടില്ല. രണ്ടാം പ്രതി ഫാദര്‍ ജോബ് മാത്യു ഇന്നലെ കൊല്ലത്ത് അന്വേഷണ ഉദ്യോഗസ്ഥന് മുന്പാകെ കീഴടങ്ങിയിരുന്നു. നിലവില്‍ പത്തനംതിട്ട ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ് ഇദ്ദേഹം. ജാമ്യം ലഭിക്കുന്നതിന് ഇന്ന് അഭിഭാഷകന്‍ മുഖേന തിരുവല്ല മജിസ്ട്രേറ്റിന് ജോബ് മാത്യു അപേക്ഷ നല്‍കും. ഇയാളെ കസ്റ്റഡിയില്‍ വാങ്ങില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

അതേസമയം നിയമപരമായോ സാങ്കേതികമായോ തടസ്സങ്ങള്‍ ഇല്ലാത്തതിനാല്‍ വൈദികരുടെ അറസ്റ്റിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അറസ്റ്റ് നീക്കമുണ്ടായാല്‍ അതിന് മുന്പായി വൈദികര്‍ കീഴടങ്ങുന്നതിനുള്ള സാധ്യതയുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.