ആലപ്പുഴ: മാവേലിക്കര സ്വദേശിനിയായ യുവതിയുടെ പരാതിയിൽ ഓർത്തഡോക്സ് സഭയിലെ മറ്റൊരു വൈദികനെതിരെയും പൊലീസ് കേസെടുത്തു. കായംകുളം പൊലീസാണ് ഫാദർ ബിനു ജോർജിനെതിരെ കേസെടുത്തത്. കുടുംബ വഴക്ക് തീർക്കാൻ വേണ്ടി പളളിയിലേക്ക് വിളിപ്പിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
മാവേലിക്കര ഭദ്രാസന പരിധിയിലുള്ള ഓലകെട്ടി പള്ളിയിലെ വൈദികനായിരുന്നു ഫാദര്‍ ബിനു ജോര്‍ജ്. 2014ലായിരുന്നു സംഭവം. കുടുംബവഴക്ക് പരിഹരിക്കാനായി വിളിപ്പിച്ച ശേഷം പള്ളിയുടെ ഓഫീസില്‍ വച്ച് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. ഈ സംഭവത്തിന് ശേഷം യുവതി ഭർത്താവിനൊപ്പം ഓർത്തഡോക്സ് സഭ ഭദ്രാസനാധികൃതരെ കണ്ട് പരാതി നൽകിയിരുന്നു. വൈദികനെ റാന്നിയിലേക്ക് മാറ്റിയാണ് ഇതിന് സഭ പരിഹാരം കണ്ടത്.
പക്ഷെ ഇതിന് ശേഷവും ഫാദർ ബിനു ജോർജ് ശല്യപ്പെടുത്തിയതായി യുവതി പൊലീസിനോട് പറഞ്ഞു. യുവതിയുടെ ഫോണിലേക്ക് നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയും യുവതിക്കെതിരെ അപവാദ പ്രചാരണം നടത്തുകയും ചെയ്തെന്നാണ് പരാതി. യുവതിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കിയ ശേഷമാണ് കേസ് റജിസ്റ്റര്‍ ചെയ്തതെന്ന് കായംകുളം പൊലീസ് അറിയിച്ചു.