കൊച്ചി: പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ ജൂണ്‍ അഞ്ചിന് നേരിട്ട് ഹാജരാകണമെന്ന് നടന്‍ ഉണ്ണിമുകുന്ദനോട് കോടതി നിര്‍ദേശിച്ചു. കേസ് പരിഗണിക്കുന്ന എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് ഉത്തരവിട്ടത്. നേരത്തെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ കോടതി രണ്ട് സാക്ഷികളേയും വിസ്തരിച്ചിരുന്നു. പിന്നാലെ യുവതിക്കെതിരെ ഉണ്ണി മുകുന്ദനും പരാതി നല്‍കിയിരുന്നു.

ഇടപ്പള്ളിയിലെ വീട്ടിൽ സിനിമയുടെ കഥ പറയാൻ എത്തിയ തന്നെ ഉണ്ണി മുകുന്ദൻ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. എന്നാൽ തനിക്കെതിരെ വ്യാജ പരാതി ഉന്നയിച്ച് പണം തട്ടാനാണ് യുവതി ശ്രമിക്കുന്നതെന്നാണ് ഉണ്ണി മുകുന്ദന്റെ ആരോപണം. കേസില്‍ കുടുക്കാതിരിക്കാന്‍ 25 ക്ഷം രൂപ തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു നടന്റെ പരാതി.

കഴിഞ്ഞ ഓഗസ്റ്റ് 23ന് കോട്ടയം സ്വദേശിയായ യുവതി തിരക്കഥയുമായി തന്നെ സമീപിക്കുകയായിരുന്നു. കൊച്ചി ഇടപ്പള്ളിയിലുള്ള വാടകവീട്ടിലാണ് യുവതി വന്നത്. തിരക്കഥ അപൂര്‍ണമായിരുന്നു. അതുകൊണ്ടു തന്നെ താന്‍ നിരസിക്കുകയും ചെയ്തുവെന്നും ഉണ്ണി മുകുന്ദന്‍ പരാതിയില്‍ പറയുന്നു. കേസില്‍ ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.

2017 ഓഗസ്റ്റ് 23ന് നടന്നുവെന്ന് പറയുന്ന സംഭവത്തിൽ 2017 സെപ്റ്റംബർ 15നാണ് യുവതി പരാതി നൽകിയത്. പീഡനക്കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഉണ്ണി മുകുന്ദനെതിരെ യുവതി മറ്റൊരു പരാതി കൂടി നൽകിയത്. തന്റെ പേരു വിവരങ്ങളും ചിത്രങ്ങളും പുറത്തുവിട്ടെന്നായിരുന്നു യുവതിയുടെ രണ്ടാമത്തെ പരാതി. ഈ സംഭവത്തിലും ഉണ്ണി മുകുന്ദനെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ നടൻ യുവതിയെ ഭീഷണിപ്പെടുത്തുന്നതായും, നടന്റെ ജാമ്യം റദ്ദാക്കണമെന്നും പൊലീസ് സംരക്ഷണം നൽകണമെന്നും യുവതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ എല്ലാ പരാതിക്കാർക്കും പൊലീസ് സംരക്ഷണം നൽകുന്നത് അപ്രായോഗികമെന്ന് വിലയിരുത്തിയ കോടതി, സംഭവിച്ച കാര്യങ്ങൾ വിശദീകരിക്കാനായി ജനുവരി 27ന് നേരിട്ട് ഹാജരാകാൻ നിർദേശിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.